72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം; ചരിത്രം കുറിച്ച് മമ്മൂട്ടിയും വിസ്മയത്തിളക്കത്തിൽ മലയാള സിനിമയും

72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം; ചരിത്രം കുറിച്ച് മമ്മൂട്ടിയും വിസ്മയത്തിളക്കത്തിൽ മലയാള സിനിമയും
Published on

72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ സിനിമയിൽ മലയാളത്തിന്റെ മാറ്റ് കൂടുകയാണ്. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അസാമാന്യ പ്രകടനത്തിലൂടെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം പങ്കിടുമ്പോൾ, മലയാള സിനിമ ഇത്തവണ നേട്ടങ്ങളുടെ നെറുകയിലാണ്. നാല് ദേശീയ പുരസ്‌കാരങ്ങൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ നടനെന്ന ചരിത്രനേട്ടത്തിലേക്കാണ് 74ാം വയസ്സിലും മമ്മൂട്ടി നടന്നു കയറിയിരിക്കുന്നത്. 1990ൽ 'മതിലുകൾ', 'ഒരു വടക്കൻ വീരഗാഥ', 1994ൽ 'പൊന്തന്മാട', 'വിധേയൻ', 1999ൽ 'ഡോ. ബാബാസാഹേബ് അംബേദ്കർ' എന്നീ ചിത്രങ്ങളിലൂടെയാണ് മുൻപ് മൂന്ന് തവണ പുരസ്കാരം നേടിയത്. 2013ന് ശേഷം മലയാളത്തിലേക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിയിലൂടെ തന്നെയാണ് തിരിച്ചെത്തുന്നതും. രണ്ട് ഭാഷകളിലായി ഈ നേട്ടം കൈവരിക്കുന്ന അദ്ദേഹം, അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശം കൊണ്ട് ഇന്നും വിസ്മയം തീർക്കുകയാണ്. ഹിന്ദി ചിത്രം ചന്ദു ചാമ്പ്യന് കാർത്തിക് ആര്യയ്‌ക്കൊപ്പമാണ് ഇത്തവണ മമ്മൂട്ടി ഈ ബഹുമതി പങ്കിടുന്നത്.

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 'ഭ്രമയുഗം' എന്ന ചിത്രത്തിലൂടെ ഷെഹ്നാദ് ജലാൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ, എആർഎമിലെ 'അങ്ങ് വാനക്കോണില്' എന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി. ആനിമേഷൻ വിഭാഗത്തിൽ ജോഷി ബെനഡിക്ട് സംവിധാനം ചെയ്ത 'ടച്ച്ഡ് ആസ് വാട്ടർ' മികച്ച ആനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളത്തിന് ഇരട്ടി മധുരമായി. നോൺ ഫീച്ചർ വിഭാഗത്തിൽ ജോസ് ആന്റണി സംവിധാനം ചെയ്ത 'ഭദ്രകാളി നാടകം' (ആനന്ദജ്യോതി) സ്പെഷ്യൽ ജൂറി പുരസ്‌കാരവും നേടി.

പുരസ്‌കാര ജേതാക്കളുടെ പട്ടികയിൽ മാത്രമല്ല, ജൂറി തലത്തിലും ഇത്തവണ മലയാളത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. സംവിധായകൻ ജയരാജ് ആണ് ഇത്തവണത്തെ ഫീച്ചർ ഫിലിം ജൂറിയെ നയിച്ചത്. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ സംവിധായകൻ ഹരി നായരും ജൂറി അംഗമായിരുന്നു.

മറ്റ് ദേശീയ പുരസ്‌കാരങ്ങൾ

മികച്ച ചിത്രമായി 'ആർട്ടിക്കിൾ 370' തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഇതേ ചിത്രത്തിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. രാജ്കുമാർ പെരിയസാമി (അമരൻ) മികച്ച സംവിധായകനായും, സഞ്ജയ് മിശ്ര (ഭക്ഷക്) മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം രൂപശ്രീ വർക്കാടിയും (മിഥ്യ), സച്ചന നമിദാസും (മഹാരാജ) പങ്കിട്ടു. മികച്ച എൻ്റർടെയിനർ ചിത്രമായി 'കൽക്കി 2898 എഡി'യും, മികച്ച സാമൂഹിക മൂല്യമുള്ള ചിത്രമായി 'ക്യാപ്റ്റൻ മില്ലർ' തെരഞ്ഞെടുക്കപ്പെട്ടു.

സുകുമാർ (പുഷ്പ 2) മികച്ച തിരക്കഥയ്ക്കും, വെങ്കി അറ്റ്‌ലൂരി (ലക്കി ഭാസ്കർ) മികച്ച സംഭാഷണത്തിനും പുരസ്‌കാരം നേടി. 'കൽക്കി 2898 എഡി' മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്‌കാരം നേടിയപ്പോൾ, അനൽ അരശ് (മഹാരാജ) മികച്ച സംഘട്ടന സംവിധാനത്തിനും, കമ്മിറ്റി കുരോല്ലു മികച്ച മേക്കപ്പിനും, ദീപാളി നൂർ & ശീതൾ ശർമ്മ (പുഷ്പ 2) മികച്ച വസ്ത്രാലങ്കാരത്തിനും അർഹരായി.

സംഗീത വിഭാഗത്തിൽ 'ആർട്ടിക്കിൾ 370'ന് ശാശ്വത് സച്ച്‌ദേവ് മികച്ച സംഗീത സംവിധായകനായും (ഗാനങ്ങൾ), 'അമരൻ' പശ്ചാത്തല സംഗീതത്തിനും പുരസ്‌കാരം നേടി. മനോജ് മുൻതാഷിർ (മൈദാൻ) മികച്ച ഗാനരചയിതാവായും, അഭയ് ജോധ്പുർക്കർ (ഘരത് ഗണപതി - നവസചി ഗൗരി മാജി) മികച്ച ഗായകനായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, വിജയ് ഗാംഗുലി (സ്ത്രീ 2) മികച്ച കൊറിയോഗ്രാഫർ, മാനസ് ചൗധരി (ഭൂൽ ഭുലയ്യ 3) മികച്ച സൗണ്ട് ഡിസൈനർ, ആർ. കലൈവാണൻ (അമരൻ) മികച്ച എഡിറ്റർ എന്നീ നിലകളിലും അംഗീകാരങ്ങൾ നേടി.

logo
The Cue
www.thecue.in