താടിയും മുടിയും നീട്ടി ‘ഫോറസ്റ്റ് ഗംപ്’ ലുക്കില്‍ ആമിര്‍; വൈറലായി ‘ലാല്‍ സിങ്ങ് ചദ്ദ’ ചിത്രങ്ങള്‍
ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കായ ‘ലാല്‍ സിങ്ങ് ചദ്ദ’യിലെ ആമിറിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ലീക്കായിരുന്നു. ഒറിജിനല്‍ പതിപ്പില്‍ ടോം ഹാങ്ക്സ് അവതരിപ്പിച്ച കഥാപാത്രത്തിനോട് സമാനമായ ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അടുത്തുള്ള കുട്ടികളെ കാണാനെത്തിയ ആമിറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
സിനിമയ്ക്ക് വേണ്ടി പലതവണ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയുമെല്ലാം ചെയ്തിട്ടുള്ള ആമിര്‍ ഇത്തവണയും നിരാശപ്പെടുത്തുന്നില്ല. കഥാപാത്രത്തിനായി തോളറ്റം വരെ മുടിയും നീണ്ട താടിയും മീശയുമെല്ലാമാണ് താരം വളര്‍ത്തിയിരിക്കുന്നത്. 20 കിലോ ശരീരഭാരം കുറയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കരീന കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. 3 ഇഡിയറ്റ്സിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ലാല്‍ സിങ്ങ് ചദ്ദ. വിജയ് സേതുപതിയും ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 'ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍' എന്ന ചിത്രം സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുക. വയാകോം 18 പിക്ചേഴ്സും ആമിര്‍ ഖാന് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ക്രിസ്മസിന് റിലീസ് ചെയ്യും.
ടോം ഹാങ്ക്സിന് മികച്ച നടനടക്കം ആറ് ഓസ്കര് പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് ഫോറസ്റ്റ് ഗംപ്. വിന്സ്റ്റന് ഗ്രൂമിന്റെ നോവലിനെ ആസ്പദമാക്കി റോബര്‍ട്ട് സെമെന്‍ക്കിസ് സംവിധാനം ചെയ്ത ചിത്രം 1994ലായിരുന്നു പുറത്തിറങ്ങിയത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം