വിരാട് കോഹ്‌ലിക്ക് റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് വെല്ലുവിളിയാകുന്നത് ഇങ്ങനെ 

വിരാട് കോഹ്‌ലിക്ക് റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് വെല്ലുവിളിയാകുന്നത് ഇങ്ങനെ 

ഇക്കുറിയത്തെ ലോകകപ്പില്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റാണെന്നത് വെല്ലുവിളിയാണെന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വാക്കുകള്‍. എല്ലാ മത്സരങ്ങളിലും ടീം മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും അതിനാണ് ശ്രമമെന്നും കോഹ്‌ലി പറഞ്ഞുവെച്ചു. ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇത്തരത്തിലൊരു നിലപാട് പങ്കുവെയ്ക്കാനുണ്ടായ സാഹചര്യം പരിശോധിക്കാം.

എന്താണ് റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് ?

നോക്കൗട്ടിന് മുന്‍പ് ഓരോ ടീമും ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതാണ് റൗണ്ട് റോബിന്‍ ഫോര്‍മാറ്റ്. അതായത് പത്ത് ടീമുകളും പരസ്പരം മത്സരിക്കും. ഇന്ത്യക്ക് മറ്റ് 9 ടീമുകളുമായും മത്സരമുണ്ടെന്ന് ചുരുക്കം. സെമിക്ക് മുന്‍പ് ആകെ 45 മത്സരങ്ങളുണ്ടാകും. ഇതില്‍ നിന്ന് 4 പേര്‍ സെമി ഫൈനലില്‍ ഇടം നേടും. 1992 ലെ ഓസ്‌ട്രേലിയന്‍ ലോകകപ്പിലാണ് ഈ ഘടന ഏറ്റവുമൊടുവില്‍ അനുവര്‍ത്തിച്ചത്. ഇപ്പോഴത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ക്യാപ്റ്റനായ ടീമാണ് അന്ന് കപ്പില്‍ മുത്തമിട്ടത്.

എന്തുകൊണ്ട് റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് വെല്ലുവിളിയാകുന്നു ?

എല്ലാ കളിയിലും ടീം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ വെല്ലുവിളിയാകും. കരുത്തന്‍മാരോടും ദുര്‍ബലരോടുമെല്ലാം ഓരോ ടീമും ഏറ്റുമുട്ടും. ഏറ്റവും മികച്ച മാര്‍ജിനില്‍ തന്നെ വിജയിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ പോയിന്റ് നിര്‍ണ്ണയത്തില്‍ അത് പ്രതിഫലിക്കും. അടുത്ത സ്‌റ്റേജിലേക്കുള്ള പ്രവേശനം നിശ്ചയിക്കുന്നത് പോയിന്റാണ്. കൂടാതെ ഭാഗ്യത്തിന്റെ ഘടകം കൂടി ഒളിഞ്ഞിരിപ്പുണ്ട്. ഉദാഹരണത്തിന് 2015 ലേതിനേക്കാള്‍ ഏറെ പുരോഗമിച്ച ടീമാണ് അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാനോട് ഇന്ത്യ പരാജയപ്പെടുകയും അഫ്ഗാനിസ്ഥാനെ മറ്റൊരു ടീം തോല്‍പ്പിക്കുകയും ചെയ്താല്‍ ആ രാജ്യത്തിന്‌ മേല്‍ക്കൈ ലഭിക്കും. ഭാഗ്യത്തിന്റെ കടാക്ഷം കൂടി നിര്‍ണ്ണായകമാണെന്നര്‍ത്ഥം. മെയ് 30 നാണ് ലോകകപ്പ് പോരിന് തുടക്കമാകുന്നത്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ജൂണ്‍ 5 ന് റോസ്ബൗള്‍ സ്‌റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഐസിസി ഏകദിന റാങ്കിങ്ങില്‍ രണ്ടാമതാണ് ഇന്ത്യന്‍ പട.

Related Stories

No stories found.
logo
The Cue
www.thecue.in