മോഹന്‍ലാലിനെ നേരിടാന്‍ സുരേഷ് ഗോപി, ബിഗ് ബോസിനെ വെല്ലാന്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരനുമായി മഴവില്‍ മനോരമ 

മോഹന്‍ലാലിനെ നേരിടാന്‍ സുരേഷ് ഗോപി, ബിഗ് ബോസിനെ വെല്ലാന്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരനുമായി മഴവില്‍ മനോരമ 

വിനോദ ചാനലുകളുടെ ഓഡിയന്‍സ് റേറ്റിംഗില്‍ വമ്പന്‍ കുതിപ്പ് തീര്‍ത്ത ഗെയിം ഷോകളാണ് ബിഗ് ബോസ്, കോന്‍ ബനേഗാ ക്രോര്‍പതി. ഇവയുടെ മലയാളം പതിപ്പുകളും ബാര്‍ക് റേറ്റിംഗില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം മോഹന്‍ലാല്‍ അവതാരകനാകുന്ന ആദ്യ ഗെയിം ഷോ എന്ന നിലയ്ക്കാണ് ബിഗ് ബോസ് മലയാളം പതിപ്പ് ഏഷ്യാനെറ്റ് അവതരിപ്പിച്ചത്. ബിഗ് ബോസ് രണ്ടാം സീസണ്‍ ഏഷ്യാനെറ്റ് തുടങ്ങാനിരിക്കെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പുതിയ സീസണ്‍ സംപ്രേഷണം ചെയ്ത് ചാനലിനെ നേരിടാനൊരുങ്ങുകയാണ് മഴവില്‍ മനോരമ. സുരേഷ് ഗോപിയെ അവതാരകനാക്കി ഏഷ്യാനെറ്റ് വിവിധ സീസണുകളിലായി സംപ്രേഷണം ചെയ്ത നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പുതിയ സീസണ്‍ മുതല്‍ മഴവില്‍ മനോരമയിലായിരിക്കും. ബിഗ് ബോസ് സെക്കന്‍ഡ് പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പ്രമോയുമായി മഴവില്‍ മനോരമയുടെ സര്‍പ്രൈസ് എന്‍ട്രി.

എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയാണ് ബിഗ് ബോസ് ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്നത്. സ്റ്റാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. തമിഴില്‍ വിജയ് ചാനലില്‍ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് പുരോഗമിക്കുന്നുണ്ട്. സാബുമോന്‍ അബ്ദുസമദ് ആയിരുന്നു മലയാളം ബിഗ് ബോസ് ആദ്യ സീസണ്‍ വിജയി. സ്റ്റാര്‍ ഓവര്‍ ദ ടോപ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഹോട്ട് സ്റ്റാറിലും ബിഗ് ബോസ് മലയാളം സംപ്രേഷണത്തിന് പിന്നാലെ വരിക്കാറുടെ എണ്ണത്തില്‍ കുതിപ്പ് ഉണ്ടായിരുന്നു. ഹു വാണ്‍ട്‌സ് ടുബി മില്യണയര്‍ ഗെയിം ഷോയുടെ ഇന്ത്യന്‍ പതിപ്പ് കോന്‍ ബനേഗാ ക്രോര്‍പതി റിലയന്‍സ് ബിഗ് എന്റര്‍ടെയിന്‍മെന്റിന് കീഴിലുള്ള ബിഗ് സിനര്‍ജിയാണ് നിര്‍മ്മിക്കുന്നത്.

അറിവിന്റെ മഴവില്‍ക്കാവടിയേന്തിയ ഉല്‍സവക്കൊടിയേറ്റം എന്നാണ് മഴവില്‍ മനോരമയില്‍ സുരേഷ് ഗോപി എത്തുന്ന പ്രമോയില്‍ പറയുന്നത്.

മലയാളത്തില്‍ ഫ്‌ളവേഴ്‌സിന് പിന്നാലെ സീ ഗ്രൂപ്പ് സീ ടെലവിഷന്‍ മലയാളം പതിപ്പുമായി എത്തിയതോടെ വിനോദ ചാനലുകള്‍ക്കിടയിലും കടുത്ത മത്സരമാണ്. കോമഡി റിയാലിറ്റി ഷോ, മ്യൂസിക് റിയാലിറ്റി ഷോ എന്നിവയുമായാണ് ഫ്‌ളവേഴ്‌സ്, മഴവില്‍ മനോരമ എന്നിവ തമില്‍ പ്രധാന മത്സരം.

ഏഷ്യാനെറ്റ് ആണ് ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യാ) റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് കാലങ്ങളായി തുടരുന്നത്. സെപ്തംബര്‍ 13ന് അവസാനിച്ച ആഴ്ചയിലെ കണക്കെടുപ്പില്‍ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്തും ഫ്‌ളവേഴ്‌സ് രണ്ടാം സ്ഥാനത്തും മഴവില്‍ മനോരമ മൂന്നാം സ്ഥാനത്തും സൂര്യാ ടിവി നാലാം സ്ഥാനത്തും കൈരളി ടിവി അഞ്ചിലുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in