സവര്‍ണ ബോധത്തിന്റെ ഓക്കാനമാണ് തിരുത വിളികള്‍

കെ.വി തോമസിനെ രാഷ്ട്രീയമായി ഓഡിറ്റ് ചെയ്യാം, അദ്ദേഹത്തിന് അധികാരമോഹമെങ്കില്‍ അത് തുറന്ന് കാട്ടാം. പക്ഷേ ഒന്ന് മറന്നുകൂടാ അദ്ദേഹത്തിന്റെ പേര് പ്രൊഫസര്‍. കെ.വി തോമസ് എന്നാണ് അല്ലാതെ 'തിരുത കെ.വി തോമസ്' എന്നല്ല. അത് രോഷാകുലരായ ചിലരുടെ ആത്മസംതൃപ്തിക്ക് എണ്ണെയൊഴിച്ച് നല്‍കുന്ന മാധ്യമങ്ങളും ഓര്‍ക്കണം.

ചിലരുടെ സകല ജാതീയ വൃത്തിക്കേടുകളും കമന്റുകളായി പുറം തള്ളാന്‍ ഒരു അവസരമൊരുക്കി നല്‍കാന്‍ ഇടയ്ക്ക് ഇടയ്ക്ക് തിരുത കറി, തിരുത മീന്‍ എന്ന സ്റ്റോറി കൊടുക്കാമെന്ന് തീരുമാനിക്കുന്ന എഡിറ്റോറിയല്‍ ഡിസിഷന്‍ എടുക്കുന്നവരും അറിയണം.

2001ല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ കെ.വി തോമസ് തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിരുന്നു. അദ്ദേഹം കോണ്‍ഗ്രസിന്റെ ഡി.സി.സി പ്രസിഡന്റായിരുന്നു, കെ.പി.സി.സി ട്രഷറര്‍ ആയിരുന്നു. ഐ.എന്‍.ടി.യുസിയുടെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയുമായിരുന്നു. 22 വര്‍ഷക്കാലത്തോളം ലോക്‌സഭയിലെ അംഗമായിരുന്നു.

എക്‌സൈസ്, ടൂറിസം, ഫിഷറീസ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ അഫയേഴ്‌സ്, ഫുഡ് ആന്‍ പബ്ലിക് ഡിസ്ട്രിബൂഷന്‍ കൈകാര്യം ചെയ്ത വകുപ്പ് മന്ത്രിയുമായിരുന്നു. അത്രയധികം കരിയര്‍ ഗ്രാഫുള്ള നേതാവിനെയാണ് തിരുതയെന്ന് വിളിച്ച് ജാതിയ അധിക്ഷേപം നടത്തുന്നത്.

അതെന്താ മത്സ്യതൊഴിലാളി കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് ഇത്രയൊക്കെയേ വളരാകൂ എന്ന് നിങ്ങള്‍ നിര്‍വചിച്ച് വെച്ചിട്ടുണ്ടോ? അതോ ഇതൊക്കെ കെ.വി തോമസിന് കൊടുത്ത ഔദാര്യമായാണോ കരുതുന്നത്.

'മുക്കുവക്കുടിലില്‍ നിന്നെന്ന് പറഞ്ഞയാളുടെ ആസ്തി നോക്കണം,' എന്ന കെ.സുധാകരന്റെ പ്രസ്താവന എന്താണ് അര്‍ത്ഥമാക്കുന്നത്? കുടിലില്‍ മാത്രമേ മത്സ്യതൊഴിലാളികള്‍ക്ക് ജീവിക്കാന്‍ പാടുള്ളൂ എന്നാണോ?

അസ്ഥാനത്തും കൊള്ളാത്ത കൈകളിലുമാണ് ഈ വാരിക്കോരി കൊടുത്തതെന്ന് ഞങ്ങളിന്ന് സഹതപിക്കുകയാണ് എന്നാണ് കെ.സുധാകരന്‍ പറഞ്ഞത്. രാഷ്ട്രീയമായ അദ്ദേഹത്തിന്റെ രോഷത്തെ ആ അര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്നു. പക്ഷേ ജാതീയമായ അധിക്ഷേപത്തെയും വംശീയതയെയും ആ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനാകില്ല. തിരുത മീനിന്റെ ചിത്രം കായലില്‍ എറിഞ്ഞാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. അത് പ്രതിഷേധമല്ല വംശീയ ജാതീയ അധിക്ഷേപമാണ്. മുതിര്‍ന്ന നേതാക്കള്‍ അധികാര രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കാത്തത് കൊണ്ട് അവസരം ലഭിക്കാത്തവരാണ് യൂത്ത് കോണ്‍ഗ്രസ്. നിങ്ങളുടെ തികച്ചും ന്യായമായ ആവശ്യങ്ങളാണ് ഇത്തരം പ്രതിഷേധങ്ങളിലൂടെ നിങ്ങള്‍ തന്നെ തല്ലിതകര്‍ക്കുന്നത്.

സോണിയ ഗാന്ധിക്ക് തിരുത കൊടുത്താണ് കെ.വി തോമസ് ഇവിടെ വരെ എത്തിയതെന്ന് പറയുമ്പോള്‍ നിങ്ങളുടെ പാര്‍ട്ടിയുടെ അധ്യക്ഷയെ തന്നെയാണ് അപമാനിക്കുന്നത്. കടുത്ത സ്ത്രീവരുദ്ധത കൂടിയാണ് ആവര്‍ത്തിക്കുന്നത്. രാജീവ് ഗാന്ധിയെയോ, രാഹുല്‍ ഗാന്ധിയെയോ തിരുത കൊടുത്ത് സ്വാധീനിച്ചെന്ന് നിങ്ങള്‍ പറയുമോ? കെ.വി തോമസിന്റെ രാഷ്ട്രീയം ജാതീയ അധിക്ഷേപമില്ലാതെ, സ്ത്രീ വിരുദ്ധതയില്ലാതെ വിമര്‍ശിക്കാനാകില്ലേ.

സമൂഹമാധ്യമങ്ങളിലെ ജാതീയ അധിക്ഷേപങ്ങള്‍ അതിരുവിടുമ്പോള്‍ അവയ്ക്ക് എണ്ണയൊഴിക്കുന്ന മാധ്യമങ്ങള്‍ക്കും സ്വയം വിമര്‍ശനപരമായി ചിന്തിക്കാവുന്നതാണ്. ജാതി അധിക്ഷേപവും വംശീയ അധിക്ഷേപവും തിരിച്ചറിയാതെ പോകുന്നത് എന്തുകൊണ്ടാണെന്നതിന് ഉത്തരമാണ് സവര്‍ണ ജാതിക്കാരുടെ ഒരു കോട്ടയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്ന പഠനങ്ങള്‍.

തിരുത മീന്‍ പൊന്നും വിലയുള്ള താരം, തിരുത ഒരു ചെറിയ മീനല്ല, തിരുത ആള്‍ ഇന്റര്‍നാഷണലാണ് എന്നൊക്കെ പറഞ്ഞ് മണിക്കൂര്‍ മണിക്കൂര്‍ ഇടവിട്ട് നല്‍കുന്ന വാര്‍ത്തയിലെ യുക്തിരാഹിത്യം

സവര്‍ണത മുഖമുദ്രയായി കൊണ്ടു നടക്കുന്നത് കാരണം കൂടിയാണ്. ഗൂഗിളില്‍ ട്രെന്‍ഡിങ്ങ് വാര്‍ത്തകളിലൊന്നാണ് തിരുത. സ്ത്രീവിരുദ്ധതയും ജാതി അധിക്ഷേപവും നിറഞ്ഞ് നില്‍ക്കുകയാണ് ട്രോളുകളില്‍.

സവര്‍ണ കേരളത്തിന്റെ രോഷമാണ് പല വാളുകളിലും കാണുന്നത്. ജാതി പൊളിച്ച് ഒരുവന്‍ ഏത് നിലയില്‍ എത്തിയാലും വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തും നിന്റെ ജാതി ഇതാണെന്ന്. ചെത്തുകാരന്‍ വിളികളും തിരുത വിളികളുമൊക്കെ സവര്‍ണ ബോധത്തില്‍ നിന്നുകൊണ്ടുള്ള ഓക്കാനമാണ്.