'ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ പഴി മുഴുവൻ നടന്റെ തോളിലാണ്'; മലൈക്കോട്ടൈ വാലിബന്റെ പരാജയത്തെക്കുറിച്ച് മോഹൻലാൽ

'ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ പഴി മുഴുവൻ നടന്റെ തോളിലാണ്'; മലൈക്കോട്ടൈ വാലിബന്റെ പരാജയത്തെക്കുറിച്ച് മോഹൻലാൽ
Published on

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രത്തിന് എന്നാൽ പ്രതീക്ഷിച്ച വിജയം തിയറ്ററുകളിൽ നിന്നും നേടാൻ സാധിച്ചില്ല. താൻ ഏറെ പ്രതീക്ഷയോടെ ചെയ്ത 'മലൈക്കോട്ടൈ വാലിബന്‍' എന്ന ചിത്രം വിജയിക്കാതെ പോയതിൽ തന്നെക്കാളേറെ വിഷമിച്ചത് തന്റെ പ്രേക്ഷകരും ആരാധകരും ആണെന്ന് മോഹൻലാൽ പറയുന്നു. ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ പഴി മുഴുവൻ ആ നടന്റെ തോളിലേക്കാണ് വരികയെന്നും പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുക എന്നത് തനിക്ക് വളരെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണെന്നും മോ​ഹൻലാൽ ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മോഹൻലാൽ പറഞ്ഞത്:

ഒരുപാട് കഥകൾ ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ പലപ്പോഴും പലരും കഥ പറയാൻ വരുമ്പോൾ ആ കഥകളിൽ ഞാൻ കാണുന്നത് മോഹൻലാലിനെ തന്നെയാണ്. അതിനെ തുടച്ചു മാറ്റണം. പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുക എന്നുള്ളത് എനിക്ക് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. വലിയ പ്രതീക്ഷകളോടെ ഞാൻ ചെയ്ത ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. വളരെ നല്ല സിനിമയായിരുന്നു അത്. പക്ഷേ അത് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. എന്നെക്കാൾ എന്റെ ആരാധകരും പ്രേക്ഷകരുമാണ് അന്ന് അതിൽ വിഷമിച്ചത്. ഒരു സിനിമ തെരഞ്ഞെടുക്കുമ്പോൾ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ മുഴുവൻ ഉത്തരവാ​ദിത്തവും ആഅഭിനേതാവിന്റെ ചുമലിലേക്കാണ് വരുന്നത്.

'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് മുമ്പ് ലിജോ ജോസ് പെല്ലിശ്ശേരിയും ​ഗലാട്ട പ്ലസിനോട് പ്രതികരിച്ചിരുന്നു. മലൈക്കോട്ടൈ വാലിബന്റെ പരാജയം സൃഷ്ടിച്ച നിരാശ മറികടക്കാൻ മൂന്നാഴ്ച്ചയോളം തനിക്ക് വേണ്ടി വന്നു എന്നാണ് ലിജോ അന്ന് പ്രതികരിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്:

കുട്ടിക്കാലം മുതൽ ഞാൻ സിനിമകളിൽ കണ്ടിട്ടുള്ള ​ഗംഭീര നിമിഷങ്ങൾ തിരിച്ചു കൊണ്ടു വരാനാണ് മലൈക്കോട്ടൈ വാലിബനിലൂടെ ‍ഞാൻ ശ്രമിച്ചത്. ബോളിവുഡ് സിനിമകളിലൊക്കെ നമ്മൾ കാണുന്നത് പോലെ, ബച്ചൻ സാറും രജനി സാറും ഒക്കെ സ്ക്രീനിലേക്ക് വരുന്നത് പോലെ ഒരു നിമിഷം സൃഷ്ടിക്കാനായിരുന്നു എന്റെ ശ്രമം. മലൈക്കോട്ടൈ വാലിബന്റെ പരാജയം നൽകിയ നിരാശ മൂന്നാഴ്ചയോളം മാത്രമേ നിലനിന്നുള്ളൂ. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് അവരുടെ ആവശ്യം നിറവേറ്റുകയല്ല സംവിധായകർ ചെയ്യേണ്ടത്. മറിച്ച് പ്രേക്ഷകർക്ക് എന്താണോ കാണണമെന്ന് അവർ വിചാരിക്കുന്നത് അതിനെ മാറ്റി മറിക്കുകയാണ് ചെയ്യേണ്ടത്. സംവിധായകർ പ്രേക്ഷകരുടെ ഇഷ്ടത്തിനൊത്ത് സിനിമ ചെയ്യണമോ അതോ പ്രേക്ഷകരുടെ ഇഷ്ടത്തെ മാറ്റി മറിക്കാൻ സാധിക്കുന്ന തരത്തിൽ പുതിയൊരു ആസ്വാദനതലം അവർക്ക് വാ​​ഗ്ദാനം നൽകുന്ന സിനിമ ചെയ്യണമോ എന്നത് എപ്പോഴും നിലനിൽക്കുന്നൊരു ചോദ്യമാണ്. രണ്ട് കാര്യങ്ങളും നമുക്ക് ചെയ്യാവുന്നതാണ്. എന്റേത് ഈ ശൈലിയാണ് എന്നു മാത്രം. സംവിധാനമെന്നാൽ സിനിമ നിർമിക്കുക എന്നതു മാത്രമല്ല. എന്തു കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാണ് അതെന്നാണ് എനിക്ക് തോന്നുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in