സ്വപ്‌നം സത്യമായി: 'ഓളവും തീര'ത്തില്‍ മോഹന്‍ലാലിന്റെ നായികയായി ദുര്‍ഗ കൃഷ്ണ

സ്വപ്‌നം സത്യമായി: 'ഓളവും തീര'ത്തില്‍ മോഹന്‍ലാലിന്റെ നായികയായി ദുര്‍ഗ കൃഷ്ണ

Published on

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി നടി ദുര്‍ഗ കൃഷ്ണ. തന്റെ സ്വപനം സാക്ഷാത്കരിക്കപ്പെടുന്ന സിനിമയാണ് ഓളവും തീരവുമെന്നാണ് ദുര്‍ഗ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

'ഇതൊരു സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്ന പ്രൊജക്ടാണ്. ഞാന്‍ ആദ്യമായി പ്രിയദര്‍ശന്‍ സാറിന്റെ സംവിധാനത്തില്‍ ലാലേട്ടന്റെ നായികയാവുന്നു. എംടി സാറിന്റെ തിരക്കഥയും സന്തോഷ് ശിവന്‍ സാറിന്റെ ഛായാഗ്രഹണവും', എന്നാണ് ദുര്‍ഗയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരത്തിന്റെ പുനരാവിഷ്‌കാരമാണിത്. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് അവതരണ സ്വഭാവമുള്ള ചിത്രമെന്ന ഖ്യാതി നേടിയ ചിത്രം കൂടിയാണ് ഓളവും തീരവും. ചിത്രത്തിലെ നബീസ എന്ന കഥാപാത്രത്തെയാണ് ദുര്‍ഗ അവതരിപ്പിക്കുന്നത്. നബീസയെന്ന നായികയെ ആദ്യപതിപ്പില്‍ അവതരിപ്പിച്ചത് ഉഷാ നന്ദിനിയാണ്.

എം.ടിയുടെ തിരക്കഥകളെ ആധാരമാക്കിയുള്ള നെറ്റ്ഫ്ളിക്സ് ആന്തോളജിയിലാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഓളവും തീരവും ഒരുങ്ങുന്നത്. മധു അവതരിപ്പിച്ച ബാപ്പുട്ടി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നു. 52 വര്‍ഷത്തിന് ശേഷം പുതിയ ശൈലിയില്‍ ഓളവും തീരവും പുനര്‍ജനിക്കുമ്പോള്‍ ഛായാഗ്രാഹകനായി സന്തോഷ് ശിവനും ആര്‍ട്ട് ഡയറക്ടറായി സാബു സിറിലും എത്തുന്നു.

ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലനാകുന്നത് ഹരീഷ് പേരടിയാണ്. മാമുക്കോയയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. തൊടുപുഴയിലാണ് പ്രധാന ലൊക്കേഷന്‍. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

logo
The Cue
www.thecue.in