'ധോണി വിരമിക്കുമ്പോഴും എവര്‍ സര്‍പ്രൈസിംഗ് എലമെന്റ് നഷ്ടപ്പെടുന്നില്ല, എങ്ങനെ തുടങ്ങിയോ അങ്ങനെ അവസാനിച്ചു'

'ധോണി വിരമിക്കുമ്പോഴും എവര്‍ സര്‍പ്രൈസിംഗ് എലമെന്റ് നഷ്ടപ്പെടുന്നില്ല, എങ്ങനെ തുടങ്ങിയോ അങ്ങനെ അവസാനിച്ചു'

2004ല്‍ ബംഗ്ലാദേശിനെതിരെ ക്രീസിലേക്ക് വന്ന ആ പയ്യന്‍ റണ്‍സ് ഒന്നും നേടാതെ റണ്‍ഔട്ട് ആയാണ് മടങ്ങിയത്. ഏറെ താമസിയാതെ, പിന്നീടൊരിക്കല്‍ കണ്ണെത്താദൂരത്തേക്ക് പറന്നുപോയ ഒരു വെള്ളപ്പന്തിനെ, പറത്തിവിട്ടതാരായിരുന്നു എന്ന അന്വേഷണമാണ് ആ നീളന്‍മുടിക്കാരനിലേക്ക് വീണ്ടുമെത്തിച്ചത്. ആ പ്രതിഭയുടെ പേരാണ് മഹേന്ദ്രസിംഗ് ധോണി.

ക്രിക്കറ്റിന്റെ പരമ്പരാഗതനിയമങ്ങള്‍ക്ക് ബന്ധിക്കാന്‍ കഴിയാതെ പോയ കളിക്കാരനാണ് ധോണി. തനിക്ക് മുന്നിലെത്തുന്ന പന്തുകളെ നേരിടാന്‍ തക്കവണ്ണം 'ജെന്റില്‍മെന്‍ ഗെയി'മിലെ കോപ്പിബുക്ക് ഷോട്ടുകളും കീഴ്‌വഴക്കങ്ങളും അയാള്‍ക്ക് പരിചിതമോ അത്രയെളുപ്പം വഴങ്ങുന്നതോ ആയിരുന്നില്ല. ധോണി ബോള്‍ ഡിഫന്‍സ് ചെയ്യുന്നത് ഒരുദാഹരണമാണ്. ഒരുപക്ഷേ, ഞാന്‍ കണ്ടതില്‍ വച്ച് പന്തിനെ ഇത്രയും മോശം രീതിയില്‍ തടുത്തിടുന്ന ഒരു ബാറ്റ്‌സ്മാന്‍ ഇല്ല! എന്നിട്ടും അയാള്‍ ഒരു സെന്‍സേഷന്‍ ആയി മാറി. ക്രിക്കറ്റ് മാത്രമാണ് ജീവിതമെന്ന് നിനച്ച്, ക്രിക്കറ്റ് അക്കാദമികളില്‍ കളിച്ച് തഴക്കം വന്ന ആളുകളുടെ ഗണത്തില്‍പ്പെടുന്നില്ല അയാള്‍. ആ അര്‍ത്ഥത്തില്‍ ധോണി ഒരു വിചിത്രമാതൃകയായിരുന്നു, അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കടന്നുവന്ന സമയത്ത് പരിചിതമുഖങ്ങളില്‍ തന്നെ അത്തരക്കാര്‍ വിരലിലെണ്ണാവുന്നവരായിരുന്നു. അയാളിലൂടെ ഊറ്റം കൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് മിഴിനട്ടിരുന്നവരും സ്ഥാനം നേടിയവരും പിന്നീട് ഉണ്ടായി. അത് ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല, ലോകക്രിക്കറ്റിലെ തന്നെ വലിയൊരു മാറ്റമായിരുന്നു.

ധോണിയുടെ ഇന്ത്യന്‍ ദേശീയടീമിലേക്കുള്ള വരവ് തന്നെ രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള ഒന്നാണ്. താരതമ്യേന പുതുതായി സ്ഥാപിക്കപ്പെട്ടതും മുഖ്യധാരയില്‍ സ്ഥാനപ്പെടാന്‍ അനുവദിക്കാതിരുന്നതുമായ ജാര്‍ഖണ്ഡ് പോലെ ഒരു സംസ്ഥാനത്ത് നിന്നാണ് അയാള്‍ ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. അതിനും മുന്നേ അത് ബീഹാര്‍ ആണെന്ന് തന്നെ പറയുന്ന ന്യായത്തിലും ഇതേ കാരണത്തെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. ക്രിക്കറ്റ് പോലെ ഇന്ത്യയില്‍, താരതമ്യേന സവര്‍ണ്ണമായിരുന്ന/ ഉപരിവര്‍ഗ്ഗ താത്പര്യങ്ങളുടെ കേളീരംഗമായിരുന്ന ഒരു വ്യവഹാരത്തില്‍, തഴക്കങ്ങളെയും വഴക്കങ്ങളെയും വകഞ്ഞുമാറ്റിയോ തച്ചുടച്ചോ ആണ് അയാള്‍ തന്റെ സ്ഥാനം നേടിയത്; തന്റെ ടീമിന്റെ നായകനായത്.

'ധോണി വിരമിക്കുമ്പോഴും എവര്‍ സര്‍പ്രൈസിംഗ് എലമെന്റ് നഷ്ടപ്പെടുന്നില്ല, എങ്ങനെ തുടങ്ങിയോ അങ്ങനെ അവസാനിച്ചു'
ഗാംഗുലിയോ ധോണിയോ?

പന്ത് പിടിച്ച് പുറകിലേക്ക് വലിച്ച് മുന്നോട്ടാഞ്ഞ് സ്റ്റമ്പ് ചെയ്യുന്ന കീപ്പിങ് ശൈലിയെ, ബൗളര്‍മാരുടെ മരകായുധമായ യോര്‍ക്കറുകളെ തട്ടിയും തടവിയും രക്ഷപ്പെടാന്‍ നിന്ന ബാറ്റിങ്ങ് ശൈലിയെ, പ്രതിരോധിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്ന ക്യാപ്റ്റന്റെ ഫീല്‍ഡ് സെറ്റിങ്ങ് ശൈലിയെ, പേസ് ബൗളര്‍മാരെക്കൊണ്ട് മാത്രം ബൗളിംഗ് ഓപ്പണ്‍ ചെയ്യിക്കുന്ന ക്ലിനിക്കല്‍/ ട്രഡിഷണല്‍ ക്രിക്കറ്റിങ് ശൈലിയെ ഒക്കെ അയാള്‍ വെല്ലുവിളിച്ചു; മാറ്റിയെടുത്തു. ധോണി ക്രിക്കറ്റില്‍ ചേസിംഗിന് തന്റേതായ ഒരു വഴി കണ്ടെത്തിയിരുന്നു. ഒരു ഘോരവനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ മറ്റ് വഴികളില്ലാതിരിക്കുമ്പോള്‍ വഴിവെട്ടുക മാത്രമേ അയാള്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. ഏകദിനക്രിക്കറ്റില്‍ 50 ഓവറില്‍ 250ന് മുകളില്‍ റണ്‍സ് നേടുകയെന്നത് തന്നെ വിജയമുറപ്പിക്കുക എന്ന അര്‍ത്ഥമുണ്ടായിരുന്ന അക്കാലത്ത് ഈ വഴി അയാള്‍ മാത്രം വെട്ടിയ ഒന്നായിരുന്നു. ഇങ്ങനെ അതിശയിപ്പിക്കുന്ന സ്‌ട്രോക്ക് പ്ലേ ആയിരുന്നു ധോണി ചേസിംഗില്‍ പുലര്‍ത്തിയത്. ധോണിയുടെ ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ (183*) പിറന്നത് അത്തരം ഒരു ചേസിംഗില്‍ ആയിരുന്നു. ഇന്ത്യ അന്ന് ആകെ നേടിയത് 303! അക്കാദമികളില്‍ പഠിച്ച് 'വിജയിച്ചു'വന്നവര്‍ക്ക് വളരെ വേഗം ദഹിക്കുന്നതായിരുന്നില്ല ആ വഴി. ഒരു പൂര്‍വ്വമാതൃക പിന്നെയും കണ്ടെത്താവുന്നത് സേവാഗിലാണ്. ചേസിംഗില്‍ സെവാഗ് അത്രയും ഡിപ്പന്‍ഡിങ് ആയിരുന്നില്ല എന്നതും ഓര്‍ക്കണം. പിന്നീടും അയാള്‍ ഈ ചേസിംഗ് പുതുക്കുന്നുണ്ട്. അപ്പോഴേക്കും അയാള്‍ മധ്യനിരയ്ക്കും താഴെ, ഒരു ഫിനിഷറുടെ റോളില്‍ എത്തിയിരുന്നു. അവിടെയാണ് അവസാന ഓവറുകളില്‍ ആരും പകച്ചുപോകുന്ന വിജയലക്ഷ്യങ്ങള്‍ അയാള്‍ തന്റെ ട്രേഡ്മാര്‍ക്ക് ഹെലികോപ്റ്റര്‍ ഷോട്ട് സിക്‌സറുകളിലൂടെ കയ്യെത്തിപ്പിടിച്ചത്. തന്റെ ഒപ്പം ക്രീസില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് അയാള്‍ പകരുന്ന ആത്മവിശ്വാസം കൊണ്ടുമാത്രം ഇന്ത്യ ജയിച്ച കളികളുണ്ട്. ശ്രീലങ്കക്കെതിരെ പത്താം വിക്കറ്റില്‍ ഇഷാന്ത് ശര്‍മ്മയോടൊത്ത് നിന്ന് അയാള്‍ ജയിപ്പിച്ച കളി അത്രവേഗം മറക്കാന്‍ പറ്റില്ല. ക്രീസില്‍ 'ധോണി ഉള്ളിടത്തോളം നമ്മള്‍ തോല്‍ക്കില്ല' എന്ന വിശ്വാസം, ഒരുകാലത്ത് സച്ചിന്‍ നേടിയെടുത്തപോലെ ധോണിയും നേടി. 2019 ലോകകപ്പിലെ സെമിഫൈനലിലാണ് ആ ചിന്ത അവസാനമായി നമ്മളില്‍ എത്തിയത്.

ഈ വിധത്തില്‍ ഘടനാപരമായി ക്രിക്കറ്റിനെ പുതിക്കിയെടുത്ത ഒരു മനുഷ്യനായിരുന്നു ധോണി. ഇടപെട്ട മണ്ഡലങ്ങളില്‍ എല്ലാം ആ പൊളിച്ചെഴുത്ത് കാണാം. ആ നിലയ്ക്ക് 'ക്രിക്കറ്റിലെ ധോണി എന്നതിനേക്കാള്‍ ധോണിയുടെ ക്രിക്കറ്റ്' എന്ന് നമ്മള്‍ വായിക്കാന്‍ തുടങ്ങുന്നതാവും കുറച്ചുകൂടി നല്ലതെന്ന് അന്‍വര്‍ അലി അഭിപ്രായപ്പെടുന്നുണ്ട്.

ഇത്തരം ഘടനാപരമായ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ നടപ്പിലാക്കിയതിന് ധോണി പഴി കേട്ടിട്ടുമുണ്ട്. ഇവിടെയാണ് ധോണി എന്ന ക്യാപ്റ്റനെ നമ്മള്‍ സൂക്ഷ്മമായി മനസിലാക്കേണ്ടത്. 2004ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ അയാള്‍ക്ക്, ടീമിന്റെ അതിദുര്‍ഘടമായ ഒരു കാലത്ത് ടീമിന്റെ നായകസ്ഥാനം വന്നെത്തുകയാണ്. 2007ല്‍ രാഹുല്‍ ദ്രാവിഡ് നയിച്ച ഇന്ത്യന്‍ ടീം ആ വര്‍ഷത്തെ ഏകദിന ലോകകപ്പ് ഒന്നാം റൗണ്ടില്‍ പുറത്താകുന്നു, കോച്ച് ഗ്രെഗ് ചാപ്പലും കളിക്കാരും തമ്മിൽ സ്വരചേർച്ചയില്ലാതാകുന്നു. ടീം ആകെ സമ്മര്‍ദത്തില്‍പ്പെടുന്നു. ഇക്കാലത്ത് ടീമില്‍ ഒരു മാറ്റം അനിവാര്യമെന്ന് വരുന്നു. അങ്ങനെയിരിക്കെ 2007ല്‍ ആദ്യമായി ടി-20 ലോകകപ്പ് നടക്കുന്ന സമയത്ത് അയാള്‍ സീനിയര്‍ താരങ്ങളെല്ലാം ഒഴിഞ്ഞ ഒരു 'യുവ'ടീമിന്റെ നായകനായി മാറുന്നു. ശേഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ആ ടീം ആ ലോകകപ്പ് ജയിക്കുന്നു. ആ പരമ്പര മുതല്‍ ധോണിയിലെ പുതിയ നായകന്‍ തഴക്കം വന്ന ഒരു നായകനായി തീരുകയാണ്. പാകിസ്താനെതിരായ ഗ്രൂപ്പ് മാച്ചില്‍ അംഗീകൃത ബൗളര്‍മാര്‍ നോക്കിനില്‍ക്കെ പാര്‍ട്ട് ടൈം ബൗളറായ സേവാഗിനും ബൗളിംഗ് വലിയ വശമില്ലാത്ത റോബിന്‍ ഉത്തപ്പക്കും സ്പിന്നറായ ഹര്‍ഭജനും പന്ത് നല്‍കി അയാള്‍ തന്റെ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നു, വിജയിക്കുന്നു. പാകിസ്താനെതിരായ ഫൈനലില്‍ അവസാന ഓവറില്‍ ഒരു സ്ട്രൈക്ക് ബൗളര്‍ അല്ലാത്ത ജൊഗിന്ദര്‍ ശര്‍മ്മയെ അയാള്‍ പന്തേല്‍പ്പിക്കുന്നു, വിജയിക്കുന്നു. 2008ല്‍ ധോണിയുടെ ക്യാപ്റ്റന്‍സി കൊണ്ടുകൂടിയാണ് ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയെ തറപറ്റിച്ച് CB സീരീസ് ജയിക്കുന്നത്. ഇതേ പരീക്ഷണങ്ങളും തന്ത്രങ്ങളും അയാള്‍ തുടരുന്നു. ടീമില്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നു. ഒന്നോ രണ്ടോ അഞ്ചോ കളികള്‍ പരാജയപ്പെട്ടിട്ടും അവരെ കൈയ്യൊഴിയുന്നില്ല. കളിച്ച് തെളിയിച്ചെടുക്കുന്നു. അങ്ങനെ തെളിച്ചെടുത്ത ടീമുമായി അയാള്‍ 2011 ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുന്നു. ഈ സമയത്ത് തന്നെ അയാളിലെ ക്യാപ്റ്റന്‍/ ദീര്‍ഘദര്‍ശി തന്റെ ടീമില്‍ ഭാവിക്ക് വേണ്ടി സീനിയര്‍ താരങ്ങള്‍ക്ക് റൊട്ടേഷന്‍ പോളിസി കൊണ്ടുവരുന്നു. സച്ചിനെയും സേവാഗിനെയുമൊക്കെ ടീമിന് പുറത്തിരുത്തിയതിന് അയാള്‍ കേള്‍ക്കാത്ത വിമര്‍ശനങ്ങളില്ല. അപ്പോഴും അയാള്‍ അക്ഷോഭ്യനായിരുന്നു. സേവാഗിന്റെയും സച്ചിന്റെയും ബാറ്റിംഗ് പാടവത്തെ ഒരിക്കലും അയാള്‍ തള്ളിപ്പറഞ്ഞില്ല. മറിച്ച്, അവരിലൂടെ ഫീല്‍ഡിങ് സമയത്ത് നഷ്ടപ്പെടുന്ന റണ്‍സ് പുതിയ കളിക്കാരിലൂടെ സേവ് ചെയ്യാമെന്നാണ് അയാള്‍ കണക്കുകൂട്ടിയത്. 2010 വരെയുള്ള ടീമിനെയും 2010 ന് ശേഷമുള്ള ടീമിനെയും മുന്‍ വിധികളില്ലാതെ താരതമ്യം ചെയ്യുന്ന ഏതൊരാള്‍ക്കും അതിന്റെ കാരണം മനസിലാക്കാന്‍ പറ്റും. നിരന്തരം വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിക്കാതെപോയ സുരേഷ് റെയ്ന, യുവരാജ് സിംഗ് എന്നീ രണ്ടുപേരൊഴിച്ചാല്‍ ഇന്ത്യക്ക് പേരുകേട്ട ഫീല്‍ഡര്‍മാര്‍ ഇല്ലായിരുന്നു, അതിനും മുന്‍പ് ഒരു മുഹമ്മദ് കൈഫ്! ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് യൂണിറ്റ് നിസംശയം പറയാം, ധോണി എന്ന ക്യാപ്റ്റന്റെ മുന്നോട്ടുള്ള നോട്ടമാണ്. രവീന്ദ്ര ജഡേജ അതിന്റെ ഏറ്റവും തെളിഞ്ഞുകാണുന്ന ഉദാഹരണവും.

'ധോണി വിരമിക്കുമ്പോഴും എവര്‍ സര്‍പ്രൈസിംഗ് എലമെന്റ് നഷ്ടപ്പെടുന്നില്ല, എങ്ങനെ തുടങ്ങിയോ അങ്ങനെ അവസാനിച്ചു'
അതു കൊണ്ടാണ് ധോണി കളിയവസാനിപ്പിക്കുമ്പോൾ ഞങ്ങൾ കരഞ്ഞു പോകുന്നത്...

ധോണി മാറ്റം കൊണ്ടുവന്ന മറ്റൊന്ന് വിക്കറ്റിനിടയിലെ ഓട്ടമാണ്. ചേസിംഗില്‍ ഇത് അതിപ്രധാനമായ ഒന്നായിരുന്നു. വിരാട് കൊഹ്ലിക്കൊപ്പം അയാള്‍ നടത്തുന്ന ചേസിംഗില്‍ ബൗണ്ടറികളെക്കാള്‍ അധികം ഓട്ടത്തിലൂടെ നേടിയ സ്‌കോറുകളായിരുന്നു. ഇതോടെ ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നത് അതിപ്രധാനമായി വന്നു. അതിലൂടെ ഒരു പ്രൊഫഷണലിസം ടീമിനാകെ കൈവന്നു. ഇതിന്റെ തുടര്‍ച്ച വിരാടിലും അയാളുടെ ക്യാപ്ടന്‍സിയിലും നമ്മള്‍ കാണുന്നുണ്ട്.

ധോണി കൈപിടിച്ച് നടത്തിയ/ ധോണിക്കൊപ്പം ചേര്‍ന്ന് വളര്‍ന്ന ഒരു തലമുറയുണ്ട്. രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന, ആര്‍. അശ്വിന്‍, രോഹിത് ശര്‍മ്മ എന്നിവരൊക്കെ അതില്‍പ്പെടുന്നുണ്ട്. ഒരു മിഡില്‍ ഓര്‍ഡര്‍ ഓര്‍ഡിനറി ബാറ്റ്‌സ്മാനില്‍ നിന്ന് ലോകത്തെ ഏറ്റവും കരുത്തുറ്റ/ തികവുറ്റ ഓപ്പണറായി രോഹിത് ശര്‍മ്മ വളര്‍ന്നതിലെ ഏറ്റവും പ്രധാനകാരണം ധോണിയാണ്. തന്റെ കരിയറിനെ പാകപ്പെടുത്തിയതില്‍ ധോണി അനിഷേധ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിരാട് കൊഹ്ലി തുറന്നുസമ്മതിച്ചിട്ടുണ്ട്. കോഹ്ലി എന്ന ക്യാപ്റ്റനെ രൂപപ്പെടുത്തുന്നതിലും ധോണിയുടെ ഇടപെടല്‍ നമുക്ക് കാണാന്‍ കഴിയും. 2015ലെ ലോകകപ്പിന് ശേഷം മറ്റൊന്നില്‍ കൂടി തനിക്ക് നായകനാകാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട്, പുതിയ ഒരു ടീമിനെ കെട്ടിപ്പടുക്കാന്‍ വിരാട് കോഹ്ലിക്കൊപ്പം അയാള്‍ നിന്നു. 2016ല്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമ്പോള്‍ അടുത്ത ലോകകപ്പിലേക്ക് പിന്നെയും മൂന്ന് വര്‍ഷം! വിരാട് കോഹ്ലിക്ക് ഏകദിന ടീമിന്റെ സാരഥ്യം ഏറ്റെടുക്കാന്‍ പാകത്തില്‍ ടെസ്റ്റ് ടീമില്‍ നിന്നും അയാള്‍ വിരമിച്ച് മാറുന്നുണ്ട്.

ഏറ്റവും സൂക്ഷ്മമായി ധോണിയിലെ ക്യാപ്റ്റന്റെ മികവ് ചൂണ്ടിക്കാണിക്കാന്‍ രണ്ട് ടൂര്‍ണമെന്റുകള്‍ സൂചിപ്പിക്കാം. ഒന്ന്, 2007ലെ ടി-20 ലോകകപ്പാണ്. പ്രമുഖര്‍ ഉപേക്ഷിച്ച ടീമിനെ അയാള്‍ നയിച്ച്, വിജയത്തിലെത്തിച്ചു. മറ്റൊന്ന്, ധോണിയെ പഴിക്കാനല്ലാതെ അധികമാരും പറഞ്ഞുകേള്‍ക്കാത്ത 2015ലെ ഏകദിന ലോകകപ്പാണ്. ഒരു 'ശരാശരി' ടീം അന്ന് സെമിഫൈനല്‍ വരെയെത്തി. ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് യൂണിറ്റ് പരിശോധിച്ചാല്‍ ആ 'ശരാശരി' പ്രയോഗം സാധൂകരിക്കപ്പെടും. മോഹിത് ശര്‍മ്മ എന്ന മീഡിയം പേസര്‍, ഉമേഷ് യാദവ് എന്ന ഇന്‍കണ്‍സിസ്റ്റന്റ് ബൗളര്‍, മുഹമ്മദ് ഷമി എന്ന ലോ എക്സ്പീരിയന്‍സ്ഡ് ബൗളര്‍. ഇവര്‍ മൂന്നുപേരെയും അയാള്‍ യഥേഷ്ടം പ്രയോഗിച്ചു. പ്രാഥമിക ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും എതിരാളികളെ ഓള്‍ ഔട്ട് ആക്കാന്‍ അവര്‍ക്ക് സാധിച്ചു. ഉമേഷ് ആ ലോകകപ്പിലെ മൂന്നാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായി! തൊട്ടുപിറകില്‍ മുഹമ്മദ് ഷമി. ആ ടീമിനെക്കൊണ്ട് അത്രയൊക്കെയേ സാധിക്കുമായിരുന്നുള്ളൂ! ആ സെമിഫൈനല്‍ തോല്‍വിക്ക് ശേഷം കണ്ണ് നിറഞ്ഞ് സംസാരിച്ച ധോണിയെ നമ്മള്‍ കണ്ടു. കൂളായി വാഴ്ത്തപ്പെട്ട ക്യാപ്റ്റന്‍ അങ്ങനെയല്ലാതായിപ്പോയ ചുരുക്കം സന്ദര്‍ഭങ്ങളില്‍ ഒന്നാണ് അത്. ആ അവസരത്തെ, അതിനായി അയാള്‍ നടത്തിയ വലിയ അധ്വാനത്തെ ആ കണ്ണുനീരിലൂടെ വായിക്കാന്‍ സാധിക്കില്ലേ?

ധോണി എന്ന ക്യാപ്റ്റനെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ തന്നെ അയാള്‍ ലിമിറ്റഡ് ഓവറില്‍ മാത്രം കഴിവ് തെളിയിച്ച ഒരാളായിരുന്നില്ല എന്നതോര്‍ക്കണം. ടെസ്റ്റില്‍ അയാള്‍ നയിച്ചിരുന്ന സമയത്ത് ഇന്ത്യ സ്ഥിരമായി ഒന്നാം സ്ഥാനത്ത് നിന്നിരുന്നു എന്നതോര്‍ക്കണം. അപ്പോഴും നമ്മള്‍ മറന്നുപോകുന്നത് ധോണി എന്ന ബാറ്റ്സ്മാനെയാണ്. ടീമിന് വേണ്ടിയാണ് അയാള്‍ തന്റെ സ്ഥാനം മറ്റുള്ളവര്‍ക്ക് മാറിക്കൊടുത്തത് ഓര്‍ക്കുന്നില്ലേ! കളി തുടങ്ങിയ സമയത്തെ ധോണി ഇക്കാലംവരെ അങ്ങനെ നിന്നിരുന്നെങ്കിലെന്ന ചിന്ത തന്നെ സിരകളെ മത്തുപിടിപ്പിക്കാന്‍ പോന്ന ഒന്നാണ്. അതിഗംഭീരനായ ബാറ്റ്സ്മാന്‍ ആയതും തരക്കേടില്ലാത്ത വിക്കറ്റ്കീപ്പര്‍ ആയതും അയാളെ പലപ്പോഴും തുണച്ചു. വിക്കറ്റ്കീപ്പര്‍ - ബാറ്റ്സ്മാനായി ധോണിയെപ്പോലെ ശോഭിച്ച ഒരാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇല്ല. 'നോട്ട്ഔട്ട് ആയി നിന്ന് ആവറേജ് കൂട്ടുന്നവന്‍' എന്ന് കളിയാക്കുമ്പോഴും പുറത്താകാതെ അയാള്‍ നില്‍ക്കുന്നത് ഒരു വിശ്വാസം തന്നെയായിരുന്നു എന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കുന്നുണ്ട്. കരിയറിന്റെ ഒരു ഘട്ടത്തില്‍ 'ചെന്നൈ ലോബി'യുടെ മുഖമായി ധോണി മാറ്റപ്പെടുന്നു എന്ന വിമര്‍ശനം നില്‍ക്കുമ്പോള്‍ തന്നെയും അത് ടീമിനായി ഉപയോഗിക്കാന്‍ സാധിച്ചു എന്നിടത്താണ് അയാള്‍ ഒരു കംപ്ലീറ്റ് ടീം മാന്‍/ ടീം പ്ലെയര്‍ ആകുന്നത്. അത്തരത്തില്‍ അയാള്‍ ഒരു ഉരകല്ലായി തീര്‍ന്നിരിക്കുന്നു. ടീമിലേക്ക് പുതുതായി എത്തുന്നവര്‍ക്ക് ഇനിയും താരതമ്യം വരാന്‍ പോകുന്നത് 'ധോണിയോളം ശരിയാകുമോ?' എന്നാണ്!

അവിശ്വസനീയമായി അയാള്‍ കളികള്‍ വിജയിപ്പിച്ചു. അപ്രതീക്ഷിതമായി അയാള്‍ ടെസ്റ്റ് ടീമില്‍ നിന്ന് പടിയിറങ്ങി. മടങ്ങിവരും എന്ന് മറ്റുള്ളവരെക്കൊണ്ട് പറയിച്ച് അതിനേക്കാള്‍ അപ്രതീക്ഷിതമായി അയാള്‍ തന്റെ കരിയര്‍ ഫിനിഷ് ചെയ്തിരിക്കുന്നു. ഒരുപക്ഷേ അയാള്‍ക്കിത് കുറച്ചുകൂടി മുന്നേ ആകാമായിരുന്നു. വിരമിക്കുമ്പോള്‍ പോലും ധോണിയിലെ എവര്‍ സര്‍പ്രൈസിങ് എലമെന്റ് നമുക്ക് നഷ്ടപ്പെടുന്നില്ല എന്നതാണ് വാസ്തവം. ഏറ്റവും ഒടുവിലെ മത്സരത്തില്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ഏറില്‍ റണ്‍ഔട്ട് ആയി മടങ്ങിയെങ്കിലും ധോണി കരിയര്‍ ഫിനിഷ് ചെയ്യുന്നത് ക്രിക്കറ്റ് സ്‌നേഹിക്കുന്നവര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു ഹെലികോപ്റ്റര്‍ സിക്‌സറിലൂടെയാണ്. എങ്ങനെ തുടങ്ങിയോ അങ്ങനെ അവസാനിച്ചു!

Related Stories

No stories found.
logo
The Cue
www.thecue.in