കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞ് വേണ്ട; ലീഗില്‍ പടയൊരുക്കം

കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞ് വേണ്ട; ലീഗില്‍ പടയൊരുക്കം

കളമശ്ശേരിയില്‍ വീണ്ടും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ മുസ്ലിംലീഗില്‍ ഒരു വിഭാഗം രംഗത്ത്. പാലാരിവട്ടം കേസില്‍ ജാമ്യത്തിലിറങ്ങിയ വി.കെ ഇബ്രാഹിംകുഞ്ഞിനെ മത്സരിപ്പിച്ചാല്‍ യു.ഡി.എഫിന് തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. മത്സരിക്കാന്‍ വേണ്ടിയാണ് ജാമ്യം നേടിയതെന്ന പ്രചരണം ശക്തമാകുമെന്നും ഇവര്‍ വാദിക്കുന്നു.

പാലാരിവട്ടം കേസില്‍ ജയിലിലായ വി.കെ ഇബ്രാഹിംകുഞ്ഞ് ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. ഇതിന് പിന്നാലെ മത്സരിക്കുമെന്ന് അറിയിച്ചത് യു.ഡി.എഫില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട് ജയിലിലായവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് ലീഗ് നേതൃത്വത്തിലെ ഒരുവിഭാഗം നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. കളമശ്ശേരിയിലും മഞ്ചേശ്വരത്തും പകരം സാധ്യതകളും തേടിയിരുന്നു. ഇതിനിടെയാണ് വിജയസാധ്യത തനിക്കാണെന്ന് അവകാശപ്പെട്ട് വി.കെ ഇബ്രാഹിംകുഞ്ഞ് തന്നെ രംഗത്തെത്തിയത്.

വിജിലന്‍സ് കേസുള്ള നേതാക്കള്‍ പലരും യു.ഡി.എഫ് സാധ്യത പട്ടികയിലുണ്ടെന്നതാണ് വി.കെ ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാണിക്കുന്നത്. ജയിലിലായപ്പോള്‍ മകന് വേണ്ടിയായിരുന്നു ഇബ്രാഹിംകുഞ്ഞ് കരുക്കള്‍ നീക്കിയത്. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ് മകന്‍ വി.ഇ അബ്ദുള്‍ ഖഫൂര്‍. തനിക്ക് സീറ്റ് നിഷേധിക്കുകയാണെങ്കില്‍ മകനെ മത്സരിപ്പിക്കാനുള്ള സമ്മര്‍ദ്ദമാണ് വി.കെ ഇബ്രാഹിംകുഞ്ഞ് നടത്തുന്നതെന്നാണ് എതിര്‍ വിഭാഗം കരുതുന്നത്. വി.കെ ഇബ്രാഹിംകുഞ്ഞുമായി ബന്ധമുള്ള ആരെയും സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ഇവരുടെ നിലപാട്. പാലാരിവട്ടം അഴിമതി കേസ് തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ ഇടതുപക്ഷം ഇതിലൂടെ ശ്രമിക്കുമെന്നാണ് ഇക്കൂട്ടരുടെ വാദം.

പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ലീഗിലെ പ്രമുഖ നേതാക്കള്‍ക്ക് വി.കെ ഇബ്രാഹിംകുഞ്ഞിനോട് അനുകൂല നിലപാടാണ് ഉള്ളത്. അത് സ്ഥാനാര്‍ത്ഥിയാക്കുന്നതിലേക്ക് നയിക്കുമോയെന്ന് അണികളും ആശങ്കപ്പെടുന്നു. വി.കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കുന്നതിനോട് കോണ്‍ഗ്രസിനും വിയോജിപ്പുണ്ട്. ലീഗിന്റെ ആഭ്യന്തര കാര്യമെന്ന് പറഞ്ഞ് ഒഴിയരുതെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മഞ്ചേശ്വരത്ത് പുതിയ സ്ഥാനാര്‍ത്ഥിയെ തേടുന്ന ലീഗ് കളമശ്ശേരിയിലും ഇതേ നിലപാട് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

AD
No stories found.
The Cue
www.thecue.in