'ലാലേട്ടന്റെ ആ റിയാക്ഷൻ'; ദൃശ്യത്തിൽ ഒരു ധാരണയുമില്ലാതിരുന്ന ആ റിയാക്ഷനെക്കുറിച്ച് ജീത്തു ജോസഫ്

'ലാലേട്ടന്റെ ആ റിയാക്ഷൻ'; ദൃശ്യത്തിൽ ഒരു ധാരണയുമില്ലാതിരുന്ന ആ റിയാക്ഷനെക്കുറിച്ച് ജീത്തു ജോസഫ്

'ആക്‌ഷന്‍ പറഞ്ഞപ്പൊ ലാലേട്ടന്‍ എന്തോ ചെയ്തു. അത് തന്നെയായിരുന്നു അവിടെ വേണ്ടിയിരുന്ന യഥാര്‍ഥ റിയാക്‌ഷന്‍'. ദൃശ്യം സിനിമയിലെ ഒരു പ്രധാന രം​ഗത്തിലെ മോഹൻലാലിന്റെ ഭാവത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. പ്രേക്ഷകരിലേയ്ക്ക് എന്ത് ഇമോഷനാണ് കൊടുക്കേണ്ടത്, അവരിൽ എന്ത് ഇമ്പാക്ട് ആണ് കൊണ്ടുവരേണ്ടത് എന്നതനുസരിച്ചാണ് ഓരോ ഷോട്ടും താൻ തീരുമാനിക്കാറെന്ന് ജീത്തു പറയുന്നു. ദൃശ്യത്തിലെ എല്ലാ റിയാക്ഷനെക്കുറിച്ചും തനിക്ക് നല്ല ധാരണയുണ്ടായിരുന്നു, ഒന്നൊഴിച്ച്. വേറൊരു സിനിമയിലും അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ജീത്തു പറയുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന സ്കിൽ ഡവലപ്മെന്റ് പ്രോ​ഗ്രാമിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് സംസാരിച്ചത്.

ജീത്തു ജോസഫ് പറയുന്നു:

'അവിടെ എന്ത് റിയാക്ഷനാണ് കൊണ്ടുവരേണ്ടത് എന്ന് ലാലേട്ടനോട് പറഞ്ഞുകൊടുക്കാൻ എനിക്ക് അറിയില്ലായിരുന്നു. ‘സംഭവം ഇതാണ്, പൊലീസുകാരുടെ ചോദ്യങ്ങള്‍ക്കിടെ റാണി ഇടയ്ക്കുകയറി പറയുന്നുണ്ട്, അതിന് ഓഗസ്റ്റ് രണ്ടിന് ഞങ്ങള്‍ ഇവിടെ ഇല്ലായിരുന്നല്ലോ എന്ന്. അതുകേട്ട് ജോര്‍ജൂട്ടി കസേരയിലേക്ക് ചായുന്നുണ്ട്. പുള്ളിക്ക് മനസിലായി ഭാര്യ മണ്ടത്തരമാണ് പറഞ്ഞതെന്നും സംഗതി കൈയില്‍ നിന്ന് പോയെന്നും. എന്നാല്‍ ജോര്‍ജൂട്ടിയുടെ ഞെട്ടല്‍ മുഖത്ത് വരാന്‍ പാടില്ല. ശരിക്കും ആ സമയത്ത് ജോർജുകുട്ടിയുടെ ഉള്ളില്‍ ഒരു പിടച്ചിലാണ്. അത് പുറമെ കാണിക്കാനും പറ്റില്ല. ആ ഷോട്ട് ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. സംഭാഷണം പറയുന്ന റാണി ഫോക്കസ് ഔട്ടില്‍ ആണ്. ഫോക്കസ് ലാലേട്ടലിനാണ് വച്ചത്. കാരണം എനിക്ക് ആ റിയാക്‌ഷന്‍ ആയിരുന്നു പ്രധാനം. ആക്‌ഷന്‍ പറഞ്ഞപ്പൊ ലാലേട്ടന്‍ എന്തോ ചെയ്യുന്നു. അതാണ് അവിടെ വേണ്ടിയിരുന്ന യഥാര്‍ഥ റിയാക്‌ഷന്‍.’

ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം കൊവിഡ് നിയന്ത്രണങ്ങളോടെ ഓഗസ്റ്റ് 17ന് തൊടുപുഴയില്‍ തുടങ്ങാനായിരുന്നു ആലോചന. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രതയിലെത്തിയ സാഹചര്യവും മഴക്കെടുതിയും പരിഗണിച്ച് ആ​ഗസ്റ്റിൽ നടക്കാനിരുന്ന ഷൂട്ടിംഗ് അടുത്ത മാസത്തേക്ക് മാറ്റിയിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in