മോഹൻലാലിനെ വച്ച് തന്മാത്ര ചെയ്യാൻ സാധിക്കില്ലെന്ന് നിർമാതാക്കൾ, കഥയിൽ നിന്നും ഒരക്ഷരം മാറ്റിയാൽ അഭിനയിക്കില്ലെന്ന് ലാലേട്ടൻ: ബ്ലെസി

മോഹൻലാലിനെ വച്ച് തന്മാത്ര ചെയ്യാൻ സാധിക്കില്ലെന്ന് നിർമാതാക്കൾ, കഥയിൽ നിന്നും ഒരക്ഷരം മാറ്റിയാൽ അഭിനയിക്കില്ലെന്ന് ലാലേട്ടൻ: ബ്ലെസി
Published on

മോഹൻലാലിനോട് തന്മാത്രയുടെ തിരക്കഥ പറയാൻ പോയ കഥ പറഞ്ഞ് സംവിധായകൻ ബ്ലെസി. 2005 ൽ ബ്ലെസിയുടെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് തന്മാത്ര. ചിത്രത്തിൽ അൾഷിമേഴ്സ് ബാധിതനായ രമേശൻ നായർ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. എന്നാൽ തന്മാത്രയുടെ കഥ വായിച്ചു കേട്ട നിർമാതാക്കൾ മോഹൻലാലിനെ വച്ച് ഇത്തരം ഒരു സിനിമ ചെയ്യാൻ സാധിക്കില്ലെന്നാണ് പറഞ്ഞതെന്ന് ബ്ലെസി പറയുന്നു. എന്നാൽ കഥ വായിച്ചു കേട്ട മോഹൻലാൽ തിരക്കഥ തിരുത്താൻ സമ്മതിച്ചില്ലെന്നും ആരും നിർമിക്കാൻ തയ്യാറായില്ലെങ്കിൽ സ്വയം നിർമാണം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറാണെന്ന് പറഞ്ഞുവെന്നും കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറഞ്ഞു.

ബ്ലെസി പറഞ്ഞത്:

തന്മാത്ര എഴുതി കഴിഞ്ഞ് ഞാൻ നിർമാതാക്കളെ വായിച്ചു കേൾപ്പിച്ചപ്പോൾ അവർ പറഞ്ഞത് ഇത് സിനിമ ചെയ്യാൻ പറ്റില്ല എന്നാണ്. മോഹൻലാലിനെപ്പോലെ ഒരാളെ വച്ചിട്ട് ഇങ്ങനെ ഒരു സിനിമ ചെയ്യാൻ പറ്റില്ല എന്ന് അവർ പറഞ്ഞു. ആ സിനിമയിൽ മോഹൻലാലിന്റെ ഇൻട്രോ എന്ന് പറയുന്നത് വലിയൊരു സമരത്തിന്റെ പിന്നിൽ ഇൻക്വിലാബ് വിളിച്ചുപോകുന്ന ആളായിട്ടാണ്. സാധാരണ ഒരു നായകൻ ആണെല്ലോ മുന്നിൽ നിന്ന് ജാഥ നയിക്കുന്നത്. അപ്പോൾ ഞാൻ വീണ്ടും സങ്കടത്തിൽ ആയി. അങ്ങനെയാണ് ലാലേട്ടനെ നേരിട്ട് പോയി കാണാം എന്നു തീരുമാനിക്കുന്നത്. നരന്റെ പൊള്ളാച്ചിയിലെ ലൊക്കേഷനിലാണ് കഥ പറയാൻ പോയത്. വായിച്ചു കേട്ടിട്ട് അദ്ദേഹം പറഞ്ഞത് ഇതിൽ നിന്നും ഒരക്ഷരം മാറ്റിയാൽ ഞാൻ അഭിനയിക്കില്ല എന്നാണ്. അദ്ദേഹം തന്നെ നിര്‍മാതാക്കളെ വിളിച്ചുപറഞ്ഞു. നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാനത് ചെയ്‌തോളാം എന്ന് പറഞ്ഞു. ലാലിന് ഓക്കെയാണെങ്കില്‍ എനിക്കും ഓക്കെയാണെന്നാണ് അന്ന് നിർമാതാവ് മറുപടി പറഞ്ഞത്.

2005 ഡിസംബർ 16 നാണ് തന്മാത്ര തിയറ്ററുകളിലേക്ക് എത്തിയത്. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, അർജുൻ ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഓർമ്മകൾ നഷ്ടമാകുന്ന അൽഷിമേഴ്സ് രോഗം ബാധിച്ച ഒരു വ്യക്തിയും അത് അയാളുടെ കുടുംബത്തിൽ വരുത്തുന്ന മാറ്റങ്ങളുമായിരുന്നു ചർച്ച ചെയ്തത്. 2005ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ അഞ്ചോളം പുരസ്‌കാരങ്ങളായിരുന്നു തന്മാത്ര കരസ്ഥമാക്കിയത്. മികച്ച ചിത്രത്തിനുള്ള അവാർഡിനൊപ്പം മികച്ച സംവിധായകൻ, നടൻ, തിരക്കഥ എന്നീ പുരസ്‌കാരങ്ങളും അർജ്ജുൻ ലാൽ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അർഹനായി.

Related Stories

No stories found.
logo
The Cue
www.thecue.in