ഒരു മുസ്ലീം കുടുംബത്തിൽ നിന്നു വരുന്നതു കൊണ്ടു തന്നെ താൻ അഭിനയത്തിലേക്ക് വരുന്നതിൽ പലർക്കും താൽപര്യക്കുറവുണ്ടായിരുന്നുവെന്ന് നടി നസ്രിയ. സ്റ്റേജ് പെർഫോമൻസുകളും മറ്റുമായി കുട്ടിക്കാലം മുതൽക്കേ വളരെ സജീവമായി നിലനിന്നിരുന്ന കുട്ടിയായിരുന്നു താൻ എന്നും എന്നാൽ ദുബായിൽ നിന്നും നാട്ടിലേക്ക് വന്നതിന് ശേഷം കുടുംബത്തിലെ പലർക്കും താൻ അഭിനയിക്കാൻ പോകുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ലെന്നും നസ്രിയ പറയുന്നു. എന്നാൽ തന്റെ വാപ്പയാണ് അഭിനയിക്കാനുള്ള തീരുമാനത്തിന് പിന്തുണ നൽകിയത് എന്നും നസ്രിയ പറഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നസ്രിയ.
നസ്രിയ പറഞ്ഞത്:
പണ്ടു മുതൽക്കേ സ്റ്റേജ് പെർഫോമൻസ് ഒക്കെ ചെയ്യുകയും, വളരെ ആക്ടീവ് ആയി നിൽക്കുകയും ചെയ്യുന്ന ഒരു കുട്ടി ആയിരുന്നു ഞാൻ. എന്റെ മാതാപിതാക്കളുടെ പിന്തുണകൊണ്ടാണ് എനിക്ക് അതിന് സാധിച്ചത്. പക്ഷേ ഇതെല്ലാം ഞാൻ ചെയ്തുകൊണ്ടിരുന്നത് ഞാൻ ദുബായിൽ താമസിക്കുന്ന സമയത്താണ്. അതിന് ശേഷം ഞങ്ങൾ ഇവിടേക്ക് തിരിച്ചു വന്നപ്പോൾ എനിക്ക് ഓഫറുകൾ പലതും വന്നിരുന്നു. എന്നാൽ ഞാനൊരു മുസ്ലീം പശ്ചാത്തലത്തിൽ നിന്നു വരുന്നതുകൊണ്ടു തന്നെ കുടുംബത്തിലെ പലർക്കും ഇതിനോട് താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ എന്റെ വാപ്പയാണ് എനിക്കൊപ്പം നിന്നത്. അവൾക്ക് എന്താണ് സന്തോഷം തരുന്നത് അതവൾ ചെയ്യട്ടേ എന്ന് അദ്ദേഹം പറഞ്ഞു.
2006 ലെ പളുങ്ക് എന്ന മമ്മൂട്ടി-ബ്ലെസി ചിത്രത്തിലൂടെ സിനിമാ രംഗത്ത് ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് നസ്രിയ. എം.സി. ജിതിൻ സംവിധാനം ചെയ്ത 'സൂക്ഷ്മദർശിനി' യാണ് നസ്രിയുടേതായി ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം. ചിത്രം ഇപ്പോൾ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ഇതോടെ 50 കോടി ക്ലബ്ബിലെത്തിയെ നായിക എന്ന നേട്ടം കൂടിയാണ് നസ്രിയ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം നടത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എം.സി. ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥക്ക് എം.സി. ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.