ഭാവനയെ ക്ഷണിച്ചത് ഞാന്‍, വിമര്‍ശിക്കുന്നവര്‍ക്ക് മാനസിക രോഗം: രഞ്ജിത്ത്

ഭാവനയെ ക്ഷണിച്ചത് ഞാന്‍, വിമര്‍ശിക്കുന്നവര്‍ക്ക് മാനസിക രോഗം: രഞ്ജിത്ത്

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ ക്ഷണിച്ചത് തന്റെ തീരുമാനമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. മുഖ്യമന്ത്രിയും ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. പിന്നീട് ചലച്ചിത്ര അക്കാദമിയിലെ സഹപ്രവര്‍ത്തകരുമായി ആലോചിച്ചാണ് ഭാവനയെ ചടങ്ങില്‍ ക്ഷണിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

'മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്‌നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെയില്ല. എന്റെ മനസിലെടുത്ത തീരുമാനമാണത്. സമൂഹമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറില്ല. അതൊരു മാനസിക രോഗമാണ്. അതുകാട്ടി എന്നെ ഭയപ്പെടുത്താന്‍ പറ്റില്ല. എന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമര്‍ശിക്കുന്നവരോടും ഒന്നും പറയാനില്ല. അത്തരം തറ വര്‍ത്തമാനങ്ങള്‍ എന്റെ അടുത്ത് ചിലവാകില്ല. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും. അതില്‍ സാംസ്‌കാരിക വകുപ്പിന്റെയും സര്‍ക്കാരിന്റെയും പിന്തുണയുണ്ട്', എന്നും രഞ്ജിത്ത് വ്യക്തമാക്കി.

ഇന്നലെയായിരുന്നു 26ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടന വേദിയില്‍ അതിഥിയായി ഭാവന എത്തിയപ്പോള്‍ ആരവങ്ങളോടും കയ്യടികളോടും കൂടിയായിരുന്നു സദസ് ഭാവനയെ സ്വാഗതം ചെയ്തത്.

അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. '' ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന, ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദ്രമായി ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു,'' എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in