മോദിക്കെതിരെ തെരുവിലിറങ്ങാത്ത പ്രതിപക്ഷമാണ് വലിയ നിരാശ: ജോസി ജോസഫ് അഭിമുഖം

നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ രാജ്യത്ത് ജനാധിപത്യ സംവാദത്തിനുള്ള ഇടത്തിന് ഇരുമ്പ് മറയിട്ടെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ്. നരേന്ദ്രമോഡി ആര്‍എസ്എസ് പ്രചാരകനായിരുന്നതിനാല്‍ എങ്ങനെ പ്രൊപ്പഗാന്‍ഡ നടപ്പാക്കണമെന്ന് അറിയാം. മാധ്യമങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്നും വരുതിയിലാക്കണമെന്നും മോദിക്ക് അറിയാം. സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാത്ത മാധ്യമങ്ങളെ സിബിഐയെയും ഇഡിയെയും ഉപയോഗിച്ച് നേരിടുന്ന രീതിയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേത്. ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിലാണ് ജോസി ജോസഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ജോസി ജോസഫിന്റെ വാക്കുകള്‍

നരേന്ദ്രമോദി ചെയ്യുന്നതെല്ലാം അദ്ദേഹം അധികാരത്തിലെത്തുന്നതിന് മുമ്പ് പ്രതീക്ഷിച്ചത് മാത്രമാണ്. നിരാശപ്പെടുത്തുന്നത് ഇത്രയും ആസൂത്രിത അടിച്ചമര്‍ത്തലുകള്‍ ഉണ്ടാകുമ്പോള്‍ തെരുവില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷമില്ല എന്ന കാര്യമാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തേണ്ട മാധ്യമരംഗം മൗനം പുലര്‍ത്തുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും വലിയ നിരാശ മോദിയല്ല മോദിക്കെതിരെ തെരുവിലിറങ്ങാത്ത പ്രതിപക്ഷമാണ്.

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ തെരുവിലിറങ്ങാന്‍ പ്രതിപക്ഷമുണ്ടായിരുന്നു. പരസ്യമായി വിമര്‍ശിക്കാന്‍ ഇവിടെ മാധ്യമങ്ങളുണ്ടായിരുന്നു. ബിജെപി അടങ്ങുന്ന പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിച്ച് ജയിലില്‍ കിടന്നു. മാധ്യമങ്ങളില്‍ കൃത്യമായ വര്‍ഗീയവല്‍ക്കരണം നടക്കുമ്പോള്‍, ബിജെപി സര്‍ക്കാര്‍ ഈ രാജ്യത്ത് ചങ്ങാത്ത മുതലാളിത്തതിന്റെ പുതിയ തലം ഉണ്ടാക്കുമ്പോള്‍, അദാനിയടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് സഹായമൊരുക്കുമ്പോള്‍ ഈ പ്രതിപക്ഷം തെരുവിലിറങ്ങിയിരുന്നെങ്കില്‍ മാധ്യമങ്ങള്‍ കൃത്യമായ നിലപാട് ഉയര്‍ത്തിപ്പിടിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ഇന്ന് നേരിടേണ്ട ഗതികേണ്ട് ഉണ്ടാവില്ലായിരുന്നു.

ഒരു മന്ത്രിയുടെ അഭിമുഖം കിട്ടുന്നതോ, മുന്‍നിശ്ചയിച്ച അഭിമുഖത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തുന്നതോ ആണ് ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം. ഒരു സംഭവത്തിന് പിന്നില്‍ ഓര്‍ഗനൈസ്ഡ് ക്രൈം നടന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ആരൊക്കെ ഉണ്ടെന്ന് കണ്ടെത്തുക കൂടിയാണ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസം. ഇന്‍വെസ്റ്റിവ് ജേണലിസം ഇന്ത്യയില്‍ ഭംഗിയായി നടക്കാത്തത് ജേണലിസ്റ്റുകള്‍ മോശമായത് കൊണ്ടല്ല. ഒരു പാട് മിടുക്കരായ ജേണലിസ്റ്റുകളുള്ള രാജ്യമാണ് ഇന്ത്യ. ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസം ചെയ്യാനുള്ള യാതൊരു സൗകര്യവും മുഖ്യധാരാ മാധ്യമങ്ങളില്‍ ഇല്ല.

Related Stories

No stories found.
logo
The Cue
www.thecue.in