വീഡിയോയുടെ റീച്ചിന് വേണ്ടി മോശം ആംഗിളുകളിൽ നിന്ന് വീഡിയോ എടുക്കുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്ന് നടി അനശ്വര രാജൻ. ആളുകളുടെ മോശമായ മാനസിക തലത്തിന് തീറ്റ കൊടുക്കുകയാണ് ഇത്തരം വീഡിയോകൾ ചെയ്യുന്നതെന്നും അനശ്വര പറയുന്നു. കാറിൽ നിന്നും മറ്റും ഇറങ്ങുന്ന സമയത്ത് മുകളിൽ നിന്നും ശരീരത്തിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ഷൂട്ട് ചെയ്യുകയും അത് തമ്പ് നെയിൽ ആയി ഉപയോഗിക്കുകയും ചെയ്യുന്നത് വളരെ വൃത്തികെട്ട കാര്യമാണെന്നും തന്റെ ഇത്തരം വീഡിയോകൾ കാണേണ്ടി വരുമ്പോൾ അത് തന്നെ ബുദ്ധിമുട്ടുണ്ടാകാറുണ്ടെന്നും അനശ്വര രാജൻ കൂട്ടിച്ചേർത്തു.
അനശ്വര രാജൻ പറഞ്ഞത്:
പല ക്യാമറകളും വെയ്ക്കുന്ന ആംഗിളുകൾ ശരിയല്ല, മാന്യമായി വീഡിയോ എടുക്കുന്ന ആളുകളും ഇതിൽ ഉണ്ട്. ബാക്കി ചിലർ ഈ പറഞ്ഞതു പോലെ നമ്മൾ കാറിൽ നിന്നെല്ലാം ഇറങ്ങുന്ന സമയത്ത് ഒരു പ്രത്യേക ആംഗിളുകളിൽ നിന്ന് നമ്മളെ ഷൂട്ട് ചെയ്തിട്ട് ഇൻസ്റ്റഗ്രാം റീൽസിലും മറ്റും തമ്പ് നെയിൽ ആയിട്ട് കൊടുത്ത് വീഡിയോയ്ക്ക് റീച്ച് കൂട്ടുന്ന ആളുകളുണ്ട്. അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ആണായിരുന്നാലും പെണ്ണായിരുന്നാലും ആരായിരുന്നാലും ഒരു കാറിൽ നിന്നും ഇറങ്ങുന്ന സമയത്ത് നമുക്ക് അങ്ങനെയൊരു അവസ്ഥയുണ്ടാവും. അതിനെ ഉപയോഗിച്ച് അതിനൊരു ആംഗിൾ എടുത്ത് ആൾക്കാർക്ക് ഇടെയിലേക്ക് അതിനെ വളരെ മോശമായി എത്തിക്കുന്നത് വളരെ ബുദ്ധിമുട്ടിക്കാറുണ്ട്. അതിന് താഴെ വരുന്ന കമന്റുകളും അങ്ങനെയാണ്. ആൾക്കാരും വളരെ മോശമായ ഒരു മാനസിക തലത്തെ ഉപയോഗിച്ച് അതിന് തീറ്റ കൊടുക്കുന്നത് പോലെയുള്ള കാര്യമാണ് ഇത്. അത് വളരെ ചീപ്പാണെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ അത്തരം വീഡിയോസ് ആളുകൾ എടുക്കുമ്പോഴും അത് കാണുമ്പോഴും എനിക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. പലപ്പോഴും ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഈ ആകാശത്ത് നിന്നും എടുക്കാതെ താഴെ നിന്ന് ഷൂട്ട് ചെയ്തു കൂടെയെന്ന് ചോദിച്ചിട്ടുണ്ട്. വന്നിറങ്ങുമ്പോൾ തന്നെ മുകളിൽ നിന്ന് താഴേക്കാണ് അവർ ആംഗിളുകൾ വയ്ക്കുന്നത്.