നിലപാട്, ധൈര്യം, വിന്‍സി അലോഷ്യസ് | Vincy Aloshious

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞുകൊണ്ട് നടി വിന്‍സി അലോഷ്യസ് രംഗത്തു വന്നതും പിന്നീട് അവര്‍ നല്‍കിയ പരാതിയും വലിയ ചര്‍ച്ചയായിരിക്കുകയാണ്. സിനിമയില്‍ ഒരു താരത്തിനെതിരെ മറ്റൊരു താരം പരാതി ഉന്നയിച്ചാല്‍, പരാതി ഉന്നയിക്കുന്നയാള്‍ സ്ത്രീ ആയാല്‍ എന്താവും സംഭവിക്കുക? കരിയറില്‍ അവര്‍ക്ക് പിന്നീട് നേരിടേണ്ടി വരിക തിരിച്ചടികളായിരിക്കും എന്നതാണ് പലരുടെയും അനുഭവം. ചിലപ്പോള്‍ സിനിമകളില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെട്ടേക്കാം. ഈ പശ്ചാത്തലത്തില്‍ കൂടി വേണം വിന്‍സി അലോഷ്യസ് നടത്തിയ വെളിപ്പെടുത്തലിനെയും പിന്നീട് അവര്‍ നല്‍കിയ പരാതിയെയും കാണാന്‍.

ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് സിനിമാ സെറ്റുകളില്‍ ഐസി എന്ന പേരില്‍ അറിയപ്പെടുന്ന ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളുണ്ടാകണം. അത്തരം കമ്മിറ്റികളിലും നിര്‍മാതാക്കളുടെ സംഘടനയിലും അമ്മയിലുമാണ് വിന്‍സി പരാതി നല്‍കിയത്. വിന്‍സി പ്രകടിപ്പിച്ചത് അസാധാരണമായ ധൈര്യമായിരുന്നുവെന്നത് പ്രത്യേകം എടുത്തു പറയണം. സഹപ്രവര്‍ത്തകന്റെ ലഹരി ഉപയോഗം മൂലം തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ വെളിപ്പെടുത്തുകയും അതില്‍ അവര്‍ പരാതി നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുസമൂഹവും നടത്തി വരുന്ന ലഹരി വിരുദ്ധ നീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് വിന്‍സിയുടെ നടപടിയും നിലപാടും എന്നതില്‍ സംശയമില്ല. ഒപ്പം അഭിനയിച്ച നടന്‍ ലഹരിയില്‍ അപമര്യാദയായി പെരുമാറിയെന്ന് അവര്‍ ആദ്യം വെളിപ്പെടുത്തുന്നു. പിന്നാലെ അവര്‍ ആ വിഷയം ചൂണ്ടിക്കാട്ടി പരാതി ഉന്നയിക്കുന്നു. അത് വാര്‍ത്തയാകുന്നു. ലഹരി ഉപയോഗത്തിന് മുന്‍പ് കേസില്‍ പെടുകയും അറസ്റ്റിലാവുകയും ചെയ്തിട്ടുള്ളയാളാണ് ആരോപണ വിധേയനായ നടന്‍.

സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന പരാതികള്‍ ഇതിന് മുന്‍പും ഉയര്‍ന്നിട്ടുണ്ട്. അക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സംഘടനകള്‍ അടക്കം വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ അതിനെ നിയന്ത്രിക്കാന്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല എന്നുകൂടി ഈ സംഭവം ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രധാന താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നത് തടയാന്‍ പിന്നണി പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. ലഹരിയില്‍ അവര്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമം നടത്തുന്നതും അധിക്ഷേപിക്കുന്നതും തടയാന്‍ കഴിയുന്നില്ല. വിന്‍സിയുടെ ഇടപെടല്‍ ഈ വിഷയത്തില്‍ ഒരു ഉണര്‍വുണ്ടാക്കണം. കുറച്ചു കാലത്തേക്കെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത അത് സിനിമാ മേഖലയിലുണ്ടാക്കുമെന്നതും തീര്‍ച്ചയാണ്.

ഈ സംഭവത്തിന്റെ മറ്റൊരു വശം കൂടി പരിശോധിക്കേണ്ടതുണ്ട്. വിന്‍സി പരാതി നല്‍കിയതിന് ശേഷം സംഭവിച്ചതെന്താണ്? രഹസ്യമായി സൂക്ഷിക്കേണ്ട ആ പരാതിയിലെ വിവരങ്ങള്‍ പുറത്തു വരുന്നു. പ്രതിയുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. സിനിമാ ലൊക്കേഷനുകളില്‍ മാത്രമല്ല, ഏതു തൊഴില്‍ മേഖലയിലും ഇത്തരം പരാതി പരിഹാര സംവിധാനങ്ങളുണ്ട്. അവയില്‍ ലഭിക്കുന്ന പരാതികള്‍ രഹസ്യമായി സൂക്ഷിക്കുന്നതിന് പിന്നില്‍ സ്വകാര്യത എന്ന ഘടകമുണ്ട്. വിന്‍സിയുടെ പരാതിയില്‍ അവര്‍ വ്യക്തമാക്കിയിരിക്കുന്നതു പോലെ വരാനിരിക്കുന്ന സിനിമയുടെ മുന്നോട്ടു പോക്കിനെ ബാധിക്കുന്ന ഘടകങ്ങള്‍ കൂടിയുണ്ട്. അപ്പോള്‍ ആ പരാതി പുറത്തു വന്നതിന് പിന്നിലെ താല്‍പര്യങ്ങള്‍ എന്തായിരിക്കും? പരാതികളുമായി മുന്നോട്ടു വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നടപടിയായി ഇത് മാറുന്നില്ലേ എന്ന സംശയവും സ്വാഭാവികമായി ഉയരും. സിനിമയില്‍ ഐസികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പരാതികള്‍ ഉയരുകയും പിന്നീട് പലതലത്തില്‍ ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്തതാണ്.

എന്നിട്ടും ആരെയാണ് വിശ്വസിക്കേണ്ടതെന്ന് പരാതിക്കാരിക്ക് പൊതുസമൂഹത്തോട് ചോദിക്കേണ്ടി വരികയെന്നത് ഗതികേടാണ്. സ്വകാര്യത ഹനിക്കപ്പെട്ടതും പരാതിയുടെ രഹസ്യ സ്വഭാവം ഇല്ലാതാക്കപ്പെട്ടതും അവരെ തീര്‍ച്ചയായും ബാധിച്ചിട്ടുണ്ട്. പരാതി പുറത്തുവിട്ടവര്‍ ഏറ്റവും വലിയ വിശ്വാസരാഹിത്യമാണ് കാട്ടിയിരിക്കുന്നത്. സ്വന്തം നിലപാട് പറഞ്ഞ് മുന്നോട്ടു പോയാല്‍ മതിയായിരുന്നു എന്ന് അവര്‍ക്ക് പറയേണ്ടി വരുന്നത് നിലവിലുള്ള സംവിധാനങ്ങളില്‍ അവര്‍ക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു എന്നതാണ് വ്യക്തമാക്കുന്നത്. അവിടെയും വിന്‍സിക്ക് തന്റെ നിലപാടുണ്ട്. മുഖം നഷ്ടപ്പെടുന്നത് സിനിമയില്‍ നിലനില്‍ക്കുന്ന ചില സംവിധാനങ്ങള്‍ക്കാണ്. ലഹരിയും ലൈംഗിക, തൊഴില്‍ ചൂഷണങ്ങളും അടക്കമുള്ളവയ്‌ക്കെതിരെ തയ്യാറാക്കിയെന്ന് അവകാശപ്പെടുന്ന സംവിധാനങ്ങളുടെ.

Related Stories

No stories found.
logo
The Cue
www.thecue.in