ആമിറിന്റെ ‘ഫോറസ്റ്റ് ഗംപ്’ അടുത്ത ക്രിസ്മസിന് ; ‘ലാല്‍ സിങ്ങ് ചദ്ദ’ മോഷന്‍ പോസ്റ്റര്‍

ആമിറിന്റെ ‘ഫോറസ്റ്റ് ഗംപ്’ അടുത്ത ക്രിസ്മസിന് ; ‘ലാല്‍ സിങ്ങ് ചദ്ദ’ മോഷന്‍ പോസ്റ്റര്‍

ആറ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കായ ലാല്‍ സിങ്ങ് ചദ്ദയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ടോം ഹാങ്ക്സിന് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രം ഇന്ത്യന്‍ പതിപ്പില്‍ അവതരിപ്പിക്കുന്നത് ആമിര്‍ ഖാനാണ് നായകന്‍. 'ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍' എന്ന ചിത്രം സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുക.

വയാകോം 18 പിക്‌ചേഴ്‌സും ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കരീന കപൂര്‍ നായികയാകുന്ന സിനിമ അടുത്ത വര്‍ഷം ക്രിസ്മസിന് റിലീസ് ചെയ്യും. ചിത്രത്തിനായി ആമിര്‍ ശരീരഭാരം 20 കിലോ കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചിത്രം റീമേക്ക് ചെയ്യാന്‍ പല ബോളിവുഡ് നിര്‍മാണ കമ്പനികളും ശ്രമിച്ചിരുന്നുവെങ്കിലും ആമിര്‍ ഖാനെ നായകനാക്കുന്നവര്‍ക്ക് മാത്രമേ റീമേക്ക് അവകാശം നല്‍കുവെന്ന് ഹോളിവുഡ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റീമേക്കില്‍ ആമിര്‍ ഖാനൊപ്പം വിജയ് സേതുപതിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഫോറസ്റ്റിന്റെ സുഹൃത്തായ 'ബബ്ബ' എന്ന കഥാപാത്രമായിട്ടായിരിക്കും സേതുപതിയെത്തുക എന്നാണ് റിപ്പോര്‍ട്ട്.ഹോളിവുഡ് പതിപ്പില്‍ മികേല്‍റ്റി വില്ല്യംസണ്‍ ആണ് ഈ കഥാപാത്രം അവതരിപ്പിച്ചത്. ബോളിവുഡ് പതിപ്പില്‍ ഈ കഥാപാത്രം തമിഴ്നാട്ടില്‍ നിന്നുള്ള ഒരാളായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നതെന്നാണ് സൂചന. സേതുപതി ഈ കഥാപാത്രം അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല.

വിന്‍സ്റ്റന്‍ ഗ്രൂമിന്റെ നോവലിനെ ആസ്പദമാക്കി റോബര്‍ട്ട് സെമെന്‍ക്കിസ് സംവിധാനം ചെയ്ത ചിത്രമാണ് ഫോറസ്റ്റ് ഗംപ്. ഹോളിവുഡിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായ ഹാങ്ക്സിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. 1994ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കോമഡി ഡ്രാമ ആറ് ഓസ്‌കറുകളാണ് വാരിക്കൂട്ടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വല്‍ എഫക്ട്സ്, മികച്ച ഫിലിം എഡിറ്റിങ് എന്നിവയ്ക്കുള്ള അക്കാദമി അവാര്‍ഡുകള്‍ ഫോറസ്റ്റ് ഗംപ് നേടി.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in