കൊമ്പുവെട്ടി മഴുവുമേന്തി ആനയോട് മല്ലിട്ട് ആന്റണി വർഗീസ്, 'കാട്ടാളൻ' പോസ്റ്റർ

കൊമ്പുവെട്ടി മഴുവുമേന്തി ആനയോട് മല്ലിട്ട് ആന്റണി വർഗീസ്, 'കാട്ടാളൻ' പോസ്റ്റർ
Published on

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമിക്കുന്ന ചിത്രം കാട്ടാളന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടു. ഒരു മഴുവുമേന്തി ആനനയുമായി മല്ലിടുന്ന പുറം തിരിഞ്ഞു നിൽക്കുന്ന ആന്റണി വർ​ഗീസിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഇടം കയ്യിൽ ആനയുടെ വെട്ടി മുറിച്ച ആനക്കൊമ്പും കാണാൻ സാധിക്കും ഒപ്പം ആന തുമ്പിക്കൈ കൊണ്ട് ആന്റണിയെ ചുറ്റിപ്പിടിച്ചിട്ടുമുണ്ട്. ചിത്രത്തിൽ പെപ്പെയുടെ കഥാപാത്രത്തിന്റെ പേരും ആന്റണി വർ​ഗീസ് എന്ന് തന്നെയാണ്. നവാ​ഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായാണ് റിലീസിനെത്തുക.

ചിത്രത്തിന്റെ മുമ്പ് പുറത്തു വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോൾ പുറത്തു വിട്ട പോസ്റ്ററും കാട്ടാളൻ തികഞ്ഞ വയലൻസുള്ള ഒരു ചിത്രമായിരിക്കും എന്ന സൂചനയാണ് തരുന്നത്. കഴിഞ്ഞ ആഴ്ച നിർമ്മാതാവ് ഷെരീഫ് മുഹമ്മദിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ആനക്കൊമ്പിന്റെ ചിത്രത്തിനൊപ്പം 'കാട്ടാളൻ' പ്രീപൊഡക്ഷൻ വർക്കുകൾ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രം എന്ന ഖ്യാതിയോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ. ഒരു കുടുംബത്തിലെ ദത്തുപുത്രനായ ‘മാർക്കോ’ തന്റെ സഹോദരന്റെ ക്രൂരമായ കൊലപാതക വാർത്തയറിഞ്ഞതിന് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തുകയും, തന്റെ പിതാവായ ടോണിയും റസ്സൽ ഐസക്കും നയിച്ച ഗൂഢാലോചന മനസ്സിലാക്കുകയും ചെയ്യുന്നു. തുടർന്ന് വിശ്വാസഘാതത്തിനും പ്രതികാരത്തിനുമിടയിൽ മാർക്കോയുടെ അതിജീവനത്തിന്റെ യാത്രയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾക്കൊപ്പം ഭീകരമായ വയലൻസും ഉള്ളതിനാൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ‘മാർക്കോ’. ഉണ്ണി മുകുന്ദനെ കൂടാതെ, സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകൻ, കബീർ ദുഹാൻ സിങ്, ആൻസൻ പോൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നടൻ ജഗദീഷ് ചിത്രത്തിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in