ചെയ്ത ജോലിക്ക് ക്രെഡിറ്റുമില്ല പണവുമില്ല, ജോലിസ്ഥലത്ത് ഉപദ്രവവും അപമാനവും; രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ കോസ്റ്റ്യും ഡിസെെനർ ലിജി

ചെയ്ത ജോലിക്ക് ക്രെഡിറ്റുമില്ല പണവുമില്ല, ജോലിസ്ഥലത്ത് ഉപദ്രവവും അപമാനവും; രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ കോസ്റ്റ്യും ഡിസെെനർ ലിജി

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ ക്രെഡിറ്റിൽ പേര് ഉൾപ്പെടുത്താത്തതിലും പ്രതിഫലം കൃത്യമായി നൽകാത്തതിനുമെതിരെ പരാതി നൽകി കോസ്റ്റ്യൂം ഡിസെെനർ ലിജി പ്രേമന്‍. കൊച്ചി സിറ്റി പോലീസിലാണ് ലിജി പ്രേമൻ പരാതി നല്‍കിയിരിക്കുന്നത്. സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാൾ, നിർമാതാക്കളായ അജിത് തലാപ്പിള്ളി, ഇമ്മാനുവല്‍ ജോസഫ് എന്നിവർക്കെതിരെയാണ് ലിജിയുടെ പരാതി. 35 ദിവസത്തോളം കരാർ പറഞ്ഞിരുന്ന ചിത്രത്തിൽ നാൽപത്തിയഞ്ച് ദിവസത്തോളം ജോലിയെടുത്തിട്ടും പ്രതിഫലം കൃത്യമായി ലഭിച്ചില്ല എന്ന് ലിജി പറഞ്ഞു. ഷൂട്ടിം​ഗ് സെറ്റിൽ സംവിധായകന്റെ ഭാ​ഗത്ത് നിന്ന് നേരിടേണ്ടി വന്ന ഹരാസ്സ്മെന്റും ഇൻസൾട്ടും മൂലം പ്രൊജക്റ്റിൽ പിന്നീട് തുടരാൻ സാധിച്ചില്ലെന്നും, 80 ശതമാനത്തോളം ജോലികൾ അപ്പോഴേക്കും പൂർത്തിയായിരുന്നുവെന്നും ലിജി പറയുന്നു. ഫെഫ്ക ഇടപെട്ട് തന്റെ പേര് ക്രെഡിറ്റിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടും സംവിധായകൻ തയ്യാറായിരുന്നില്ല എന്നും, ക്രെഡിറ്റിൽ കോസ്റ്റ്യും അസിസ്റ്റന്റ് എന്ന ടെെറ്റിൽ നൽകി അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചതെന്നും ലിജി. പരാതിയിൽ തന്നോടുള്ള മോശമായ പെരുമാറ്റത്തിന് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ മാപ്പ് പറയണമെന്നും പ്രതിഫലത്തോടൊപ്പം അഞ്ച് ലക്ഷം രൂപ സംവിധായകൻ നഷ്ട പരിഹാരം തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്യു സ്റ്റുഡിയോയോട് ലിജി പ്രേമൻ പറഞ്ഞു.

വ്യക്തിപരമായ ഉപദ്രവം മൂലമാണ് സിനിമയിൽ നിന്ന് മാറേണ്ടി വന്നത്

ഈ പ്രൊജക്ടിലേക്ക് എന്നെ വിളിക്കുന്നത് ഡയറക്ടർ തന്നെയാണ്. അദ്ദേഹം തന്നെയാണ് എന്നെ റെഫർ ചെയ്തത്. ചെറിയ പടമാണ് ഒരു മുപ്പത് ദിവസത്തോളമേ ഷൂട്ട് ഉണ്ടാവൂ എന്നാണ് എന്നോട് അദ്ദേഹം പറഞ്ഞത്. ഇവിടുത്തെ സ്ഥിതി എന്താണെന്നാൽ നമുക്ക് എഗ്രിമെന്റോ കാര്യങ്ങളോ ഒന്നും തന്നെയുണ്ടായിരുന്നില്ല എന്നതാണ്. അതിപ്പോൾ ഏത് ഡിപ്പാർട്ട്മെന്റിൽ ആയാലും. ആർട്ടിസ്റ്റിന് മാത്രമേയുണ്ടാകുള്ളൂ എഗ്രിമെന്റ്. മറ്റ് ഡിപ്പാർട്ട്മെന്റുകൾക്കെല്ലാം വാക്കാലേ പറയുന്ന കാര്യം മാത്രമേയുള്ളൂ. 35 ദിവസത്തിന് ഇത്ര രൂപ എന്നാണ് എന്നോട് പറഞ്ഞിരുന്നത്. അത് ഞാൻ സമ്മതിക്കുകയും ചെയ്തിരുന്നു. അത് കഴിഞ്ഞ് 2 മാസത്തോളം ഷൂട്ട് തള്ളി പോയി. അപ്പോഴും പ്രീ പ്രൊഡക്ഷനിൽ നമ്മൾ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. പ്രൊജക്ടിൽ കയറിക്കഴിഞ്ഞപ്പോഴാണ് പിന്നീട് പ്രൊജക്ട് വലുതായി വന്നത്. സ്ക്രിപ്റ്റ് തന്നെ അപ്പോഴാണ് റെഡിയായത്. ഇതിനുള്ള പ്രതിഫലമല്ല ഞാൻ ചോദിച്ചതും പറഞ്ഞതും. 35 ദിവസമെന്ന് പറഞ്ഞെങ്കിലും 45 ദിവസം ആ സിനിമയിൽ വർക്ക് ചെയ്യേണ്ടി വന്നു. 45 ദിവസം ഞാൻ സെറ്റിലുണ്ടായിരുന്നു. കൂടാതെ പ്രീ പ്രൊഡക്ഷനിൽ രണ്ട് മാസവും. അതായത് 110 ദിവസത്തോളം ഞാൻ ആ സിനിമയ്ക്ക് വേണ്ടി ജോലിയെടുത്തിട്ടുണ്ട്. പറഞ്ഞതിനേക്കാൾ കൂടുതൽ പണിയെടുക്കുകയും അതിന് വേണ്ടി ഞാൻ സെറ്റിലുണ്ടാവുകയും ചെയ്തിരുന്നു. എന്നിട്ടും എന്റെ പ്രതിഫലം ഇത്രയും ആണ്. അത് ഞാൻ പറയാൻ നിൽക്കുന്ന സമയത്താണ് പ്രശ്നങ്ങളുണ്ടായത്. പിന്നെ എനിക്ക് ആ സിനിമ തുടർന്ന് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. വ്യക്തിപരമായ ഉപദ്രവം നമ്മുടെ വർക്ക് സ്പേയ്സിലെ മാസികാവസ്ഥ വളരെ മോശമാക്കുകയാണ് ചെയ്യുക, അങ്ങനെയാണ് എനിക്ക് ആ പ്രൊജക്ട് വിടേണ്ടി വന്നത്. അപ്പോഴെക്കും ആ പ്രൊജക്ടിന്റെ കോസ്റ്റ്യും പർച്ചേയ്സ് അടക്കം എല്ലാം കഴിഞ്ഞിരുന്നു. ബാക്കി 10- 20 ശതമാനം വരുന്ന ജോലി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ

രതീഷ് ബാലകൃഷ്ണ പൊതുവാൾ മാപ്പ് പറയണം.

കേസ് കൊടുക്കുമ്പോൾ ഞാൻ പ്രധാനമായും പറഞ്ഞ കാര്യം സംവിധായകൻ മാപ്പ് പറയണം എന്നതാണ്. എന്നെ ഹരാസ്സ് ചെയ്തതിനും, സെറ്റിൽ വളരെയധികം ഇൻസൾട്ട് ചെയ്യുന്ന രീതിയിൽ സംസാരിച്ചതിനും, വളരെ മോശമായ രീതിയിൽ എന്നെ ട്രീറ്റ് ചെയ്തതിനാലുമാണത്. അതുകൊണ്ടാണ് എനിക്ക് ആ സിനിമയിൽ നിന്ന് ഇറങ്ങേണ്ടി വന്നത്. ആ സമയത്ത് സിനിമയുടെ 80 ശതമാനത്തോളം വർക്ക് ഞാൻ ചെയ്ത് കഴിഞ്ഞിരുന്നു. മനപൂർവ്വം എന്നെ ടാർ​ഗറ്റ് ചെയ്യുന്നത് പോലെയാണ് സെറ്റിൽ എന്നോട് പെരുമാറിയിരുന്നത്. ഈ പ്രശ്നത്തിൽ ഞാൻ നേരെ ഫെഫ്കയിലാണ് പരാതി നൽകിയത്. അവർ അതിൽ ആക്ഷൻ എടുത്തിരുന്നു. പക്ഷേ അതിന് അതിന്റേതായ പരിമിതികൾ ഉണ്ടായിരുന്നു. ബി. ഉണ്ണികൃഷ്ണൻ സാർ അടക്കമുള്ളവർ ഇടപെട്ടിട്ടും അദ്ദേഹത്തിന്റെ ഈഗോയും അര​ഗൻസും മാറുന്നുണ്ടായിരുന്നില്ല. എന്റെ പേര് ഉൾപ്പെടുത്താൻ പറഞ്ഞിട്ട് പോലും സമ്മതിക്കുന്നുണ്ടായിരുന്നില്ല. നാല് മാസത്തോളം ഞാൻ ആ പടത്തിൽ വർക്ക് ചെയ്തിട്ടുണ്ട്, എന്നിട്ടും എനിക്ക് ഈ സിനിമയിൽ ക്രെഡിറ്റ് തന്നില്ല. എന്റെ പ്രതിഫലവും കൃത്യമായി തന്നില്ല. പ്രൊഡ്യൂസേഴ്സ് എന്റെ പേര് ഉൾപ്പെടുത്താൻ തയ്യാറായിരുന്നു. സംവിധായകന് മാത്രമായിരുന്നു പിടിവാശി. രണ്ട് തവണ പ്രൊഡ്യൂസേഴ്സ് എന്റെ പേര് വച്ചു. പക്ഷേ അദ്ദേഹം അത് മാറ്റിപ്പിച്ചു. അങ്ങനെയാണ് കേസിലേക്ക് പോയത്. സിനിമയിൽ എന്റെ പേര് വച്ചത് അസിസ്റ്റന്റ് എന്ന ക്രെഡിറ്റിലാണ്. കോസ്റ്റ്യൂമർ എന്ന രീതിയിൽ അല്ല. ഞാൻ ഫെഫ്കയിൽ കോസ്റ്റ്യൂം ഡിസെെനറായി വർക്ക് ചെയ്യുന്ന ആളാണ്. ഞാൻ അവസാനമായി ചെയ്ത ചിത്രം വേട്ടയ്യൻ എന്ന രജിനികാന്ത് ചിത്രമാണ്. എന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് അദ്ദേഹം എന്നോട് പെരുമാറിയത്. ഇത്രയും വിദ്വേഷപരവും പ്രതികാരബുദ്ധിയോടെയും എന്തിനാണ് എന്നോട് പെരുമാറിയത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്നോട് മാത്രമല്ല ഇത്, അദ്ദേഹം അങ്ങനെ തന്നെയാണ് എല്ലാവരോടും പെരുമാറിയിരുന്നത്. ഈ സെറ്റിൽ തന്നെ അസിസ്റ്റന്റ് ഡയറക്ടറെ തല്ലിയ കേസ് വരെ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ഒരുപാട് ആളുകളോട് അദ്ദേഹം മോശമായി പെരുമാറിയിട്ടുണ്ട്. അതിന് എതിരെയാണ് ഞാൻ കേസ് കൊടുത്തിട്ടുള്ളത്. സിനിമ കഴിഞ്ഞതിന് ശേഷം പ്രതിഫലത്തിന്റെ കാര്യം ക്ലിയർ ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. അത് ഇതുവരെയായിട്ടും ചെയ്തിട്ടില്ല. അതിനിടയിൽ അസോസിയേഷനിൽ കോംപ്രമെെസായിട്ട് എനിക്ക് 50000 രൂപ തന്നിരുന്നു. എന്നിട്ട് പറഞ്ഞു സിനിമ റിലീസായതിന് ശേഷം ബാക്കി തരാം, എന്റെ പേര് സിനിമയിൽ ഉൾപ്പെടുത്താമെന്ന്. അത് അവർ പാലിച്ചിട്ടില്ല. ഒരു ചീറ്റിം​ഗ് പോലെ തന്നെയായിരുന്നു അത്. യൂണിയൻ ഇടപെട്ടിട്ടും വിളിച്ചിട്ടും ആർക്കും ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു അത്. അതുകൊണ്ടാണ് നീതിക്ക് വേണ്ടി എനിക്ക് കോടതിയിൽ പോകേണ്ടി വന്നത്.

കോസ്റ്റ്യൂം അസിസ്റ്റന്റ് എന്നതല്ല എന്റെ ടെെറ്റിൽ, അപകീർത്തിപ്പെടുത്താൻ വേണ്ടി മനപൂർവ്വം ചെയ്തതാണ് അത്.

75000 രൂപ എനിക്ക് കിട്ടാനുണ്ട്. ഇത് കൂടാതെ ഒരു കൊല്ലമായി ഞാൻ ഈ കാര്യവും പറഞ്ഞ് പുറകേ നടക്കുകയാണ്. അപ്പോൾ അതിൽ എനിക്ക് വന്ന ചിലവ്, കേസിന് പോയതിന്റെ ചിവല് ഒക്കെ സംവിധായകൻ തരണം എന്ന തരത്തിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരവും പരാതിയിൽ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്, കാരണം അദ്ദേഹത്തിന്റെ പിടിവാശി മൂലമാണ് ഈ പ്രശ്നം ഇത്തരത്തിൽ എത്തിയത്. ഒരുപാട് പേരോട് അദ്ദേഹം ഇങ്ങനെ തന്നെ ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നത് ഇതുവരെ ആരും പ്രതികരിച്ചിട്ടില്ല എന്നാണ്, എല്ലാവരും ഇന്റേണലി പറഞ്ഞ് തീർക്കുകയാണ് ചെയ്തിട്ടുള്ളത്. ഇവിടെ ഞാൻ പ്രതികരിക്കാനുള്ള ഒന്നാമത്തെ കാരണം ഇതൊരു ചീറ്റിം​ഗ് പോലെയായിരുന്നു എന്നതുകൊണ്ടാണ്, എന്നോട് പേര് ഉൾപ്പെടുത്തുമെന്ന് അവർ പറഞ്ഞതാണ്. ഉണ്ണികൃഷ്ണൻ സാർ അടക്കമുള്ളവർ നിർബന്ധിച്ചിട്ടും അവർ എന്റെ പേര് വച്ചിട്ടില്ല. പേര് വച്ചതോ കണ്ണിൽ പൊടിയിടുന്നത് പോലെ കോസ്റ്റ്യൂം അസിസ്റ്റന്റ് എന്ന്. അത് എന്നെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. എന്റെ ടെെറ്റിൽ അതല്ല. അദ്ദേഹം എന്നെ അപകീർത്തിപ്പെടുത്താൻ വേണ്ടി മനപൂർവ്വം ചെയ്ത കാര്യമാണത്. കോസ്റ്റ്യൂം ഡിസെെനർ എന്ന ടൈറ്റിലിൽ രണ്ട് പേരുടെ പേര് വയ്ക്കാവുന്നതാണ്. ഇത് അങ്ങനെ പോലുമല്ല ചെയ്തിരിക്കുന്നത്.

തിരികെ, കാര്‍ബണ്‍, ലോഹം, റോക്ക്‌സ്റ്റാര്‍, നിര്‍ണായകം, സൈലന്‍സ് തുടങ്ങി നിരവധി ചിത്രങ്ങളുടെ കോസ്റ്റ്യും ഡിസെെനറായി പ്രവർത്തിച്ചയാളാണ് ലിജി പ്രേമൻ. ടി.ജെ ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രം വേട്ടയ്യനിലും ലിജിയാണ് കോസ്റ്റ്യും ഡിസെെനർ.

Related Stories

No stories found.
logo
The Cue
www.thecue.in