‘ഡീഗ്രേഡിങ്ങിന് പിന്നില്‍ ഭക്ഷണം കഴിക്കാന്‍ പോലും ഗതിയില്ലാത്തവര്‍, അഭിനന്ദിച്ചത് മള്‍ട്ടി ബില്യണേഴ്‌സടക്കം’: വേണു കുന്നപ്പിള്ളി 
To The Point

‘ഡീഗ്രേഡിങ്ങിന് പിന്നില്‍ ഭക്ഷണം കഴിക്കാന്‍ പോലും ഗതിയില്ലാത്തവര്‍, അഭിനന്ദിച്ചത് മള്‍ട്ടി ബില്യണേഴ്‌സടക്കം’: വേണു കുന്നപ്പിള്ളി 

കെ. പി. സബിന്‍

കെ. പി. സബിന്‍

ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാന്‍ ഗതിയില്ലാത്തവരൊക്കെയാണ് മാമാങ്കം സിനിമയുടെ കളക്ഷന്‍ കണക്കുകളെക്കുറിച്ചൊക്കെ സമൂഹ മാധ്യമങ്ങളില്‍ എഴുതുന്നതെന്ന വാദവുമായി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ജീവിതത്തില്‍ ഇതുവരെ ഒരു ലക്ഷം രൂപ പോലും ഒരുമിച്ച് കാണാത്തവരൊക്കെയാണ് കണക്കുകളൊക്കെ എഴുതിപ്പിടിപ്പിക്കുന്നത്. അതിന് ഇവര്‍ക്കൊക്കെ എന്ത് യോഗ്യതയാണുള്ളത്. കണക്ക് ചോദിക്കണമെങ്കില്‍ അതിനുള്ള മിനിമം യോഗ്യതയെങ്കിലും വേണ്ടേ. ഏറ്റവും താഴേക്കിടയിലുള്ള മോശമായ തരത്തിലുള്ളളവരാണ് ഡീഗ്രേഡിങ്ങിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നുമാണ് വേണു കുന്നപ്പിള്ളിയുടെ പരാമര്‍ശം. ദ ക്യുവിന്റെ, ടു ദ പോയിന്റ് അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ അവശരായ ആള്‍ക്കാരാണ് ഇതിന് പിന്നിലൊക്കെ. പത്താം ക്ലാസും പ്ലസ്ടുവുമൊക്കെ കഴിഞ്ഞുനില്‍ക്കുന്ന പിള്ളേരാണ്. അവരോടൊന്നും കണക്ക് ബോധിപ്പിക്കേണ്ട കാര്യമില്ല. നമുക്ക് എത്തിപ്പെടാന്‍ പോലും കഴിയാത്ത മള്‍ട്ടി ബില്യണേഴ്‌സ് അടക്കമാണ് വിളിച്ച് അഭിനന്ദിച്ചത്.കുടുംബസമേതം കണ്ട് പടം ഇഷ്ടമായെന്നാണ് അവര്‍ പറഞ്ഞതെന്നും വേണു കുന്നപ്പിള്ളി അവകാശപ്പെട്ടു.

സിനിമയ്ക്ക് പല ഭാഗത്തുനിന്ന് ആക്രമണമുണ്ടായി. ഒടിയന്‍ ഡീഗ്രേഡ് നേരിട്ടതിന് പ്രതികാരം ചെയ്യാന്‍ ചിലര്‍ കാത്തിരുന്നു. അത് ഒരു പരിധിവരെ ബാധിച്ചിട്ടുണ്ട്. ആദ്യ സംവിധായകനെ മാറ്റിയതുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്ന് സിനിമയ്‌ക്കെതിരെ ചെറിയ തോതിലുള്ള ആസൂത്രിത നീക്കം ഉണ്ടായിട്ടുണ്ട്. അതുപക്ഷേ ചെറിയ ശതമാനമേ ബാധിച്ചിട്ടുള്ളൂ. മലയാളത്തിലെ ഒരു പ്രമുഖ നിര്‍മ്മാതാവ് ഡീഗ്രേഡിങ്ങിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്.എന്നാല്‍ ഇതിന് തെളിവുകള്‍ ലഭ്യമായിട്ടില്ല. എന്തെങ്കിലും പ്രൂഫ് ലഭിക്കുമോയെന്നാണ് നോക്കുന്നത്. പൊലീസ് അന്വേഷണവും അതിന് പറമെ തങ്ങളുടേതായ പരിശോധനയും നടക്കുന്നുണ്ടെന്നും മാമാങ്കം നിര്‍മ്മാതാവ് പറയുന്നു.

ആ നിര്‍മ്മാതാവിന്റെ പങ്കാളിത്തം അറിയേണ്ടതുണ്ട്. പുള്ളിക്ക് പല താല്‍പ്പര്യങ്ങളുണ്ടെന്ന് കുറച്ചുപേര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഒരേ വ്യക്തിയെ ചൂണ്ടിക്കാട്ടുമ്പോള്‍ അതില്‍ കാര്യമുണ്ടെന്ന് വിശ്വസിക്കേണ്ടി വരും. ഒരു നിര്‍മ്മാതാവ് മറ്റൊരു നിര്‍മ്മാതാവിന്റെ ചിത്രത്തിനെതിരെ ഫാന്‍സിനെ കൂട്ടുപിടിച്ച് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് വളരെ മോശമാണ്. അത്തരം ഇടപെടലുകള്‍ മലയാള സിനിമയെ ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. സജീവ് പിള്ള സംവിധായകനായി ഷൂട്ട് ചെയ്ത മാമാങ്കത്തിന്റെ 32 മിനിട്ട് ഫൂട്ടേജ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും. അപ്പോള്‍ അദ്ദേഹത്തിന്റെ കഴിവെന്താണെന്നും 18 വര്‍ഷം കൊണ്ടാണോ 18 ദിവസം കൊണ്ടാണോ എഴുതിയതെന്ന്‌ മനസ്സിലാകുമെന്നും വേണു കുന്നപ്പിള്ളി പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in