ആന്റണി വർഗീസിനെ നായകനാക്കി ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം കാട്ടാളൻ തയ്‌ലൻഡിൽ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ പോൾ വർഗീസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ‘ഓങ്-ബാക്ക്’ എന്ന സിനിമയിലൂടെ പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുമായി അണിചേർന്നാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഓങ്-ബാക്ക് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വന്ന പോങ് എന്ന ആനയും കാട്ടാളന്റെ ഭാഗമാകുന്നുണ്ട്.
’മാർക്കോ’യേക്കാൾ മികവുറ്റ സാങ്കേതിക മികവോടെയും വൻ ബജറ്റോടെയുമാണ് ‘കാട്ടാളൻ’ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 50 കോടിക്കു മുകളിലാണ് സിനിമയുടെ ബജറ്റ്. ചിത്രത്തിൽ പെപ്പെയ്ക്കൊപ്പം, തെലുങ്ക് താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ്, ബോളിവുഡ് താരം പർത്ഥ് തിവാരി, രാജ് തിരാണ്ടുസു എന്നിങ്ങനെ ഒട്ടുമിക്ക ഇൻഡസ്ട്രിയിലെ താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. പെപ്പെയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന ‘കാട്ടാളനി’ൽ ആന്റണി വർഗീസ് എന്ന യഥാർഥ പേര് തന്നെയാണ് കഥാപാത്രത്തിന്റെ പേരും. അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, കൺ ക്ലൂഷൻ, ജവാൻ, ബാഗി - 2, ഓങ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്‌ഷൻ കൊറിയോഗ്രാഫർ കൊച്ച കെംബഡി കെ ആണ് കാട്ടാളന്റെ ആക്‌ഷൻ കൈകാര്യം ചെയ്യുന്നത്.
ഹനാൻഷാ റാപ്പർ ബേബി ജീൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, ‘ലോക’ സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഷിബിൻ എസ്. രാഘവ് തുടങ്ങിയവരും കാട്ടാളനിൽ അണിനിരക്കുന്നുണ്ട്. ഉണ്ണി ആർ. ആണ് ഈ ചിത്രത്തിന്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്, ഗാനരചയിതാവ് സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, കാസ്റ്റിങ് ഡയറക്ടർ അബു വലയംകുളം, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, പിആർഒ ആതിര ദിൽജിത്.