കുടുംബ പ്രേക്ഷകർക്ക് കാണാവുന്ന ഇത് പോലൊരു സിനിമ അടുത്ത കാലത്ത് കണ്ടിട്ടില്ല, 'അംഅ:' സിനിമയെക്കുറിച്ച് സിബി മലയിൽ
ഇതുവരെ മലയാള സിനിമ പറഞ്ഞിട്ടില്ലാത്ത പുതിയൊരു സംഭവത്തെ ഊന്നിയുള്ള സിനിമയാണെന്നും മുൻ മന്ത്രി കെ.ടി.ജലീൽ. അവസാന ഭാഗമൊക്കെ ഏറെ ടച്ച് ചെയ്തെന്നും പ്രത്യേക ഷോ കണ്ടിറങ്ങിയ ശേഷം കെ.ടി ജലീൽ.
ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'അം അഃ' യെ പ്രശംസിച്ച് സംവിധായകൻ സിബി മലയിൽ. ചിത്രം സംവിധാനം ചെയ്തത് തോമസ് സെബാസ്റ്റ്യനാണ്. ജനുവരി 24 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദർശനം തുടരുകയാണ്.മനോഹരമായ ദൃശ്യങ്ങളും ക്യാമറയും, നല്ല കഥയാണ് സിനിമയുടേതെന്നും. ഇതുവരെ മലയാള സിനിമ പറഞ്ഞിട്ടില്ലാത്ത പുതിയൊരു സംഭവത്തെ ഊന്നിയുള്ള സിനിമയാണെന്നും മുൻ മന്ത്രി കെ.ടി.ജലീൽ. അവസാന ഭാഗമൊക്കെ ഏറെ ടച്ച് ചെയ്തെന്നും പ്രത്യേക ഷോ കണ്ടിറങ്ങിയ ശേഷം കെ.ടി ജലീൽ
അം.അയെക്കുറിച്ച് സിബി മലയിൽ
വളരെ നല്ല സിനിമയാണ് അംഅ. വൈകാരികമായി നമ്മളെ വല്ലാതെ സ്പർശിച്ച സിനിമ കൂടിയാണ്. നമ്മുക്കെല്ലാവർക്കും പെട്ടെന്ന് ബന്ധിപ്പിക്കാൻ പറ്റുന്നൊരു പ്രമേയവുമാണ് സിനിമയുടേത്. നിത്യജീവിതത്തിൽ മിക്കവരും കടന്നുപോകുന്ന അനുഭവത്തെ കേന്ദ്രീകരിച്ചാണ് ഈ സിനിമ. വളരെ നന്നായി എഴുതിയിട്ടുണ്ട്, അത് മനോഹരമായി എടുത്തിട്ടുമുണ്ട്.
സിനിമയെക്കുറിച്ച് തിരക്കഥാകൃത്ത് കവിപ്രസാദ് ഗോപിനാഥ്
മൂലമറ്റത്ത് ജനിച്ചുവളർന്ന ഒരാളാണ് ഞാൻ. ഇടുക്കിക്ക് 'ബൈ ഡിഫോൾട്ടായി' കുറച്ചു സ്വഭാവങ്ങളുണ്ട്. ഇടുക്കിയിൽ വെറുതെ ക്യാമറ വെച്ചാലും വരുന്ന ഒരു ദുരൂഹതയുണ്ട്. രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുമോ എന്ന് ഉറപ്പില്ലാത്ത പോലെ പ്രകൃതി ശക്തികളോട് മല്ലിട്ടുകൊണ്ടാണ് ഞങ്ങൾ ജീവിച്ചത്. അങ്ങനെ തന്നെ ഒരു നിഗൂഢതയുണ്ട്. കഥ, തിരക്കഥ എന്ന നിലയിൽ എന്റെ ആദ്യത്തേതാണ് 'അം അഃ'. നമ്മൾക്ക് കണ്ടു ശീലമുള്ള കാര്യങ്ങളാണെങ്കിൽ ഭാവനയാണെങ്കിൽ പോലും നമുക്ക് കുറച്ചു കൂടെ ഇടപെടാൻ എളുപ്പമാണ്. സിനിമയിലെ 2 കഥാപാത്രങ്ങളെ ഒഴിച്ച് ബാക്കി എല്ലാവരെയും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് എന്ന് തന്നെ പറയാം. കണ്ട് പരിചയമുള്ള ആളുകളുടെ ജീവിതത്തിൽ നിന്ന് പകർത്തിയ കാര്യങ്ങളാണ് ബാക്കി കഥാപാത്രങ്ങൾക്ക് കൊടുത്തത്. കഥയിൽ തന്നെ കൃത്യമായ ഒരു പ്രദേശം ആവശ്യമാണ്. പല കാര്യങ്ങളും ഇങ്ങനെ ഒരുമിച്ച് വന്നു. ആലോചിച്ച് വന്ന കഥയും അങ്ങനെ ഒരു സ്ഥലത്ത് നടക്കുന്നതുകൊണ്ടാണ് സിനിമയുടെ ചിത്രീകരണവും അവിടെ സംഭവിച്ചത്.
സംവിധായകൻ പത്മകുമാർ പറഞ്ഞത്
ഇങ്ങനെയൊരു ഇമോഷണൽ ഡ്രാമ കണ്ടിട്ട് കുറേ കാലമായി. ന്യൂജനറേഷൻ സിനിമകളുടെ മലവെള്ളപ്പാച്ചിലിനിടയിൽ ഇത് പോലെ നല്ലൊരു സിനിമ കാണാനായത് സന്തോഷമുള്ള കാര്യമാണ്.
തോമസ് സെബാസ്റ്റ്യൻ പറഞ്ഞത്:
'അം അഃ' എന്ന സിനിമയെ ഭയങ്കരമായി സപ്പോർട്ട് ചെയ്യുന്ന ഒന്ന് ഗോപി സുന്ദറിന്റെ സംഗീതമാണ്. ഗോപി അത് വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. ഒരു കൃത്യമായ സമയം ഒന്നും നേരത്തെ ഗോപിയോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഗോപിയുടെ സമയത്തിനനുസരിച്ച് പാട്ടുകൾ തന്നാൽ മതിയെന്ന് പറഞ്ഞു. സിനിമയിൽ 4 പാട്ടുകളുണ്ട്. ഈ 4 പാട്ടുകളും ഞങ്ങൾക്ക് കിട്ടുന്നത് ഷൂട്ടിങ്ങിന് ശേഷമാണ്. ഒരു ധാരണ വെച്ച് പാട്ടുകൾ ഷൂട്ട് ചെയ്യുകയായിരുന്നു. സിബി സാറിന്റെയും ബ്ലെസ്സി സാറിന്റെയും സ്‌കൂളിൽ നിന്നുള്ള ഒരു ധാരണയാണത്. എത്രയോ പ്രാവശ്യം ഈ പ്രശ്നങ്ങൾ അനുഭവിച്ചിട്ടുള്ളതാണ്. അങ്ങനെ ഒരു ധാരണ വെച്ച് എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഷൂട്ട് ചെയ്തു. പിന്നീട് ഈ കുറച്ചൊക്കെ ഗോപിയെ കാണിച്ച് ഇമോഷൻ പറഞ്ഞു കൊടുത്തു. പാട്ടുകൾ നന്നായി വന്നിട്ടുണ്ട്.
ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'അം അഃ'. സിനിമയുടെ പേരിൽ ആത്മവിശ്വാസം തോന്നിയത് സിബി മലയിൽ സാറിനോട് സംസാരിച്ചപ്പോഴായിരുന്നു എന്ന് സംവിധായകൻ തോമസ് സെബാസ്റ്റ്യൻ നേരത്തെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'അം അഃ' എന്ന ടൈറ്റിൽ തിരക്കഥാകൃത്തായ കവി പ്രസാദ് തന്നോട് പറയുമ്പോൾ ആശയക്കുഴപ്പമുണ്ടായിരുന്നു. ഒരു ദിവസം സിബി മലയിൽ സാറിന്റെ ഒരു വെബ് സീരീസിന്റെ മീറ്റിങ്ങിന് പോയിരുന്നു. 'അം അഃ' എന്നത് പെട്ടെന്ന് വായിക്കുമ്പോൾ അമ്മ എന്നും വായിക്കാമല്ലേ എന്നാണ് ടൈറ്റിൽ വായിച്ച ശേഷം സിബി സാർ പറഞ്ഞത്. തനിക്ക് സിനിമയുടെ ടൈറ്റിലിൽ പൂർണ്ണ വിശ്വാസം വരുന്നത് ആ സംഭവത്തിലൂടെയായിരുന്നു എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ തോമസ് സെബാസ്റ്റ്യൻ പറഞ്ഞു.