20 വര്‍ഷം പിന്നിട്ട് 'നമ്മള്‍'; അരങ്ങേറ്റ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഭാവന

20 വര്‍ഷം പിന്നിട്ട് 'നമ്മള്‍'; അരങ്ങേറ്റ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഭാവന

ഇരുപത് വര്‍ഷം മുന്‍പ് സിനിമാ ജീവിതത്തില്‍ അരങ്ങേറ്റം കുറിച്ച അനുഭവം പങ്കുവച്ച് നടി ഭാവന. 2002 ഡിസംബര്‍ 20 ന് റിലീസായ 'നമ്മള്‍' എന്ന കമല്‍ ചിത്രത്തിലൂടെയായിരുന്നു ഭാവന അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി സെറ്റിലെത്തിയപ്പോഴുള്ള ഓര്‍മ്മ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അന്ന് തനിക്ക് ലഭിച്ചത് മികച്ച ഒരു തുടക്കമായിരുന്നുവെന്നും, കരിയറില്‍ ഇനി മുന്നോട്ടുള്ള യാത്രയെ ആവേശത്തോടെയാണ് കാണുന്നതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഭാവനയുടെ വാക്കുകള്‍:

''ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസമാണ് 'നമ്മള്‍' എന്ന മലയാള സിനിമയുടെ സെറ്റിലേക്ക് ഞാന്‍ നടന്നുകയറിയത്. കമല്‍ സാര്‍ സംവിധാനം ചെയ്ത ആ ചിത്രത്തിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം. അവിടെ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചേരി നിവാസിയായ പരിമളം (കഥാപാത്രത്തിന്റെ പേര്) ആയി ഞാന്‍ മാറി.

മേക്കപ്പ് പൂര്‍ത്തിയായതോടെ ഈ രൂപത്തില്‍ ആരും എന്നെ തിരിച്ചറിയില്ലെന്ന തോന്നലില്‍ വിഷമിച്ചതെല്ലാം ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. അന്ന് ഞാനൊരു കുട്ടിയായിരുന്നു. അതുകൊണ്ട് കൂടുതലൊന്നും ആലോചിക്കാതെയാണ് എല്ലാം ചെയ്തത്. പക്ഷേ, ഇന്ന് എനിക്കറിയാം, എനിക്ക് കിട്ടിയത് സ്വപ്‌നം കാണാവുന്നതിലും വലിയ ഒരു തുടക്കം തന്നെയായിരുന്നു.

നിരവധി വിജയങ്ങള്‍, തോല്‍വികള്‍, തിരിച്ചടികള്‍, വേദന, സന്തോഷം, സ്‌നേഹം, സൗഹൃദങ്ങള്‍ ഇവയെല്ലാം ചേര്‍ന്നാണ് ഇന്ന് കാണുന്ന എന്നെ പരുവപ്പെടുത്തിയത്. ഇന്നും കുറേയേറെപ്പഠിക്കാനും, പഠിച്ചവ തിരുത്താനുമുള്ള പരിശ്രമത്തിലാണ്. ഒരു നിമിഷം തിരിഞ്ഞുനോക്കിയാല്‍ എനിക്ക് പങ്കുവയ്ക്കാനുള്ളത് നന്ദി മാത്രമാണ്.

ഒരു തുടക്കക്കാരിയായി വന്നപ്പോഴുള്ള അതേ കൃതജ്ഞതയോടെയും ഭയത്തോടെയുമാണ് ഞാന്‍ ഇന്നും എന്റെ യാത്ര തുടരുന്നത്. ആവേശത്തോടെയാണ് ഇനി മുന്നോട്ടുള്ള യാത്രയെയും ഞാന്‍ കാണുന്നത്. ഒപ്പം ജിഷ്ണു ചേട്ടനെയും, അന്ന് അച്ഛന്റെ മുഖത്തുണ്ടായിരുന്ന വിലമതിക്കാനാവാത്ത പുഞ്ചിരിയും മിസ് ചെയ്യുന്നു.''

അതേസമയം, ഭാവന പങ്കുവെച്ച ചിത്രത്തില്‍ പിന്നിലായി മലയാളികള്‍ക്ക് സുപരിചിതനായ മറ്റൊരു താരവുമുണ്ട്. അക്കാലത്ത് സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന നടന്‍ ഷൈന്‍ ടോം ചാക്കോ. 'നമ്മള്‍' എന്ന സിനിമയുടെ അവസാന ഭാഗത്ത് ബസ് യാത്രികനായി ചെറിയ ഒരു വേഷത്തിലും ഷൈന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

നവാഗത നിരയെ അണിനിരത്തിക്കൊണ്ട് സംവിധായകന്‍ കമല്‍ ഒരുക്കിയ 'നമ്മള്‍' ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്. അന്ന് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഭാവനയ്ക്ക് ആദ്യം ചിത്രം തന്നെ കരിയര്‍ ബ്രേക്ക് ആയി മാറി. അത്തവണത്തെ സംസ്ഥാന ചലചിത്ര പുരസ്‌കാരത്തോട് അനുബന്ധിച്ച് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ഭാവന സ്വന്തമാക്കിയിരുന്നു.

അഞ്ചുവര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം 'ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തില്‍ തിരിച്ചെത്താനിരിക്കുന്നത്. ഷറഫുദ്ധീന്‍ നായകനാകുന്ന ചിത്രത്തില്‍ അനാര്‍ക്കലി, നാസര്‍, അശോകന്‍ എന്നിവരും മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകന്‍.

Related Stories

No stories found.
logo
The Cue
www.thecue.in