ഖുറേഷി അബ്രാം ഇനി ആരെന്ന് അറിയും, പവർ പ്ലേയുടെ ഒരു പുതിയ തലവുമായി 'എമ്പുരാൻ' ഫസ്റ്റ് ലുക്ക്

ഖുറേഷി അബ്രാം ഇനി ആരെന്ന് അറിയും, പവർ പ്ലേയുടെ ഒരു പുതിയ തലവുമായി 'എമ്പുരാൻ' ഫസ്റ്റ് ലുക്ക്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'എമ്പുരാന്റെ' ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. പ്രഖ്യാപന ഘട്ടം മുതല്‍ മലയാളത്തില്‍ ഏറ്റവുമധികം പ്രതീക്ഷ തീര്‍ത്ത സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ'. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. ചിത്രം നിർമിക്കുന്നത് ലൂസിഫറിന്റെ നിർമാതാക്കളായ ആശിർവാദ് സിനിമാസിനൊപ്പം പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ ലെെക്ക പ്രൊഡക്ഷൻസും ചേർന്നാണ്. ലെെക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ.

എന്റെ മൂന്നാമത്തെ സംവിധാന ചിത്രവും, ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗവും എന്ന തലക്കെട്ടോടെയാണ് 'എമ്പുരാന്റെ' ഫസ്റ്റ് ലുക്ക് പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ റിലീസിനെത്തും. കേരള രാഷ്ട്രീയത്തിലെ പ്രബലനായ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന നേതാവ് രാജ്യാന്തര വേരുകളുള്ള ഖുറേഷി അബ്രാം എന്ന അധോലോക നായകനാണെന്ന് സൂചനകള്‍ നല്‍കുന്നിടത്താണ് 'ലൂസിഫര്‍' അവസാനിച്ചത്. ഖുറേഷി അബ്രാം ആരാണ് എന്ന പ്രേക്ഷകരുടെ ആകാംഷയ്ക്കുള്ള ഉത്തരമായിരിക്കും എമ്പുരാൻ എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. തീയും പുകയും നിറയുന്ന അന്തരീക്ഷത്തിൽ കയ്യിൽ തോക്കുമേന്തി പുറം തിരിഞ്ഞ് നിൽക്കുന്ന മോഹൻലാലിനെയാണ് ഫസ്റ്റ് ലുക്കിൽ കാണാൻ കഴിയുക.

'എമ്പുരാന്‍' വലിയ കാന്‍വാസിലാണ് ചിത്രീകരിക്കാന്‍ പോകുന്നതെന്നും അതൊരു മലയാള സിനിമയായിട്ടേ കണക്കാക്കാന്‍ പറ്റില്ലെന്നുമാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. അതീവ ഗൗരവമുള്ളൊരു വിഷയമാണ് ലൂസിഫറില്‍ പറഞ്ഞത് എന്നും എമ്പുരാനും യൂണിവേഴ്സലായുള്ള പ്രശ്നം കൈകാര്യം ചെയ്യുന്ന അത്തരമൊരു ലോകത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയായിരിക്കും എന്നുമാണ് തിരക്കഥാകൃത്ത് മുരളി ഗോപി ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

2019 മാര്‍ച്ച് 19നാണ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച 'ലൂസിഫര്‍' തിയറ്ററുകളിലെത്തിയത്. ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറിയ ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന സിനിമയായി മാറി. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ മഞ്ജു വാര്യർ, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, സായ് കുമാർ, കലാഭവൻ ഷാജോൺ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രോജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദവ് ആണ്. സംഗീതം ദീപക് ദേവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, കലാസംവിധാനം മോഹന്‍ദാസ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൌണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in