കേരളം മുഴുവന്‍ നെയ്യാറ്റിന്‍കര ഗോപനെ ഏറ്റെടുക്കും: ആറാട്ടിനെ കുറിച്ച് താരങ്ങള്‍

കേരളം മുഴുവന്‍ നെയ്യാറ്റിന്‍കര ഗോപനെ ഏറ്റെടുക്കും: ആറാട്ടിനെ കുറിച്ച് താരങ്ങള്‍

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ആറാട്ട് ഇന്ന് രാവിലെയോടെ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തി. പ്രേക്ഷകരെ പോലെ സിനിമ കണ്ട താരങ്ങളും ആറാട്ടിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. ആറാട്ടില്‍ പഴയ മോഹന്‍ലാലിനെ കാണാന്‍ സാധിക്കുമെന്നാണ് നടി മാളവിക മേനോന്‍ പറഞ്ഞത്. കേരളം മുഴുവന്‍ ആറാട്ട് എന്ന ചിത്രം ഏറ്റെടുക്കുമെന്ന് സന്തോഷ് കീഴാറ്റൂരും അഭിപ്രായപ്പെട്ടു. ഇരുവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

മാളവിക മേനോന്‍: ലാലേട്ടന്റെ കൂടെ ആദ്യത്തെ സിനിമയാണ്. അടിപൊളിയായിരുന്നു. ഞാന്‍ ഫുള്ളി എക്സൈറ്റഡ് ആയിരുന്നു. അതുപോലെ തന്നെ ആയിരുന്നു സെറ്റിലും. ഞങ്ങള്‍ക്ക് അധിക ദിവസമൊന്നും ഉണ്ടായിട്ടില്ല. പക്ഷെ ഉള്ള ദിവസങ്ങള്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷം തന്നെയായിരുന്നു. അതായതു ഈ സിനിമയില്‍ നമുക്ക് ലാലേട്ടന്റെ ഓരോ കയ്യനക്കവും ഷൂട്ട് ചെയ്തിട്ടുണ്ട്. അതൊക്കെ നമുക്ക് എന്‌ജോയ് ചെയ്യാനുള്ളതാണ്. പഴയ ആ ലാലേട്ടനെ നമുക്ക് കാണാന്‍ പറ്റും, പഴയ ലാലേട്ടന്‍ എന്നുവച്ചാല്‍ ഇപ്പോള്‍ ഉള്ളതില്‍ നിന്ന് 20 വയസ്സ് താഴെ ഉള്ള ലാലേട്ടനെ നമുക്ക് കാണാം. അത്രയ്ക്ക് യങ്, ഫ്രീ ആയിട്ട്, അടിപൊളി ആയിട്ടുണ്ട്.

സന്തോഷ് കീഴാറ്റൂര്‍: ആ കോരിത്തരിപ്പ് മാറിയിട്ടില്ല. എന്തായാലും സിനിമ സംവിധായകന്‍ ആദ്യം പറഞ്ഞത് പോലെ, വലിയ അവകാശവാദങ്ങള്‍ ഇല്ലാതെ നമ്മളെ ത്രില്ല് അടിപ്പിച്ചു, കുറേ പൊട്ടി ചിരിച്ചു, നല്ലൊരു കുടുംബ പശ്ചാത്തലമുള്ള ഒരു ആക്ഷന്‍ കോമഡി ഡ്രാമ തന്നെയാണ് ആറാട്ട്. നമ്മുടെ മനസ്സില്‍ തങ്ങി നിക്കുന്ന ഒരുപാട് ലാലേട്ടന്‍ കഥാപാത്രങ്ങളുണ്ട്. ആ കഥാപാത്രങ്ങളിലൂടെ ഉള്ള ഒരു യാത്രയാണ് ആറാട്ട്. തിയേറ്ററുകളില്‍ ഒരു ഉണര്‍വ് ഉണ്ടാക്കും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. കേരളം മുഴുവന്‍ ഈ സിനിമ ഏറ്റെടുക്കും, തീയേറ്ററുകളും വലിയ രീതിയില്‍ മുന്നോട്ടേക്കു പോവും.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണനാണ് ആറാട്ട് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 52 രാജ്യങ്ങളിലാണ് ആറാട്ട് റിലീസ് ചെയ്തത്. 369 സ്ഥലങ്ങളിലെ 1624 തിയറ്ററുകളിലായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനൊപ്പം കൈകോര്‍ത്ത ചിത്രം കൂടിയാണ് ആറാട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in