സഹനിര്‍മ്മാതാക്കളായി ഹൊംബാലെ, ഇന്ത്യയിലും വിദേശത്തും കൂറ്റന്‍ സെറ്റുകള്‍; റെക്കോര്‍ഡുകള്‍ തിരുത്താന്‍ മോഹന്‍ലാലും എമ്പുരാനും

സഹനിര്‍മ്മാതാക്കളായി ഹൊംബാലെ, ഇന്ത്യയിലും വിദേശത്തും കൂറ്റന്‍ സെറ്റുകള്‍; റെക്കോര്‍ഡുകള്‍ തിരുത്താന്‍ മോഹന്‍ലാലും എമ്പുരാനും

പ്രഖ്യാപന ഘട്ടം മുതല്‍ മലയാളത്തില്‍ ഏറ്റവുമധികം പ്രതീക്ഷ തീര്‍ത്ത പ്രൊജക്ടാണ് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍'. കൊവിഡ് പ്രതിസന്ധി മൂലം പല തവണയായി ചിത്രീകരണം നീട്ടി വച്ച എമ്പുരാന്‍ അടുത്തയാഴ്ച മുതല്‍ മധുരൈയില്‍ ചിത്രീകരണം തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യയിലെ വമ്പന്‍ നിര്‍മ്മാണ വിതരണ കമ്പനിയായ ഹൊംബാലെ ഫിലിംസുമായി സഹകരിച്ചാണ് ആശിര്‍വാദ് സിനിമാസ് ലൂസിഫറിന് രണ്ടാം ഭാഗമൊരുക്കുന്നത്. റഷ്യ,ഇറാഖ്,അബുദാബി,യു.കെ ഉള്‍പ്പെടെ ആറിലേറെ രാജ്യങ്ങളിലായാണ് എമ്പുരാന്‍ ചിത്രീകരിക്കുകയെന്നറിയുന്നു. മധുരൈ കൂടാതെ ഇന്ത്യയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ലൊക്കേഷനുണ്ട്.

'കെജിഎഫ്', 'കാന്താര' എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളൊരുക്കിയ കന്നഡ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് മലയാളത്തില്‍ സഹനിര്‍മ്മാതാക്കളായി എത്തുന്ന ആദ്യ സിനിമയാണ് 'എമ്പുരാന്‍'. എമ്പുരാന് ശേഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ടൈസന്‍ നിര്‍മ്മിക്കുന്നതും ഹൊംബാലെ ആണ്.

കേരള രാഷ്ട്രീയത്തിലെ പ്രബലനായ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നേതാവ് രാജ്യാന്തര വേരുകളുള്ള ഖുറേഷി അബ്രാം എന്ന അധോലോക നായകനാണെന്ന് സൂചനകള്‍ നല്‍കുന്നിടത്താണ് മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' അവസാനിപ്പിച്ചത്. ഖുറേഷി അബ്രാമിനെ കേന്ദ്രീകരിച്ചാണ് 'എമ്പുരാന്‍' കഥ പറയുക. ലൂസിഫറില്‍ അബ്രാമിന്റെ സഹായിയും സഹയാത്രികനുമായ സയീദ് മസൂദിനെ അവതരിപ്പിച്ച പൃഥ്വിരാജ് കാമിയോ റോളില്‍ നിന്ന് ഇതേ കഥാപാത്രമായി മുഴുനീളമെത്തുന്ന സിനിമ കൂടിയാണ് എമ്പുരാന്‍. മുരളി ഗോപിയുടേതാണ് തിരക്കഥ. സുജിത് വാസുദേവാണ് ക്യാമറ. മോഹന്‍ദാസ് പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിക്കും. മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവരും കഥാപാത്രങ്ങളായെത്തും.

2019 മാര്‍ച്ച് 19നാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച 'ലൂസിഫര്‍' തിയറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന സിനിമയായി മാറി.

'എമ്പുരാന്‍' വലിയ കാന്‍വാസിലാണ് ചിത്രീകരിക്കാന്‍ പോകുന്നതെന്നും അതൊരു മലയാള സിനിമയായിട്ടെ കണക്കാക്കാന്‍ പറ്റില്ലെന്നുമാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബന്‍' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ എമ്പുരാനില്‍ ജോയിന്‍ ചെയ്യുന്നത്. രണ്ട് ഭാഗങ്ങളിലായി പൂര്‍ത്തിയാകുന്ന ജീത്തു ജോസഫിന്റെ ബിഗ് ബജറ്റ് ചിത്രം 'റാം' ആണ് മോഹന്‍ലാലിന്റേതായി ഇനി പൂര്‍ത്തിയാകാനിരിക്കുന്ന മറ്റൊരു പ്രൊജക്ട്.

എമ്പുരാനെക്കുറിച്ച് മുരളി ഗോപി മുമ്പ് പറഞ്ഞത്

എമ്പുരാന്റെ ഫോം വളരെ നേരത്തെ തന്നെ പൂര്‍ണ്ണമായും തീരുമാനിച്ചിട്ടുള്ളതാണ്. 'ലൂസിഫര്‍' എഴുതാന്‍ തുടങ്ങിയപ്പോള്‍ അത് മൂന്ന് ഭാഗമുള്ള സിനിമയായാണ് ആലോചിച്ചത്. അന്നുതന്നെ കൃത്യമായ രൂപമുണ്ടായിരുന്നു. എഴുതിയില്ലെന്ന് മാത്രം. ആ രൂപം തന്നെയാണ് എഴുതുന്നതും. അതീവ ഗൗരവമുള്ളൊരു വിഷയമാണ് ലൂസിഫറില്‍ പറഞ്ഞത്. എമ്പുരാനും യൂണിവേഴ്സലായുള്ള പ്രശ്നം കൈകാര്യം ചെയ്യുന്ന അത്തരമൊരു ലോകത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാകും.'

എമ്പുരാനെ.. എന്ന തീം സോംഗില്‍ നിന്ന് രണ്ടാം ഭാഗം

'ലൂസിഫര്‍' എന്ന സിനിമയില്‍ ആരാണ് സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന് വെളിപ്പെടുത്തിയതിന് ശേഷമുള്ള ടെയില്‍ എന്‍ഡ് സോംഗ് എമ്പുരാനേ... എന്ന് തുടങ്ങുന്നത് ആയിരുന്നു. ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ രചനയിലായിരുന്നു ഈ ഗാനം. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരന്‍ അബ്രാം ഖുറേഷിയെന്ന, റഷ്യയില്‍ വേരുകള്‍ ഉള്ള ഡോണ്‍ ആണെന്ന് വെളിപ്പെടുത്തുന്ന ഗാനം. നായകനെ വിശേഷിപ്പിക്കുന്ന ഈ വരികളില്‍ നിന്നാണ് 'ലൂസിഫര്‍' സീക്വലിന്റെ പേരിന്റെ പിറവി. 'എമ്പുരാന്‍' എന്ന പേര് മുരളിയില്‍ നിന്ന് വന്നതാണെന്ന് പൃഥ്വിരാജ് സുകുമാരന്‍ നേരത്തെ പറഞ്ഞിരുന്നു. തമ്പുരാനും ദൈവത്തിനും ഇടയിലുള്ള ആള്‍ എന്നാണ് എമ്പുരാന്‍ എന്ന വാക്കിന് പൃഥ്വി നല്‍കിയ നിര്‍വചനം. ലൂസിഫര്‍ എന്ന സിനിമയുടെ കഥാതുടര്‍ച്ച മാത്രമായിരിക്കില്ല എമ്പുരാന്‍ എന്നാണ് പൃഥ്വിരാജ് സിനിമയുടെ പ്രഖ്യാപന ഘട്ടത്തില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ കണ്ടതും അറിഞ്ഞതുമായ കഥയുടെ മുന്‍പ് നടന്ന കഥയും ഇപ്പോള്‍ കണ്ട കഥയുടെ തുടര്‍ച്ചയുമായിരിക്കും രണ്ടാം ഭാഗമെന്നും പൃഥ്വിരാജ് സുകുമാരന്‍. ചുരുക്കത്തില്‍ പ്രീക്വലും സീക്വലും ഉള്‍ക്കൊള്ളിച്ച മെഗാ പ്രൊജക്ടായാണ് ആരാധകരും പ്രേക്ഷകരും സിനിമ കാത്തിരിക്കുന്നത്.

മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രമായാണ് എമ്പുരാന്‍ ഒരുങ്ങുന്നതെന്നറിയുന്നു. സന്ദീപ് സേനന്റെ നിര്‍മ്മാണത്തില്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയാണ് പൃഥ്വിയുടെ അടുത്ത മലയാള ചിത്രം. ആറ് മാസത്തോളം ഇടവേളയെടുത്താണ് പൃഥ്വിരാജ് മൂന്നാമത്തെ സംവിധാന സംരംഭം പൂര്‍ത്തിയാക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in