അതു കൊണ്ടാണ് ധോണി കളിയവസാനിപ്പിക്കുമ്പോൾ ഞങ്ങൾ കരഞ്ഞു പോകുന്നത്...

അതു കൊണ്ടാണ് ധോണി കളിയവസാനിപ്പിക്കുമ്പോൾ ഞങ്ങൾ കരഞ്ഞു പോകുന്നത്...
Summary

ഏത് കളിയും ജയിക്കാൻ ശേഷിയുള്ള ടീം ഇന്ത്യ അയാളുടെ സൃഷ്ടിയാണ്. വിക്കറ്റിന് മുമ്പിലും പിമ്പിലും അയാൾ കൂളായി നിന്ന നേരങ്ങളിലെല്ലാം കളിമുറുകുന്നത് എതിരാളി അറിഞ്ഞിരുന്നു. എത്രമേൽ ഹോട്ടാവാം എന്നതിന് എത്രമേൽ കൂളാവാമോ അത്രയും എന്നതാണ് ധോണിയളവ്. അയാളാണ് എക്കാലത്തെയും ഹോട്ടായ ക്യാപ്റ്റൻ കൂൾ !

മഹേന്ദ്രസിംഗ് ധോണി വിരമിക്കുമ്പോള്‍ നഷ്ടമാകുന്നത്, ലിജീഷ് കുമാര്‍ എഴുതുന്നു.

പശ്ചിമ ബംഗാളിലെ അലിപുര്‍ദൗറിൽ ഒരു എം.എസ്.ധോണി ഹോട്ടലുണ്ട്. ഉടമയുടെ പേര് ശംഭു ബോസ്. ഹോട്ടലിന്റെ ചുവരുകൾ നിറയെ ധോണി. 15 കൊല്ലം മുമ്പ് വിശാഖപട്ടണത്ത്‌ വെച്ച് നടന്ന വൺഡേയിൽ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടിയ ദിവസത്തെ എം.എസ്.ധോണി മുതൽ ക്യാപ്റ്റൻ കൂൾ വരെ അവിടെയുണ്ട്. ലോകത്താകമാനമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് പുറകോട്ട് നീട്ടി വളർത്തിയ തലമുടിയുമായി കയറി വന്ന പഴയ ധോണി മുതൽ ക്യാപ്റ്റന്റെ തൊപ്പി വെക്കാൻ മുടിമുറിച്ച ധോണി വരെ !! എം.എസ്.ധോണിയെ സ്നേഹിക്കുന്നവർക്ക് ഈ ഹോട്ടലിൽ ഭക്ഷണം ഫ്രീയാണ്. എനിക്കറിയില്ല ലോകത്തിതുപോലെ മറ്റൊരാരാധനാലയമുണ്ടോ എന്ന്.

റാഞ്ചിയിലെ മെക്കോണ്‍ കമ്പനിയിലെ ജൂനിയര്‍ ജീവനക്കാരൻ പാന്‍സിംഗിന്‍െറ മകന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ ക്രിക്കറ്റിന്റെ തലയായ കഥ പറയാൻ എനിക്കെന്തോ ഭയങ്കര ഇഷ്ടമാണ്. തികച്ചും വ്യക്തിപരമാണത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം പറച്ചിൽ 1983 ൽ ആരംഭിക്കുകയും അവിടെ അവസാനിപ്പിക്കുകയും ചെയ്തിരുന്ന എന്നെപ്പോലൊരാളെ 2011 ൽ മുംബൈയിലെ വാംഗഡെ സ്റ്റേഡിയത്തില്‍ കൊണ്ടുപോയിരുത്തി ''ഒരു കഥ സൊല്ലട്ടുമാ'' എന്ന് ചോദിക്കാൻ പ്രാപ്തനാക്കിയത് എം.എസ്.ധോണി എന്ന ക്യാപ്റ്റനാണ്. ലങ്കയുടെ 274 റൺസിനെ അന്നിന്ത്യ മറികടക്കുമ്പോൾ 91 റണ്‍സെടുത്ത് പുറത്താകാതെ മഹേന്ദ്രസിങ് ധോണി ഗ്രൗണ്ടിലുണ്ട്. വിജയിക്കാന്‍ 11 പന്തില്‍ നാല് റണ്‍സ് വേണ്ടപ്പഴാണ് നുവാന്‍ കുലശേഖരയെ ധോണി സിക്സറടിക്കുന്നത്. ലോകകപ്പ് ഫൈനലിൽ തന്റെ ടീമിനെ സിക്സറടിച്ച് ജയിപ്പിച്ച മറ്റൊരു ക്യാപ്റ്റനുണ്ടോ !! ഏത് കളിയും ജയിക്കാൻ ശേഷിയുള്ള ടീം ഇന്ത്യ അയാളുടെ സൃഷ്ടിയാണ്. വിക്കറ്റിന് മുമ്പിലും പിമ്പിലും അയാൾ കൂളായി നിന്ന നേരങ്ങളിലെല്ലാം കളിമുറുകുന്നത് എതിരാളി അറിഞ്ഞിരുന്നു. എത്രമേൽ ഹോട്ടാവാം എന്നതിന് എത്രമേൽ കൂളാവാമോ അത്രയും എന്നതാണ് ധോണിയളവ്. അയാളാണ് എക്കാലത്തെയും ഹോട്ടായ ക്യാപ്റ്റൻ കൂൾ !

The Quint
ഞാമ്പറയുക അതല്ല - ഇന്ത്യൻ ടീമിന്റെ ബസ്സ് ഏറ്റവും സുരക്ഷിതമായി ഓടിച്ച ഒരേയൊരു ക്യാപ്റ്റൻ എന്നാണ്. ഐസിസിയുടെ എല്ലാ ട്രോഫികളും നേടിയ ഒരേയൊരു ക്യാപ്റ്റൻ !!

281 ആൻഡ് ബീയോണ്ട് എന്ന പുസ്തകം വായിച്ചിട്ടുണ്ടോ ? വി.വി.എസ് ലക്ഷ്മണിന്റെ ആത്മകഥയാണത്. അതിൽ ധോണി ക്യാപ്റ്റനായ ദിവസത്തെ ലക്ഷ്മൺ അനുസ്മരിക്കുന്നുണ്ട്. ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പര നടക്കുന്ന സമയമാണ്, അനിൽ കുംബ്ലെയിൽ നിന്ന് ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. അന്ന് മത്സരം കഴിഞ്ഞ് കളിക്കാർ ഹോട്ടലിലേക്ക് സഞ്ചരിച്ച ബസ് ഓടിച്ചത് ധോണിയാണ്. ബസ്സിലെ സഞ്ചാരികൾ ലോകപ്രശസ്തരായിരിക്കാം. ഡ്രൈവർ ചിലപ്പോൾ അത്ര പ്രശസ്തനായിരിക്കില്ല. പക്ഷേ വളയം പിടിക്കാനുള്ള അപാരമായ ശേഷി അയാൾക്കുണ്ടാകും, ചിലപ്പോൾ സീറ്റിലിരിക്കുന്ന പ്രതിഭകളെക്കാൾ കൂടുതൽ. തന്റെ ടീമിലെ സകലമാന ദൈവങ്ങൾക്കും അയാളന്ന് കാണിച്ചു കൊടുത്തു, ഈ വണ്ടി എന്റെ കൈയ്യിൽ സുരക്ഷിതമാണെന്ന്. ഓർമ്മയുണ്ടോ, ഇന്ത്യൻ പാളയത്തിലെ കളി ദൈവങ്ങൾ പിന്മാറിയ 2007 ലെ ട്വന്റി - ട്വന്റി ലോകകപ്പ്. അന്നും ക്യാപ്റ്റനായി അവരോധിക്കപ്പെട്ടത് ധോണിയായിരുന്നു, അയാൾ ആ ലോകകപ്പ്‌ ഉയർത്തുമെന്ന് അയാളൊഴികെ മറ്റാർക്കായിരുന്നു പ്രതീക്ഷയുണ്ടായിരുന്നത്. ഇന്ത്യൻ ടീമിന്റെ ബസ്സോടിച്ച ഒരേയൊരു ക്യാപ്റ്റൻ എന്ന് വി.വി.എസ് ലക്ഷ്മൺ പറയും, ഞാമ്പറയുക അതല്ല - ഇന്ത്യൻ ടീമിന്റെ ബസ്സ് ഏറ്റവും സുരക്ഷിതമായി ഓടിച്ച ഒരേയൊരു ക്യാപ്റ്റൻ എന്നാണ്. ഐസിസിയുടെ എല്ലാ ട്രോഫികളും നേടിയ ഒരേയൊരു ക്യാപ്റ്റൻ !!

ബാറ്റിംഗിൽ ഏഴാമനാണയാൾ, അല്ലെങ്കിലും ഇന്ത്യക്ക് കീപ്പർ വാലറ്റ ബാറ്റ്സ്മാനാണ്. പത്തോ പതിനഞ്ചോ റണ്ണടിച്ച് പോകേണ്ടയാൾ. കിർമാണിയും കിരൺ മോറെയും ഫറൂഖ് എഞ്ചിനീയറും എം.എസ്.കെ.പ്രസാദും എൻ.എസ്.തമാനെയും സാബാ കരീമുമെല്ലാം ആ ദൗത്യം ചുമലിലേറ്റിയവരാണ്. ടെസ്റ്റിൽ ഓപ്പൺ ചെയ്തിരുന്ന നയൻ മോംഗിയയാണ് ആ ലിസ്റ്റിൽ ആകെ ഒരപവാദം. എന്റെ ഓർമ്മയിൽ മോംഗിയയുടെ ഒരു 153 ഉണ്ട്. മഹി ഇതൊന്നുമായിരുന്നില്ല. അയാൾ ഏഴാം നമ്പറിൽ ഇറങ്ങിയത് പത്ത് റണ്ണടിച്ച് കൂട്ടിൽക്കയറാനായിരുന്നില്ല. ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ വരെ അയാളെ അനുകരിച്ച് കളിക്കാൻ തുടങ്ങി. അയാളുടെ പേരിൽ ഹെലികോപ്റ്റർ ഷോട്ടെന്ന വമ്പനടി വരെ ഉണ്ടായി.

അയാൾ ഇന്ത്യയുടെ ഗിൽക്രിസ്റ്റായിരുന്നു. ഒരിക്കൽ അങ്ങനെ പറഞ്ഞതിന് ഗിൽക്രിസ്റ്റ് കലമ്പിച്ചിട്ടുണ്ട്. ''ഞാൻ കളിക്കുന്നത് കാണാൻ ഇഷ്ടമാണെന്ന് ആളുകൾ പറയുന്നതാണ് എന്റെ ആനന്ദം, ഞാനവരോട് പറയും എനിക്കിഷ്ടം ധോണിയുടെ കളി കണ്ടിരിക്കാനാണെന്ന്. എം.എസ് അടുത്ത ഗിൽക്രിസ്റ്റല്ല, അയാൾ ആദ്യത്തെ എം.എസ്.ധോണിയാണ്'' എന്ന്.

പ്രിയ ഗിൽക്രിസ്റ്റ്, അത് സത്യമായിരുന്നു ആദ്യത്തെ മാത്രമല്ല അയാൾ അവസാനത്തെ എം.എസ്.ധോണിയുമാണ്. ഇതു പോലൊരാൾ ഇനി വരാനില്ല. അതു കൊണ്ടാണ് ധോണി കളിയവസാനിപ്പിക്കുമ്പോൾ ഞങ്ങൾ കരഞ്ഞു പോകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in