
ടെക് ഭീമന്‍മാരായ ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരിയില്‍ 3.5 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തുകയും വിപണിമൂല്യം 334,000 കോടിയായി ഉയരുകയും ചെയ്തു. ഇതോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മൈക്രോസോഫ്റ്റിനെ മറികടന്ന് എന്‍വിഡിയ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ജൂണ്‍ ആദ്യവാരത്തില്‍ തന്നെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആപ്പിളിനെ കമ്പനി മറികടന്നിരുന്നു. എന്‍വിഡിയ ഒന്നാം സ്ഥാനത്തെത്തുമെന്ന പ്രവചനങ്ങള്‍ സത്യമാക്കിക്കൊണ്ടാണ് ഈ മുന്നേറ്റം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുണ്ടായ കുതിപ്പാണ് എന്‍വിഡിയയുടെ വളര്‍ച്ചയ്ക്ക് കാരണമായത്. ഗ്രാഫിക്‌സ് ചിപ്പ് രംഗത്തെ മുന്‍നിരക്കാരായ എന്‍വിഡിയയുടെ ചിപ്പുകള്‍ എഐ മേഖലയില്‍ അനുയോജ്യമാണ്. എഐ ചിപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ ഈ വര്‍ഷം മാത്രം കമ്പനിക്ക് 180 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. കമ്പനിയുടെ ഓഹരികള്‍ 2ലക്ഷം കോടിയില്‍ നിന്ന് മൂന്ന് ലക്ഷം കോടിയിലേക്ക് വെറും 96 ദിവസം കൊണ്ടാണ് വളര്‍ന്നത്. ഈ നേട്ടം കൈവരിക്കാന്‍ മൈക്രോസോഫ്റ്റ് 945 ദിവസവും ആപ്പിള്‍ 1044 ദിവസവും എടുത്തിരുന്നു. ഈ ദ്രുതഗതിയിലുള്ള വളര്‍ച്ച കമ്പനിയിലേക്ക് ധാരാളം നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്.
എന്‍വിഡിയയുടെ ഡാറ്റാ സെന്റര്‍ ബിസിനസ് വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 427 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി അടക്കമുള്ള ചാറ്റ്‌ബോട്ടുകള്‍ക്ക് എന്‍വിഡിയയുടെ ഹൈഎന്‍ഡ് പ്രോസസറുകളാണ് ഉപയോഗിക്കുന്നത്. ഗെയിമിംഗിനു പുറമേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോക്താക്കള്‍ കൂടിയതോടെ അത് കമ്പനിയുടെ വരുമാനത്തില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടാക്കിയത്. ഇതോടെ കമ്പനി സിഇഒ ജെന്‍സണ്‍ ഹുവാങ്ങിന്റെ ആസ്തിയിലും കാര്യമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 93 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനയാണ് ഇതിലുണ്ടായത്.