
അർദ്ധരാത്രി പുറത്തു വന്ന എമ്പുരാൻ ട്രെയ്ലർ സോഷ്യൽ മീഡിയയെ ഒന്നാകെ ഇളക്കി മറിച്ചിരിക്കുകയാണ്. ട്രെയ്ലർ 'ഡി കോഡിംഗും' ഡയലോഗുകളും ഒരോ ഷോട്ടുകളുമടക്കം ആരാധകർക്കിടെയിൽ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അടുത്ത കാലത്തൊന്നും ഒരു മലയാള സിനിമയ്ക്കും അവകാശപ്പെടാനാവാത്ത വിധം ഹൈപ്പും പ്രതീക്ഷയുമാണ് മോഹൻലാലിന്റെ എമ്പുരാന് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും തിയറ്ററിലെത്തുന്ന ചിത്രങ്ങൾ ബഡ്ജറ്റിന്റെ നാലിലൊന്ന് പോലും കളക്ഷൻ നേടുന്നില്ലെന്നും ഒടിടിയിൽ മലയാള സിനിമയ്ക്ക് മാർകറ്റില്ലെന്നും തുടങ്ങി നിലനിൽക്കുന്ന എല്ലാ ആകുലതകൾക്കും മുകളിലാണ് മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി എമ്പുരാൻ തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. ആരാധകരുടെ പ്രതീക്ഷകൾക്കും ആവേശത്തിനും അപ്പുറം തിയറ്ററുടമകൾക്ക് എമ്പുരാനിലെ പ്രതീക്ഷയെന്താണ്?. ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിട്ടും 2024 ലെ ഏറ്റവും വലിയ ഓപ്പണിംഗ് ഡേ കളക്ഷൻ നേടാൻ മലൈക്കോട്ടൈ വാലിബന് കഴിഞ്ഞിട്ടുണ്ടെങ്കിൽ എമ്പുരാൻ ഓപ്പണിംഗ് കളക്ഷൻ എത്ര നേടും?. മലയാള സിനിമയുടെ എക്കാലത്തെയും വലിയ റെക്കോർഡ് എന്ന തരത്തിലേക്ക് എമ്പുരാൻ മാറും എന്നാണ് തിയറ്ററുകളുടെ വിശ്വാസം. മാർച്ച് 27 ന് പുറത്തിറങ്ങുന്ന എമ്പുരാന് ഒരൊറ്റ തമിഴ് സിനിമ മാത്രമാണ് ക്ലാഷ് റിലീസ്. മറ്റ് ഭാഷകളിലൊന്നും റിലീസുകളില്ലാതെ സോളോ റിലീസ് ആയി തിയറ്ററുകളിലെത്തുന്ന എമ്പുരാൻ വിഷുവും കടന്ന് തിയറ്ററിൽ നിറഞ്ഞോടുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് തിയറ്ററുടമകളായ വിജയകുമാർ, സുരേഷ് ഷേണോയി, ലിബർട്ടി ബഷീർ തുടങ്ങിയവർ ക്യു സ്റ്റുഡിയോയോട് പറയുന്നു
ഇന്ത്യയൊട്ടാകെ ഒരൊറ്റ ക്ലാഷ് റിലീസ് മാത്രം, തിയറ്ററുകൾ പിടിച്ചടക്കാൻ എമ്പുരാൻ
തിയറ്ററുകൾ മുഴുവനും വലിയ പ്രതീക്ഷയോടെയാണ് എമ്പുരാന്റെ റിലീസിനായി തയ്യാറെടുത്തിരിക്കുന്നതെന്നാണ് തിയറ്ററുടമകൾ പറയുന്നത്.
സിനിമയിലുള്ളവർക്കും പ്രേക്ഷകർക്കും എല്ലാം എമ്പുരാനിൽ വലിയ പ്രതീക്ഷയുണ്ട്. എമ്പുരാൻ റിലീസ് ചെയ്യുന്ന ദിവസം മറ്റൊരു സിനിമയും എവിടെയും റിലീസ് ഇല്ല. വീര ധീര സൂരൻ എന്ന വിക്രമിന്റെ തമിഴ് സിനിമ മാത്രമാണ് ക്ലാഷ് റിലീസ്. പിന്നെ വരുന്നത് സൽമാൻ ഖാന്റെ സിക്കന്ദർ എന്ന പടമാണ്. അത് മൂന്ന് ദിവസം കഴിഞ്ഞാണ് റിലീസ്. അതുകൊണ്ട് തന്നെ ഏകദേശം ഒരു സോളോ റിലീസ് എന്ന തരത്തിലാണ് എമ്പുരാൻ റിലീസിനെത്തുന്നതെന്ന് ഷേണോയിസ് തിയറ്ററുടമ സുരേഷ് ഷേണോയി പറയുന്നു. തെലുങ്കിലോ കന്നടയിലോ മറ്റു സിനിമൾ റിലീസുകൾ ഇല്ല. തമിഴ് മാത്രമേ നമുക്ക് ക്ലാഷ് വരുന്നുള്ളൂ, അതുകൊണ്ടു തന്നെ ഒരു പാൻ ഇന്ത്യൻ തലത്തിൽ ചിത്രത്തിന് അറ്റൻഷൻ കിട്ടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഒപ്പം 98 ശതമാനം വരുന്ന സ്ക്രീനുകളും എമ്പുരാന് കിട്ടാനും സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളുടെ കാര്യം കൂടി ഉൾപ്പെടുത്തിയാണ് ഞാൻ ഇത് പറയുന്നത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബ്ഡ് വേർഷനും തിയറ്ററുകൾ ലഭിക്കും. സുരേഷ് ഷേണോയ് പറഞ്ഞു.
റെക്കോർഡ് തകർക്കുമോ ?
ഇപ്പോഴത്തെ തിയറ്റർ കൗണ്ട് വെച്ച് നോക്കിയാൽ വലിയൊരു റെക്കോർഡ് തന്നെ എമ്പുരാൻ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷയെന്ന് സുരേഷ് ഷേണോയ് പറയുന്നു. തിയറ്റർ കൗണ്ട് മാക്സിമം വരുന്ന സിനിമയാണ് എമ്പുരാൻ. അതുകൊണ്ട് തന്നെ ഓൾ ഇന്ത്യ എടുത്തു കഴിഞ്ഞാൽ KGF പോലെയുള്ള സിനിമയുമായി കമ്പയർ ചെയ്യാവുന്ന തരത്തിലേക്ക് ചിത്രം മാറും. ലിയോയുടെ കേരളത്തിലെ ഓപ്പണിംഗ് കളക്ഷനെ വെല്ലുവിളിക്കാൻ പോന്നത്ര കളക്ഷൻ നമുക്കുണ്ടാവും. ട്രെയ്ലർ റിലീസിന് പോലും വലിയ അഭിപ്രായം ആണ് കിട്ടുന്നത്. തീർച്ചയായും തിയറ്ററുകളിൽവിഷുവും കടന്ന് എമ്പുരാൻ തുടരും. ചില തിയറ്ററുകളിൽ വിഷുവും കവർ ചെയ്ത് പോകും. സുരേഷ് ഷേണോയ് പറഞ്ഞു.
2024 ലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനായ മലൈക്കോട്ടൈ വാലിബന്റെ കളക്ഷനിലും ഇരട്ടി കളക്ഷൻ ഫസ്റ്റ് ഡേ എമ്പുരാൻ നേടുമെന്നാണ് പ്രതീക്ഷ
ഫിയോക്ക് പ്രസിഡന്റും തിയറ്ററുടമയുമായ വിജയകുമാർ
ഈ വർഷത്തെ ആകെ പ്രതീക്ഷയുള്ള സിനിമയാണ് എമ്പുരാൻ. സംസ്ഥാനത്ത് പല തിയറ്ററുകളും സിനിമ ഇല്ലാത്തതിനാൽ പൂട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഈ ഒരു പടത്തിന്റ പ്രതീക്ഷയിലാണ് തിയറ്ററുകൾ നിൽക്കുന്നത്. വളരെ ആകാംഷയുണ്ട്. വലിയ വിജയമാകട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഫസ്റ്റ് ഡേ കളക്ഷൻ തന്നെ ചുരുങ്ങിയത് ഒരു 15 കോടി വരും. മലയാളം ഇൻഡസ്ട്രിയുടെ എല്ലാ പടത്തിന്റെയും റെക്കോർഡുകൾ എമ്പുരാൻ ബ്രേക്ക് ചെയ്യും എന്ന് തന്നെയാണ് പ്രതീക്ഷ തിയറ്ററുടമ ലിബർട്ടി ബഷീർ കൂട്ടിച്ചേർത്തു.
മലയാള സിനിമയുടെ പ്രതിസന്ധിക്ക് ആശ്വാസമാകുമോ എമ്പുരാൻ?
നിർമാതാക്കളുടെ സംഘടന മാസം തോറും പുറത്തു വിടുന്ന മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡിൽ നഷ്ടത്തിന്റെ ആക്കം കുറയ്ക്കാൻ എമ്പുരാന് കഴിയും എന്നാണ് വിജയകുമാറിന്റെ അഭിപ്രായം. ഒരു സിനിമ ലാഭത്തിലേക്ക് പോകുമ്പോൾ തീർച്ചയായിട്ടും മറ്റ് പ്രൊഡ്യൂസേഴ്സും ടെക്നീഷ്യൻസും അതിൽ ആകൃഷ്ടരാവും. ഈ നഷ്ട കണക്കുകൾക്ക് ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇൻഡസ്ട്രി ആകെ പ്രതീക്ഷയോടെയാണ് എമ്പുരാനെ നോക്കുന്നത്. വിജയകുമാർ പറഞ്ഞു.
എന്നാൽ എമ്പുരാന്റെ വിജയം മലയാള സിനിമയ്ക്ക് ഒരു ഇന്ധനം നൽകുമെങ്കിലും നിലനിൽക്കുന്ന പ്രതിസന്ധിയെ പരിഹരിക്കാൻ എമ്പുരാന് സാധിക്കില്ലെന്നാണ് സുരേഷ് ഷേണോയുടെ അഭിപ്രായം. എമ്പുരാൻ ഒരു ബിഗ് ബഡ്ജറ്റ് പടമാണ് അത് തീർച്ചയായിട്ടും അത് ഹിറ്റ് ആകും. അത് എമ്പുരാന്റെ കഥയാണ്. അതുകൊണ്ട് ബാക്കിയുള്ള പടങ്ങൾ ഹിറ്റ് ആകണം എന്നില്ല. എമ്പുരാൻ മലയാള സിനിമയ്ക്ക് ഒരു അച്ചീവ്മെന്റ് ആയിരിക്കും. പക്ഷേ കഥയില്ലാത്ത സിനിമകൾ ഇവിടെ ഇറങ്ങി പരാജയപ്പെടാൽ അതിൽ കാര്യമില്ല. 180 അടുത്ത് പടങ്ങൾ ഇവിടെ ഒരു കൊല്ലം ഇറങ്ങുന്നുണ്ട്. ക്വാണ്ടിറ്റിയുണ്ട്. ക്വാളിറ്റി വേണം. അതുണ്ടെങ്കിൽ മാത്രമേ സിനിമ വിജയിക്കുള്ളൂ. വെൽ പ്ലാന്റ് വെൽ എക്സിക്യൂട്ടഡ് സിനിമയാണ് എമ്പുരാൻ. അതിന് കിട്ടുന്ന റെസ്പോൺസ് ബാക്കിയുള്ള പടങ്ങൾക്ക് കിട്ടണം എന്നില്ല സുരേഷ് ഷേണോയ് കൂട്ടിച്ചേർത്തു.