'മോഹൻലാൽ ചിത്രവുമായി സത്യൻ അന്തിക്കാട്'; ഒരു സാധാരണക്കാരന്റെ സിനിമയാണ് ചിത്രമെന്ന് സത്യൻ അന്തിക്കാട്

'മോഹൻലാൽ ചിത്രവുമായി സത്യൻ അന്തിക്കാട്'; ഒരു സാധാരണക്കാരന്റെ സിനിമയാണ് ചിത്രമെന്ന് സത്യൻ അന്തിക്കാട്

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ട്. കഴിഞ്ഞ ദിവസം സത്യൻ അന്തിക്കാടിന്റെ പിറന്നാളിനോട് അനുബന്ധിച്ച് റേഡിയോ സുനോയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ അടുത്ത ചിത്രം മോഹൻലാലിനൊപ്പമാണ് എന്ന് വെളിപ്പെടുത്തി സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമിക്കുക എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മൂന്ന് നാല് മാസം എടുക്കും തിരക്കഥ പൂർത്തിയാക്കാൻ. ജീവിത ​ഗന്ധിയായ, ജീവിതവുമായി വളരെ ചേർന്ന് നിൽക്കുന്ന ഒരു സാധാരണക്കാരന്റെ സിനിമയാണ് ചിത്രം. താനും മോഹൻലാലും സ്ഥിരം ചെയ്യുന്ന സിനിമകളുടെ പാറ്റേണിൽ തന്നെ എങ്കിലും പുതുമയുള്ള അവതരണത്തിലാണ് ഈ സിനിമ ആലോചിക്കുന്നതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

സത്യൻ അന്തിക്കാട് പറഞ്ഞത്:

ഞാൻ അത് അനൗൺസ് ചെയ്തിട്ടില്ല ഇതുവരെ. അടുത്ത പ്രോജക്ട് ചെയ്യുന്നത് മോഹൻലാലിനൊപ്പമാണ്, ആന്റണി പെരുമ്പാവൂരിന് വേണ്ടിയിട്ടാണ് ചെയ്യുന്നത്. തിരക്കഥ എഴുത്ത് ആരംഭിച്ചിട്ടേയുള്ളൂ. എന്തായാലും മൂന്ന് നാല് മാസം എടുക്കും തിരക്കഥ പൂർത്തിയാക്കാൻ. ജീവിത ​ഗന്ധിയായ, ജീവിതവുമായി വളരെ ചേർന്ന് നിൽക്കുന്ന ഒരു സാധാരണക്കാരന്റെ സിനിമയാണ് അത്. നേര് എന്ന സിനിമ വിജയമാകുമ്പോൾ ഞാൻ മനസ്സിലാക്കുന്നത് മോഹൻലാലിനെ നമ്മളിലൊരാളായി കാണാൻ പ്രേക്ഷകർ ആ​ഗ്രഹിക്കുന്നുണ്ട് എന്നാണ്. തീർച്ചയായും ആ ഒരു ഴോണറിലുള്ള സിനിമയായിരിക്കും അത്. ഞാനും മോഹൻലാലും സ്ഥിരം ചെയ്യുന്ന സിനിമകളുടെ പാറ്റേണിൽ തന്നെ എങ്കിലും പുതുമയുള്ള അവതരണത്തിലാണ് ഞാൻ ഈ സിനിമ ആലോചിക്കുന്നത്.

ശ്രീനിവാസന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നതായി മുമ്പ് മകൻ അഖിൽ സത്യൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഞാന്‍ പ്രകാശന്‍ ചെയ്യുന്ന സമയത്ത് തന്നെ ശ്രീനി അങ്കിളും അച്ഛനും കൂടി ഇത്തരത്തിലൊരു ചിത്രത്തെക്കുറിച്ച് ആലോചിച്ചിരുന്നു എന്നും മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിനൊപ്പം ഇന്നുവരെ കാണാത്തൊരു പ്രശസ്ത വ്യക്തികൂടിയുണ്ട് ആ ത്രെഡില്ലെന്നും അഖിൽ സത്യൻ പറഞ്ഞിരുന്നു.

അഖില്‍ സത്യന്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞത്:

സംഭവം ഉള്ളതാണ്. പക്ഷേ സിനിമ എന്നുവരുമെന്ന് പറയാനാവില്ല. ഞാന്‍ പ്രകാശന്‍ ചെയ്യുന്ന സമയത്ത് തന്നെ ശ്രീനി അങ്കിളും അച്ഛനും കൂടി ഇതിനെക്കുറിച്ച് ആലോചിച്ചിരുന്നു. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിനൊപ്പം ഇന്നുവരെ കാണാത്തൊരു പ്രശസ്ത വ്യക്തികൂടിയുണ്ട് ആ ത്രെഡില്‍. സംഭവം കേട്ടതുമുതല്‍ ലാല്‍ സാറും ഓക്കെയാണ്. എന്നുചെയ്യാം എന്നാണ് അദ്ദേഹം എപ്പോഴും ചോദിക്കുന്നത്. നമ്മളൊക്കെ പ്രതീക്ഷിക്കുന്ന, കൊതിക്കുന്ന ഒരു ലാല്‍-ശ്രീനിവാസന്‍ കൂട്ടിലെ ഹ്യൂമറുള്ള കഥയാണ് സംഭവം. ത്രെഡ് ആയിക്കഴിഞ്ഞു. ഇനി തിരക്കഥയെഴുതേണ്ട കാര്യമേയുള്ളു, അച്ഛന്റെ സിനിമകളുടെ തിരക്കും ശ്രീനി അങ്കിളിന്റെ ആരോഗ്യവും ഒന്ന് ശരിയായാല്‍ ഉടന്‍ പ്രതീക്ഷിക്കാം. അച്ഛന്റെ ഒരു പടം കഴിഞ്ഞ് ഗ്യാപ്പായാല്‍ മിക്കവാറും അത് സംഭവിച്ചിരിക്കും. ഞാന്‍ എന്റെ എല്ലാ കാര്യങ്ങളും മാറ്റിവച്ച് ആ പടത്തില്‍ അസിസ്റ്റ് ചെയ്യാന്‍ റെഡിയായിരിക്കുകയാണ്.

2015 ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമാണ് മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയായി എത്തിയത്. മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശീവാദ് സിനിമാസ് തന്നെയായിരുന്നു ചിത്രത്തിന്റെ നിർമാണം. ജയറാം മീരാജാസ്മിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മകൾ എന്ന ചിത്രമാണ് ഒടുവിലായി തിയറ്ററുകളിലെത്തിയ സത്യൻ അന്തിക്കാട് ചിത്രം

Related Stories

No stories found.
logo
The Cue
www.thecue.in