അടുത്തത് മമ്മൂക്കയുമായുള്ള മാസ് പടം: ഉദയകൃഷ്ണ ഇതുവരെ എഴുതാത്ത തിരക്കഥയെന്ന് ബി ഉണ്ണികൃഷ്ണന്‍

അടുത്തത് മമ്മൂക്കയുമായുള്ള മാസ് പടം: ഉദയകൃഷ്ണ ഇതുവരെ എഴുതാത്ത തിരക്കഥയെന്ന് ബി ഉണ്ണികൃഷ്ണന്‍

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരി 18ന് റിലീസ് ചെയ്ത ആറാട്ട് 2022ലെ ഏറ്റവും മികച്ച ഓപ്പണിംഗാണ് ലഭിച്ചത്. ആറാട്ടിന് ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയാണ് അടുത്ത ചിത്രം ചെയ്യുന്നതെന്ന് ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബി ഉണ്ണികൃഷ്ണന്‍ സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു സമകാലീന വിഷയം സംസാരിക്കുന്ന മാസ് ചിത്രമായിരിക്കും ഇത്. ഈ രീതിയില്‍ ഒരു തിരക്കഥ ഉദയകൃഷ്ണ ആദ്യമായാണ് എഴുതുന്നത്. മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ബി ഉണ്ണികൃഷ്ണന്റെ വാക്കുകള്‍:

ഞാന്‍ അടുത്ത സിനിമ മമ്മൂട്ടിയുമായാണ് ആലോചിക്കുന്നത്. ആ സിനിമയും ഉദയ കൃഷ്ണയാണ് തിരക്കഥ. മാസ് എന്ന വിളിക്കാവുന്ന സിനിമയാണ്. പക്ഷെ ഫണ്‍ എലമെന്റ്‌സ് കുറച്ച് കുറവാണ്. ഗൗരവമുള്ളൊരു സമകാലീന വിഷയമുണ്ട് സിനിമയില്‍. അത് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യത്തില്‍ നിന്നും അതുമായി ബന്ധപ്പെട്ട് ജീവിച്ച് ഇരിക്കുന്ന ഒരാളില്‍ നിന്നുമെല്ലാം ക്യു എടുത്തിട്ടാണ് നമ്മള്‍ ആ ഒരു സിനിമ ചെയ്യുന്നത്. അത്തരത്തില്‍ ഒരു സ്‌ക്രീന്‍ പ്ലേ ഉദയന്‍ ഇതുവരെ എഴുതിയിട്ടില്ല. ഉദയനെ സംബന്ധിച്ച് ഇത് പുതിയൊരു അനുഭവമാണ്. മമ്മൂക്കയായി ഞങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തിന് ഐഡിയ ഇഷ്ടപ്പെട്ടു. പക്ഷെ നമുക്ക് ഇനി ഈ തിരക്കുകള്‍ കഴിഞ്ഞ് അതിന്റെ സ്‌ക്രീന്‍ പ്ലേ ഒന്നുകൂടി ഉറപ്പിക്കാനുണ്ട്. അതിന് ശേഷം വീണ്ടും മമ്മൂക്കെയ കാണാം എന്ന തീരുമാനത്തിലാണ്.

അതേസമയം ആറാട്ടിനെ ഡീഗ്രേഡ് ചെയ്യാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഒരു പടത്തെ ബോധപൂര്‍വമായി താഴ്ത്തി കാണിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ഒരു സിനിമയെ മാത്രമല്ല മൊത്തം ഇന്‍ഡസ്ട്രിയെ തന്നെയാണ് ബാധിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in