ഞാൻ ലാലേട്ടന്റെ പെരിയ ഫാൻ, അദ്ദേഹത്തെ കണ്ടാൽ സ്വന്തം നാട്ടുകാരനെ കാണുന്ന ഫീൽ; റിഷബ് ഷെട്ടി

ഞാൻ ലാലേട്ടന്റെ പെരിയ ഫാൻ, അദ്ദേഹത്തെ കണ്ടാൽ സ്വന്തം നാട്ടുകാരനെ കാണുന്ന ഫീൽ;  റിഷബ് ഷെട്ടി
Published on

മോഹൻലാലിന്റെ വലിയ ആരാധകനാണ് താൻ എന്ന് നടൻ റിഷബ് ഷെട്ടി. മോഹൻലാലിന്റെ എല്ലാ സിനിമകളും താൻ കാണാറുണ്ടെന്നും ഒരു നാട്ടുകാരനെ കാണുന്ന ഫീൽ ആണ് അദ്ദേഹത്തിനെ കാണുമ്പോൾ തനിക്കുണ്ടാവാറുള്ളതെന്നും റിഷബ് ഷെട്ടി പറഞ്ഞു. മോഹൻ‌ലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും കാന്താര ചാപ്റ്റർ 1 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേ റിഷബ് ഷെട്ടി പറഞ്ഞു.

റിഷബ് ഷെട്ടി പറഞ്ഞത്:

ഞാൻ ലാലേട്ടന്റെ വലിയ ഫാൻ ആണ്. കന്നഡ സിനിമ മേഖലയിൽ എന്റെ എക്കാലത്തെയും ഇഷ്ട നടൻ ഡോ രാജ്കുമാർ സാറാണ്. മലയാളത്തിൽ ലാലേട്ടനെ കാണുമ്പോൾ നമുക്ക് നമ്മുടെ സ്വന്തം നാട്ടുകാരൻ എന്ന ഫീലാണ്. എന്റെ ഒരു മാമനെ കാണാൻ അദ്ദേഹത്തെ പോലെയാണ്. ആ ഒരു ഇമോഷണൽ ബന്ധവും അദ്ദേഹത്തോട് ഉണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ട്. അദ്ദേഹത്തിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ എനിക്കേറെ സന്തോഷമുണ്ട്. അതുകൊണ്ടാണ് പുരസ്കാര നേട്ടത്തെക്കുറിച്ച് അറിഞ്ഞയുടനേ എന്റെ സോഷ്യൽ മീഡിയ ടീമിനോട് പറഞ്ഞ് അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ട് പോസ്റ്റ് പങ്കുവച്ചത്. കൊല്ലൂർ മൂകാംബികയിൽ വെച്ച് ലാലേട്ടനെ ഒരിക്കൽ കണ്ടിരുന്നു. അന്ന് എടുത്ത ചിത്രമാണ് ഞാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാന്താര ചാപ്റ്റർ 1 ഒക്ടോബർ രണ്ടിന് തിയറ്ററുകളിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്. റിഷബ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. ചിത്രത്തിൽ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in