'ഫാമിലി ത്രില്ലറുമായി സിദ്ധാർഥ്' ; ചിറ്റാ നാളെ മുതൽ തിയറ്ററുകളിൽ

'ഫാമിലി ത്രില്ലറുമായി സിദ്ധാർഥ്' ; ചിറ്റാ നാളെ മുതൽ തിയറ്ററുകളിൽ

'പന്നൈയാറും പദ്മിനിയും', 'സേതുപതി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ് യു അരുൺ കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് സിദ്ധാർഥ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ചിറ്റാ. ചിത്രം നാളെ തിയറ്ററുകളിലെത്തും. ഫാമിലി ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം സിദ്ധാർഥിന്റെ എറ്റാക്കി എന്റർടെയ്ൻമെന്റാണ് നിർമിച്ചിരിക്കുന്നത്.

ചിറ്റാ വളരെ ഇമോഷണലായ സിനിമയാണെന്നും ചിത്രത്തിലെ ഏതെങ്കിലും ഒരു നിമിഷത്തിലോ അല്ലെങ്കിൽ കഥാപാത്രത്തിനോടോ പ്രേക്ഷകൻ ഇമോഷണലി കണ്ക്ടാകുമെന്നും എന്നാണ് ചിത്രത്തെക്കുറിച്ച് സംവിധായകൻ വെട്രിമാരൻ പറഞ്ഞത്. ചിറ്റാ എന്ന സിനിമ തനിക്ക് വേണ്ടി എഴുതിയ സിനിമയാണെന്നും ത്രില്ലർ, ഫാമിലി എന്നീ രണ്ട് ഴോണർ മിക്സ് ചെയ്തിരിക്കുന്ന സിനിമയാണ് എന്നും സിദ്ധാർ‌ഥ് പറഞ്ഞു. ഒരു അമ്പത് വർഷത്തിനും അപ്പുറം ഈ സിനിമ കാണുമ്പോഴും ചിറ്റാ എന്നത് ഒരു ലെെഫ് ടെെം സിനിമയാണെന്ന് ആളുകൾ പറയും. ഇതുവരെയും ആരും ചെയ്യാത്ത ഒരു സിനിമയാണ് ഇതെന്നും സിദ്ധാർ‌ഥ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെ മുന്നോട്ടുപോകുന്ന കഥയാണ് ചിറ്റാ. ഇളയച്ഛന്റയും കൂട്ടിയുടെയും ഊഷ്മളമായ ബന്ധവും പിന്നീടുണ്ടാകുന്ന കുട്ടിയുടെ തിരോധാനവും അതിനെ തുടർന്നുണ്ടാകുന്ന പ്രതികാരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. ദിബു നൈനാൻ തോമസാണ് സിനിമയുടെ സം​ഗീത സംവിധാനം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ബാലാജി സുബ്രമണ്യമാണ്. സുരേഷ് എ പ്രസാദ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവഹിക്കുന്നത്. ആർട്ട് ഡയറക്ഷൻ: സി എസ് ബാലചന്ദ്രൻ. സൗണ്ട് ഡിപ്പാർട്ട്മെന്റ്: ​ഗോഡ്വിൻ ജി, രാജ് മാർത്താണ്ഡം, വിനോദ് തനി​​ഗാസലാം, സി അർജുൻ വർമ.

Related Stories

No stories found.
logo
The Cue
www.thecue.in