ജലീലിന്റെ രാജിയാവശ്യത്തിലുറച്ച് പ്രതിപക്ഷം, ലീഗ്-ബിജെപി സഖ്യമെന്ന പ്രതിരോധവുമായി സിപിഎം; ലീഗിനെതിരെ മന്ത്രിമാരും നേതാക്കളും

ജലീലിന്റെ രാജിയാവശ്യത്തിലുറച്ച് പ്രതിപക്ഷം, ലീഗ്-ബിജെപി സഖ്യമെന്ന പ്രതിരോധവുമായി സിപിഎം; ലീഗിനെതിരെ മന്ത്രിമാരും നേതാക്കളും

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ ടി ജലീലിനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതോടെ രാജി ആവശ്യവുമായി സമരം ശക്തമാക്കിയ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ലീഗ്-ബിജെപി സഖ്യ ആരോപണവുമായി സിപിഎം. ബിജെപിയുമായി അടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മന്ത്രി കെ ടി ജലീലിനെതിരായ സമരമെന്നാണ് സിപിഎം നേതാക്കളും മന്ത്രിമാരും ആരോപിക്കുന്നത്. ബിജെപിയല്ല ശത്രുവെന്ന വലിയ കണ്ടുപിടിത്തം പി കെ കുഞ്ഞാലിക്കുട്ടി നടത്തിയിരിക്കുന്നുവെന്ന് മന്ത്രി എംഎം മണി പരിഹസിച്ചു. ബിജെപിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് പി കെ കുഞ്ഞാലിക്കുട്ടി എംപിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും ആരോപിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ ലീഗിന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും വളര്‍ച്ചയില്‍ തിരിച്ചടിയേറ്റത് സ്വന്തം തട്ടകത്ത് നിന്ന് പോയ കെ ടി ജലീലില്‍ നിന്നായിരുന്നു. ഇടതുപക്ഷത്തേക്കെത്തിയ കെ ടി ജലീലിന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴും മുഖ്യമന്ത്രിയെന്ന നിലയിലും പിണറായി വിജയന്റെ ശക്തമായ പിന്തുണ ലഭിച്ചു. പിണറായി വിജയനെ നേരിട്ട് ആക്രമിക്കാന്‍ തയ്യാറാകാത്ത ലീഗ് നേതൃത്വം ജലീലിനെ വളഞ്ഞിട്ട് ആക്രമിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ഖുര്‍ആന്‍ മുന്നില്‍ നിര്‍ത്തിയായിരുന്നു ലീഗിന്റെ ആക്രമണം. വിശുദ്ധഗ്രന്ഥത്തെ സ്വര്‍ണക്കടത്തിന് മറയാക്കി എന്ന ആരോപണം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു. ലീഗിനോട് അനുഭാവമുള്ള സമുദായ സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് മറുതന്ത്രമായി സിപിഐഎം മുസ്ലിംലീഗ് ബിജെപി സഖ്യമെന്ന് പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ നയതന്ത്ര ബാഗേജ് അല്ലെന്ന് ആവര്‍ത്തിച്ച കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ ലീഗ് പ്രതിഷേധം ഉയര്‍ത്തുന്നില്ലെന്നുതും ബിജെപി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ ടി ജലീലിനെതിരെയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ തൊട്ടുപിന്നാലെ ലീഗ് ഏറ്റുപിടിക്കുന്നുവെന്നതും ബിജെപിയും ലീഗ് ഒത്തുനീങ്ങുന്നുവെന്ന ആരോപണത്തിന് തെളിവുകളായി സിപിഎം നിരത്തുന്നു.

അധികാരത്തില്‍ എങ്ങനെയെങ്കിലും തിരിച്ചുവരാന്‍ ബിജെപിയുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കുകയെന്നത് യുഡിഎഫിന്റെയും മുസ്ലിംലീഗിന്റെയും അജണ്ടയാണെന്നും അത് പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഒരുമിച്ച് സമരത്തിനിറങ്ങിയിരിക്കുന്നതെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറയുന്നത്. ബിജെപിയെ മുട്ടുകുത്തിക്കാന്‍ ഡല്‍ഹിക്ക് പോയ കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം ലഭിക്കാതായപ്പോള്‍ ശത്രു കേരളത്തിലാണെന്ന് തിരിച്ചറിഞ്ഞ് തിരിച്ചെത്തിയെന്നാണ് എംഎം മണിയുടെ കളിയാക്കല്‍. ജലീലിന്റെ രാജി ആവശ്യത്തിലും സ്വര്‍ണ്ണക്കടത്ത് കേസിലുമുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും പ്രതിഷേധ സമരങ്ങളെ ഈ വാദത്തെ മുന്‍നിര്‍ത്തി നേരിടാനാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കം.

എതിര്‍ക്കുന്നവരെ ആര്‍എസ്എസിന് വേണ്ടി സംസാരിക്കുന്നവരെന്ന് ചാപ്പ കുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് സിപിഎമ്മിന്റെ പുതിയ ആരോപണമെന്നാണ് മുസ്ലിം ലീഗ് ഇതിന് നല്‍കുന്ന മറുപടി. ആ തന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നതെന്ന് പി കെ ഫിറോസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, എന്‍ കെ പ്രേമചന്ദ്രന്‍, എംകെ മുനീര്‍ എന്നിവര്‍ക്കെതിരെയെല്ലാം സിപിഎം ഇതേ ആരോപണം മുമ്പ് ഉന്നയിച്ചിട്ടുണ്ടെന്നും പി കെ ഫിറോസ് ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കള്ളക്കടത്തിലെ ആരോപണങ്ങളെ വഴി തിരിച്ചു വിടാനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് ബിജെപി നേതാവ് എംടി രമേശ്. സമാന വിഷയങ്ങളില്‍ ബിജെപിയും സിപിഎമ്മും സമരം ചെയ്തിട്ടുണ്ടെന്ന് എംടി രമേശ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in