

‘ദൃശ്യം 3’ പ്രേക്ഷകർക്കൊപ്പം കാണാൻ തിയറ്ററിലെത്തി മോഹൻലാൽ. എറണാകുളം കവിത തിയറ്ററിലാണ് നടൻ ചിത്രം കാണാനെത്തിയത്. സിനിമ കഴിഞ്ഞതിന് പിന്നാലെ പ്രേക്ഷകർക്കൊപ്പം കേക്ക് മുറിച്ച് നടൻ പിറന്നാൾ ആഘോഷിച്ചു.
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം 'ദൃശ്യം 3' തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയോട് നീതിപുലർത്തും വിധമാണ് ഈ മൂന്നാം ഭാഗവും ഒരുക്കിയിരിക്കുന്നത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
പ്രേക്ഷകരെ ഞെട്ടിക്കുന്ന സസ്പെൻസുകൾ കൊണ്ട് സമ്പന്നമാണ് ദൃശ്യം 3 എന്നാണ് അഭിപ്രായം. മോഹൻലാലിന്റെ പ്രകടനം തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്ന്. സിനിമ മേക്കിങ്ങിനും കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്.
അതേസമയം ചിത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ മാത്രം 25 കോടിയിലധികം രൂപ നേടിയാണ് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ്ങുഖളിൽ ഒന്നായിരിക്കും സിനിമയുടേത് എന്നാണ് വിലയിരുത്തൽ.
2013 ലായിരുന്നു ദൃശ്യത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. ഇൻഡസ്ട്രി ഹിറ്റും അതുപോലെ മലയാളത്തിലെ ആദ്യ 50 കോടി ക്ലബ് ചിത്രവുമായിരുന്നു അത്. പിന്നാലെ 2021ൽ സിനിമയുടെ രണ്ടാം ഭാഗവും വന്നു. നാലുവർഷങ്ങൾക്കിപ്പുറമാണ് സിനിമയുടെ മൂന്നാം ഭാഗം തിയറ്ററിൽ എത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, ശിവ ഹരിഹരൻ, വീണ നന്ദകുമാർ, ലിഷോയ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.