

ചന്ദ്രലേഖ എന്ന സിനിമയിലെ ഒന്നാം വട്ടം എന്ന ഗാനത്തെക്കുറിച്ചുള്ള ഓർമ്മ പങ്കുവെച്ച് സംഗീത സംവിധായകൻ ബേണി. ആദ്യം കേട്ടപ്പോൾ ഈ ട്യൂൺ ചിത്രത്തിലെ സാഹചര്യത്തിന് ചേരുന്നതല്ല എന്നായിരുന്നു സംവിധായകൻ പ്രിയദർശൻ പറഞ്ഞത്. പിന്നീട് പാട്ടിന്റെ പല്ലവി കേട്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടമാവുകയും ഗാനം സിനിമയിൽ ഉൾപ്പെടുത്തുകയുമായിരുന്നു. ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ തയ്യാറാക്കാൻ ഇരുന്നപ്പോൾ പ്രിയദർശൻ ഗാനത്തിന്റെ ഒരുഭാഗത്ത് ജിബ്ബറിഷ് കൊണ്ടുവരാം എന്ന് പറഞ്ഞു. അത് എഴുതാൻ ഗിരീഷ് പുത്തഞ്ചേരിക്ക് സാധിക്കാതെ വന്നപ്പോൾ പ്രിയദർശൻ തന്നെ അത് ചെയ്യുകയായിരുന്നു. അങ്ങനെയാണ് കൊന്നരി കൊന്നരി കോനാരി… എന്ന വരികൾ ഉണ്ടാകുന്നത് എന്ന് ബേണി പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബേണിയുടെ വാക്കുകൾ:
ഒന്നാം വട്ടം കണ്ടപ്പോൾ എന്ന പാട്ടിന്റെ ട്യൂൺ ആദ്യം കേൾപ്പിച്ചപ്പോൾ, ചിത്രത്തിലെ സാഹചര്യത്തിന് ചേരുന്നതല്ല ഇതെന്നാണ് പ്രിയദർശൻ പറഞ്ഞത്. അങ്ങനെ ആ ട്യൂൺ മാറ്റിവെച്ചു. പിന്നീട് മൂന്നോ നാലോ പാട്ടുകൾ ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ ഒരു പാട്ട് കൂടി വേണമെന്ന സാഹചര്യം വന്നു. അപ്പോഴാണ് മാറ്റിവെച്ച ആ ട്യൂണിന്റെ കാര്യം ഓർമവന്നത്. അത് വീണ്ടും കേൾപ്പിച്ചപ്പോൾ ഗിരീഷ് പുത്തഞ്ചേരി പെട്ടെന്ന് തന്നെ വരികൾ എഴുതി. പാട്ടിന്റെ പല്ലവി കേട്ടപ്പോൾ പ്രിയന് അത് വളരെ ഇഷ്ടമായി. അപ്പോൾ ഞാൻ ചോദിച്ചു, ചേട്ടനല്ലേ ഈ പാട്ടിന് സിറ്റുവേഷൻ ഇല്ലെന്ന് പറഞ്ഞത് എന്ന്. ഏയ്, ഇത്രയും നല്ലൊരു പാട്ട് എങ്ങനെയാ വേണ്ടെന്നുവെക്കുക, നമുക്ക് ഈ പാട്ടിനുവേണ്ടി നായികയെ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ച് ഒരു സിറ്റുവേഷൻ ഉണ്ടാക്കാം എന്നായിരുന്നു പ്രിയന്റെ മറുപടി.
പാട്ടിന്റെ ഓർക്കസ്ട്രേഷൻ തയ്യാറാക്കാൻ ഇരുന്നപ്പോൾ പ്രിയൻ പറഞ്ഞത്, നമുക്കൊരു ജിബ്ബറിഷ് കൊണ്ടുവരാം എന്നാണ്. ഞാൻ ആദ്യമായാണ് ആ വാക്ക് കേൾക്കുന്നത്. ഏതോ ഒരു അന്യഭാഷയാണെന്ന് തോന്നിക്കുന്ന തരത്തിൽ ഒരു കള്ള ഭാഷ ഉണ്ടാക്കുക, എന്നിട്ട് അതിന് നല്ലൊരു ആകർഷകമായ ട്യൂൺ കൊടുത്താൽ ആളുകൾക്ക് വേഗത്തിൽ ഇഷ്ടപ്പെടുമെന്നാണ് പ്രിയൻ പറഞ്ഞത്. പക്ഷെ ഗിരീഷ് പുത്തഞ്ചേരി പ്രിയനോട് എനിക്ക് ഈ പണി പറ്റില്ല എന്ന് പറഞ്ഞു. അപ്പോൾ പ്രിയൻ പറഞ്ഞു, ശരി, എന്നാൽ അത് ഞാൻ നോക്കാം എന്ന്. അങ്ങനെയാണ് കൊന്നരി കൊന്നരി കോനാരി… എന്ന വരികൾ ഉണ്ടാകുന്നത്. ഇതിലെ തമാശ എന്തെന്നുവെച്ചാൽ, ഇന്നും നമ്മുടെ നാട്ടിലെ ഗാനമേളക്കാർ ആ വരികളെന്തോ മലയാളം വാക്കുകൾ പോലെയാണ് പാടുന്നത്.