'മോഹന്‍ലാലിനും പൃഥ്വിരാജിനും വിപരീത ബുദ്ധി': ഫിയോക് പ്രസിഡന്റ്

'മോഹന്‍ലാലിനും പൃഥ്വിരാജിനും വിപരീത ബുദ്ധി': ഫിയോക് പ്രസിഡന്റ്

തുടര്‍ച്ചയായി മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെ വിമര്‍ശിച്ച് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. 'വിനാശകാലേ വിപരീത ബുദ്ധി' എന്നാണ് വിജയകുമാര്‍ താരങ്ങളുടെ ഒടിടി റിലീസിനെ കുറിച്ച് പറഞ്ഞത്. ഒടിടി റിലീസുകളോടെ പൃഥ്വിരാജിന് നിലവിലുണ്ടായിരുന്ന മാര്‍ക്കറ്റ് ഇടിഞ്ഞുവെന്നും വിജയകുമാര്‍ ദ ക്യുവിനോട് പ്രതികരിച്ചു.

ഒടിടി ഒരു താത്കാലിക പ്രതിഭാസമാണ്. സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നത് തിയേറ്ററിന് ഒരിക്കലും പ്രതിസന്ധിയല്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി.

ഒടിടി താത്കാലിക പ്രതിഭാസം

'ഒടിടിയിലേക്ക് സിനിമ റിലീസ് ചെയ്യുന്നത് വലിയ പ്രതിസന്ധിയായി നമുക്ക് തോന്നുന്നില്ല. അതൊരു താത്കാലിക സംവിധാനമാണ്. ഒടിടികൊണ്ട് ഒരു താരങ്ങള്‍ക്കും നിലനില്‍ക്കാന്‍ സാധിക്കില്ല. രണ്ട് വര്‍ഷം സ്ഥിരമായി ഇവരുടെ മുഖം തിയേറ്ററില്‍ വരാതിരുന്നാല്‍ ഏത് പ്രേക്ഷകരുടെ മനസില്‍ കാണും ഇവരുടെ രൂപം. ആര് ഓര്‍ത്ത് വെക്കും അവരെ. ഒടിടിയില്‍ ഒരിക്കലും താരങ്ങള്‍ ഉണ്ടാവുന്നില്ല. താരങ്ങള്‍ ഉണ്ടാവുന്നത് തിയേറ്ററിലൂടെയാണ്. അതുകൊണ്ട് തന്നെ ഒടിടിയെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. ഒരു താരങ്ങളും സ്ഥിരമായി ഒടിടിയിലേക്ക് പോകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഇതൊക്കെയൊരു താത്കാലിക പ്രതിഭാസമാണ്. അവര്‍ക്ക് കുറച്ച് വ്യൂവേഴ്സിന്റെ എണ്ണം കൂട്ടാന്‍ വേണ്ടിയാണ് ഇതെല്ലാം. ചില സാധനങ്ങള്‍ നമുക്ക് വേണമെന്ന് തോന്നി കഴിഞ്ഞാല്‍ അത് മോഹവില കൊടുത്ത് നമ്മള്‍ വാങ്ങിക്കാറില്ലേ അതുപോലെ ഒന്നോ രണ്ടോ കണ്ടന്റ് അവര്‍ മോഹവില കൊടുത്ത് വാങ്ങിച്ചെന്നിരിക്കും. അത് കണ്ടും കേട്ടും ആരും അഹങ്കരിക്കണ്ട. കാരണം ഇവരെല്ലാം ഇനി താനേ തിയേറ്ററില്‍ വരും. തിയേറ്റര്‍ ഇല്ലാതെ താരങ്ങള്‍ക്ക് നിലനില്‍പ്പില്ല.

മരക്കാര്‍ വെച്ച് ആന്റണി വിലപേശുകയാണ്

ഏകദേശം 600 തിയേറ്ററുകളിലാണ് മരക്കാര്‍ റിലീസ് ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നത്. അതിന്റെ എഗ്രീമെന്റ് സൈനിങ്ങ് പിരേഡ് കൊണ്ട് അത് അവസാന ഘട്ടത്തിലേക്ക് വന്നില്ല. അതിന് മുന്‍പ് തന്നെ കൊവിഡ് കാരണം തിയേറ്ററില്‍ കളിക്കാന്‍ പറ്റില്ലെന്ന ധാരണ പരന്നു. അതുകൊണ്ടാണ് തിയേറ്റര്‍ ഉടമകള്‍ സിനിമ വേടിക്കാതിരുന്നതും അവര്‍ കൊടുക്കാതിരുന്നതും. അല്ലാതെ മനപ്പൂര്‍വ്വം തിയറ്ററിന്റെ എണ്ണത്തില്‍ കുറവ് വന്നതല്ല. അന്നത്തെ സാഹചര്യത്തില്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ട് നമ്മള്‍ എഗ്രിമെന്റ് കൊടുത്തതുമില്ല ഞങ്ങള്‍ വേടിച്ചതുമില്ല.

മരക്കാര്‍ ഒടിടി റിലീസ് പ്ലാന്‍ ചെയ്തിട്ട് ഒരുപാട് കാലമായി. ഇന്ന് ഒന്നും തീരുമാനിച്ചതല്ല മരക്കാറിന്റെ ഒടിടി റിലീസ്. രണ്ട് മൂന്ന് മാസമായി മരക്കാര്‍ ഒടിടിയിലേക്ക് എന്ന വാര്‍ത്തകള്‍ വരുന്നു. ആന്റണി പെരുമ്പാവൂര്‍ അന്ന് മുതലെ മരക്കാര്‍ എന്ന ഒരു സിനിമ വെച്ച് തിയേറ്ററുകാരോടും ഒടിടി പ്ലാറ്റ്ഫോമിനോടും വിലപേശിക്കൊണ്ടിരിക്കുകയാണ്. കാരണം അദ്ദേഹം മോഹന്‍ലാലിന്റെ മുന്ന് ചെറിയ സിനിമ എടുത്ത് കൈയ്യില്‍ വെച്ചിട്ടുണ്ട്. അതിനെല്ലാം മാക്സിമം വില കിട്ടുന്നതിനായി ഒടിടിക്കാരോട് മരക്കാര്‍ തരാമെന്ന് പറഞ്ഞ് വിലപേശി. അതുപോലെ തിയേറ്റര്‍ ഉടമകളുടെ നാലരക്കോടിയോളം രൂപ കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. ഞങ്ങളെയും മരക്കാര്‍ തരാം എന്ന് പറഞ്ഞ് രണ്ട് വര്‍ഷം പിടിച്ച് നിര്‍ത്തി. പക്ഷെ ഇതുകൊണ്ടൊന്നും തിയറ്ററിന് ഒരു പ്രതിസന്ധിയും ഉണ്ടാവില്ല.

ദുല്‍ഖറിന്റെ കുറുപ്പ് ആഘോഷത്തോടെ തിയറ്ററില്‍ കളിക്കും

തിയേറ്ററിലേക്ക് വരുന്ന സിനിമകളെ ഞങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കും. അവര്‍ക്ക് വേണ്ട സഹായങ്ങളും ചെയ്യും. ഞങ്ങളുമായി വളരെ സഹകരിച്ച് നില്‍ക്കുന്ന സിനിമയാണ് ദുല്‍ഖറിന്റെ കുറുപ്പ്. നവംബര്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അത് ഒടിടിയിലേക്ക് പോയ ഒരു സിനിമയാണ്. ഞങ്ങളുടെ അപേക്ഷ പ്രമാണിച്ചാണ് അവര്‍ തിരിച്ച് തിയേറ്ററിലേക്ക് കൊണ്ട് വന്നത്. അത് പരമാവധി തിയേറ്ററില്‍ റിലീസ് ചെയ്ത് ആഘോഷത്തോടെയാണ് കുറുപ്പ് കളിക്കാന്‍ പോകുന്നത്.

ഒടിടിയില്‍ പോയതോടെ പൃഥ്വിരാജിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞു

പൃഥ്വിരാജിന്റെ കാര്യം നോക്കിയാല്‍ മൂന്ന് സിനിമ ഒടിടിയില്‍ റിലീസ് ചെയ്തതോടെ അദ്ദേഹത്തിന്റെ ഗ്രെയ്ഡ് 50 ശതമാനം താണു എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കൊവിഡിന് മുമ്പ് പൃഥ്വിരാജിന്റെ സിനിമകള്‍ തിയേറ്ററില്‍ കളിച്ച് കൊണ്ടിരുന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് 50 ശതമാനം താഴേക്ക് പോയി. പ്രേക്ഷകര്‍ക്ക് വേണ്ടാത്ത മൂന്ന് സിനിമകള്‍ ഒടിടിയിലേക്ക് പോയതോടെയാണ് മാര്‍ക്ക്റ്റ് ഇടിഞ്ഞത്. അതുപോലെ മോഹന്‍ലാലിന്റെ ഒടിടിയിലേക്ക് പോകുന്ന മൂന്ന് സിനിമകളും പ്രേക്ഷകര്‍ക്ക് വേണ്ടാത്തതായിരിക്കും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതോട് കൂടെ ഒടിടിക്കാര്‍ക്കും മടുക്കും. കാരണം അവരെ കബിളിപ്പിക്കുകയാണെന്ന് അവര്‍ക്ക് മനസിലാവും.

മരക്കാറിന്റെ ബജറ്റ് 60 കോടിയാണെന്നാണ് വിശ്വാസം

മുടക്കുമുതലിന്റെ കാര്യം സിനിമയുടെ നിര്‍മ്മാതാവ് പറയുന്നതല്ലേ. മരക്കാര്‍ ചിത്രീകരണ സമയത്ത് പറഞ്ഞത് 50 കോടി മുടക്കുമുതല്‍ എന്നാണ്. പിന്നെ പറഞ്ഞു 60 കോടിയെന്ന്. ഓരോ മൂന്ന് മാസം കഴിയുമ്പോഴും പത്ത് കോടി വീതം കൂടിയാണ് ഇപ്പോഴത്തെ നൂറ് കോടിയില്‍ എത്തിയത്. ഒരു അന്‍പതോ അറുപതോ കോടിയില്‍ തീര്‍ന്ന സിനിമയാണ് മരക്കാര്‍ എന്നാണ് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. ഈ നൂറ് കോടിയാണെങ്കിലും 200 കോടിയാണെങ്കിലും എല്ലാം ലഭിച്ചത് മലയാളി പ്രേക്ഷകരില്‍ നിന്നും സിനിമ തിയേറ്ററില്‍ നിന്നുമാണല്ലോ. സിനിമ തിയേറ്ററുകള്‍ സജീവമാകുന്നതിനും പ്രേക്ഷകര്‍ തിയേറ്ററിലേക്ക് തിരിച്ച് വരുന്നതിനും വേണ്ടി ലാഭവും നഷ്ടവും നോക്കാതെ ഒരു സിനിമ തിയേറ്ററിലേക്ക് തന്നാല്‍ അവര്‍ക്കൊന്നും നഷ്ടപ്പെടാനില്ലെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.

മൂന്ന് ഒടിടി റിലീസോട് കൂടി മോഹന്‍ലാലിന്റെ ഗ്രെയ്ഡ് 50 ശതമാനമാകും

അങ്ങനെ എല്ലാ വലിയ താരങ്ങളുടെ സിനിമകളും ഒടിടിയിലേക്ക് പോകുമെന്ന ഭയമൊന്നും ഇല്ല. മോഹന്‍ലാലിനും പൃഥ്വിരാജിനും ഇപ്പോള്‍ തോന്നിയിരിക്കുന്നത്് വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയുന്നത് പോലെയാണ്. കാരണം മൂന്ന് സിനിമകളിലൂടെ പൃഥ്വിരാജിന്റെ ഗ്രേഡ് താഴ്ന്നു പോയി. ഇനിയും ഈ നിലയിലുള്ള സിനിമകള്‍ തുടര്‍ച്ചയായി ഒടിടിയില്‍ വന്നാല്‍ പൃഥ്വിരാജിന്റെ സ്ഥാനം എവിടെയായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ. അതുപോലെ തന്നെ ഞങ്ങള്‍ക്ക് നൂറ് ശതമാനം ഉറപ്പാണ് മോഹന്‍ലാലിന്റെ റിലീസ് ചെയ്യാനിരിക്കുന്ന മൂന്ന് സിനിമകള്‍ ഒടിടിയില്‍ വരുന്നതോട് കൂടി അദ്ദേഹത്തിന്റെ ഗ്രെയ്ഡില്‍ 50 ശതമാനമെങ്കിലും മിനിമം കുറവ് ഉണ്ടാവും. കാരണം അത്തരം സിനിമകള്‍ ആയിരിക്കും ഒടിടിയില്‍ റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in