ലഹരി തരുന്ന സന്തോഷം ഒരിക്കലും നിലനിൽക്കില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. തമിഴ്നാട്ടിൽ വെച്ചു നടന്ന വാഹനാപകടത്തിന് ശേഷം ഇതാദ്യമായാണ് ഷൈൻ ഒരു മാധ്യമത്തോട് സംസാരിക്കുന്നത്. ലഹരിയെ അതിജീവിക്കാനുള്ള ശ്രമത്തിനിടയിലും പലരും ഇപ്പോഴും താൻ പഴയ വഴിയിലേക്ക് പോകും എന്ന് കമന്റുകൾ പറയാറുണ്ടെന്ന് ഷൈൻ പറയുന്നു. മുമ്പ് ലഹരി നിർത്താൻ ശ്രമിച്ചത് സമ്മർദ്ദവും പേടിയും മൂലമായിരുന്നുവെന്നും പക്ഷേ ഇന്നത് ചെയ്യുന്നത് തനിക്ക് ചുറ്റുമുള്ളവർക്ക് വേണ്ടിയാണെന്നും ഷൈൻ ദ ക്യു എഡിറ്റർ ഇൻ ചീഫ് മനീഷ് നാരായണന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഷൈൻ ടോം ചാക്കോ പറഞ്ഞത്:
ലഹരിയെ എനിക്ക് അതിജീവിക്കാൻ ചെയ്യാൻ സാധിച്ചത് എന്റെ അടിസ്ഥാന ലഹരി സിനിമ ആയത് കൊണ്ടാണ്. ആ ലഹരിയുമായാണ് നമ്മൾ മുന്നോട്ട് പോകുന്നത്. പട്ടിണിക്കിട്ടാലും വയറ് നിറച്ച് ഭക്ഷണം തന്നാലും നമ്മൾ അത് തന്നെ ചെയ്യും. ഇപ്പോഴും പല കമന്റുകളും ഞാൻ കേൾക്കാറുണ്ട് ഇവൻ നാളെ തന്നെ ഇത് വീണ്ടും തുടങ്ങും എന്ന്. കാരണം ഇതിന് മുമ്പേയും ഞാൻ ഇത് നിർത്താൻ ശ്രമിച്ചിരുന്നതാണ്. അന്ന് ഞാൻ അത് നിർത്താൻ ശ്രമിച്ചത് സമ്മർദ്ദം കൊണ്ടും പേടി കൊണ്ടുമാണ്. ഇന്ന് ഞാൻ അത് ചെയ്യുന്നത് എനിക്ക് ചുറ്റുമുള്ളവർക്ക് വേണ്ടിയാണ്. ലഹരി ഒരു പങ്കാളിയെപ്പോലെയാണ്. അത് നമുക്ക് സന്തോഷം തരാം. പക്ഷേ അതൊരിക്കലും നിലനിൽക്കുന്നില്ല. അത് നമുക്ക് പ്ലഷറും മറ്റുള്ളവർക്ക് പ്രഷറും ആണ്. അത് നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതത്തെ സങ്കീർണ്ണമാക്കും. അവരുടെ ജീവിതത്തെ ദുഃഖത്തിൽ ആഴ്ത്തിക്കൊണ്ട് നമ്മൾ സന്തോഷം അനുഭവിച്ചിട്ട് ഒരു കാര്യവുമില്ല.
തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ചാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ഷൈന്റെ പിതാവ് സി.പി. ചാക്കോ മരണപ്പെടുകയും ഷൈനിനും അമ്മ മരിയയ്ക്കും ഗുരുതര പരിക്കുകൾ സംഭവിക്കുകയും ചെയ്തിരുന്നു.