
റിലീസിന് പിന്നാലെ മലയാളത്തിലെ തിയറ്റർ കളക്ഷൻ റെക്കോർഡുകൾ ഓരോന്നായി തിരുത്തുകയാണ് ടൊവിനോ തോമസും ആസിഫലിയും കുഞ്ചാക്കോ ബോബനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ 2018 എന്ന ജൂഡ് ആന്റണി ജോസഫ് ചിത്രം. ഏറ്റവും വേഗത്തിൽ ഗ്രോസ് കളക്ഷൻ നൂറ് കോടി പിന്നിട്ട സിനിമയെന്ന റെക്കോർഡിനൊപ്പം 17 ദിവസം കൊണ്ട് മലയാളത്തിലെ ഏറ്റവും ഉയർന്ന വേൾഡ് വൈഡ് കളക്ഷൻ നേടിയ ചിത്രമായിരിക്കുകയാണ് 2018. ഇതേ നിലക്ക് കളക്ഷൻ തുടർന്നാൽ മലയാളത്തിലെ ഇൻഡസട്രി ഹിറ്റുകളിലൊന്നായി 2018 മാറും.
137.60 കോടി രൂപയാണ് 17 ദിവസം കൊണ്ട് സിനിമ ഗ്രോസ് കളക്ഷനായി ആഗോള തലത്തിൽ നേടിയതെന്ന് വിവിധ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തു.
2018 എന്ന സിനിമ പത്ത് ദിവസം കൊണ്ട് 100 കോടി ക്ലബിലെത്തിയതായി നിർമ്മാതാവ് വേണു കുന്നപ്പിള്ളി ആദ്യമായി വെളിപ്പെടുത്തിയ ക്യു സ്റ്റുഡിയോ അഭിമുഖത്തിലായിരുന്നു.
2018ന്റെ ബഡ്ജറ്റിനെപ്പറ്റി ആർക്കും അറിയില്ല. അത് പുറത്തുവിടണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എന്നോട് അമ്പത് കോടി ആയപ്പോഴേ പുറത്തുവിടാമെന്ന് പറഞ്ഞിരുന്നു. പക്ഷെ അൻപതൊക്കെ ഇപ്പൊ ഒരു അട്ട്രാക്ഷൻ ഇല്ലാത്ത ഫിഗർ ആയി മാറി. ഈ സിനിമയുടെ ഒരു ഏറ്റവും വലിയ അട്ട്രാക്ഷൻ എന്ന് പറയുന്നത് ഏറ്റവും വേഗത്തിൽ 100 കോടി നേടി എന്നതാണ്. പത്ത് ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടിയത്.
നിലവിൽ കേരള തിയറ്റർ കളക്ഷനിൽ പുലിമുരുകനെ വെല്ലാൻ 2018ന് കഴിഞ്ഞിട്ടില്ല. ഇതേ തിയറ്റർ കളക്ഷൻ ഒരാഴ്ച കൂടി തുടർന്നാൽ 2018 കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറുമെന്ന് തിയറ്റർ ഉടമയും നിർമ്മാതാവുമായ ലിബർട്ടി ബഷീർ ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു. കേരളത്തിലെ തിയറ്ററുകളിൽ നിന്ന് മാത്രം 65 കോടിക്ക് മുകളിൽ 2018 ഗ്രോസ് നേടിയെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിലെ തിയറ്റർ കളക്ഷനിൽ പുലിമുരുകനാണ് നിലവിൽ മുന്നിലുള്ളത് 78.50 കോടിയാണ് പുലിമുരുകൻ കേരള ഗ്രോസ്. രണ്ടാമത് മോഹൻലാൽ ചിത്രമായ ലൂസിഫർ ആയിരുന്നു. ആകെ ഗ്രോസ് 63.50 കോടി. ഇതര ഭാഷാ സിനിമകൾ നോക്കിയാൽ 73 കോടി ഗ്രോസ് ബാഹുബലി സെക്കൻഡും 68 കോടി കെജിഎഫ് സെക്കൻഡും നേടിയിട്ടുണ്ട്.
9 കോടി 12 ലക്ഷമാണ് ഇന്ത്യക്ക് പുറത്ത് നിന്നുള്ള റിലീസ് കേന്ദ്രങ്ങളിൽ നിന്ന് 2018 സ്വന്തമാക്കിയത്.
ബോളിവുഡ് ഫിലിം വെബ് സൈറ്റായ പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം ഓരോ ആഴ്ചയിലെയും 2018ന്റെ കേരള തിയറ്റർ കളക്ഷൻ ഈ വിധത്തിലാണ്.
Week One - Rs. 25.15 crores
Week Two - Rs. 29.40 crores
3rd Friday - Rs. 2.85 crores
3rd Saturday - Rs. 3.50 crores
3rd Sunday - Rs. 4.40 crores
Total - Rs. 65.30 crores
മലയാളത്തില്‍ ആദ്യ നാല് മാസം റിലീസ് ചെയ്ത 75 ചിത്രങ്ങളില്‍ ഒരു ചിത്രം മാത്രമാണ് തിയറ്ററുകളില്‍ വിജയമുണ്ടാക്കിയത് എന്നും തിയറ്ററുകള്‍ ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോകുന്നതെന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്താണ് 2018 റിലീസ് ചെയ്തത്. ചിത്രത്തിന്റെ വിജയം തിയറ്റര്‍ മേഖലയ്ക്ക് ഉണര്‍വായി.ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമന്‍ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിന്‍ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റെതാണ് സൗണ്ട് ഡിസൈന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ : മോഹന്‍ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ : ഗോപകുമാര്‍ ജികെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടര്‍ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആര്‍ ഒ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് : സിനറ്റ് & ഫസലുള്‍ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്, ഡിസൈന്‍സ് : യെല്ലോടൂത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.