ജടായു പാറ ടൂറിസം, രാജീവ് അഞ്ചല്‍ കബളിപ്പിച്ചെന്ന് നിക്ഷേപകരില്‍ ഒരു വിഭാഗം; അപകീര്‍ത്തിപ്പെടുത്തുന്ന നീക്കമെന്ന് പ്രതികരണം

ജടായു പാറ ടൂറിസം, രാജീവ് അഞ്ചല്‍ കബളിപ്പിച്ചെന്ന് നിക്ഷേപകരില്‍ ഒരു വിഭാഗം; അപകീര്‍ത്തിപ്പെടുത്തുന്ന നീക്കമെന്ന് പ്രതികരണം

കൊല്ലം ജടായു പാറ ടൂറിസം പദ്ധതിയുമായി ബന്ധപ്പട്ട് ശില്‍പിയും സംവിധായകനുമായ രാജീവ് അഞ്ചലിനെതിരെ നിക്ഷേപകര്‍. പദ്ധതിയുടെ നിര്‍മ്മാണത്തിനായി നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ആരോപണം. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് രാജീവ് അഞ്ചല്‍ ദ ക്യുവിനോട് പ്രതികരിച്ചു. ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിലെ പ്രവാസി നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ കൊച്ചിയിലെ എന്‍സിഎല്‍ടി (നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍) കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഓഹരി കൈമാറ്റവും, പണം സ്വീകരിക്കലും ഉള്‍പ്പടെ കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

സംസ്ഥാനത്തെ ടൂറിസം മേഖല ബിഒടി കരാര്‍ അടിസ്ഥാനത്തില്‍ അനുവദിച്ച ആദ്യ പദ്ധതിയാണ് ജടായു പാറയിലേത്. രാജീവ് അഞ്ചലിന്റെ ഉടമസ്ഥതയിലുള്ള ഗുരുചന്ദ്രിക ബില്‍ഡേഴ്സ് ആന്റ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 30 വര്‍ഷത്തേക്കാണ് കരാര്‍. പ്രവാസികള്‍ അടക്കമുള്ള നിക്ഷേപകര്‍ ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് (ജെടിപിഎല്‍) എന്ന കമ്പനി രൂപീകരിച്ചായിരുന്നു രാജീവ് അഞ്ചലുമായി കരാര്‍ ഉണ്ടാക്കിയത്. ഏഴ് കോടി മാത്രം മതിയെന്ന് പറഞ്ഞ പദ്ധതിക്കായി ഇതിനകം 40 കോടിയോളം രൂപ ചെലവായെന്ന് ജെടിപിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വാസു ജയപ്രകാശ് പറഞ്ഞു.

ഒരു മാസത്തേക്കുള്ള ഇന്ററിം ഓര്‍ഡറാണ് എന്‍സിഎല്‍ടി കോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അത് വെച്ചിട്ട് മാധ്യമങ്ങളിലൂടെ എന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്.

വാസു ജയപ്രകാശ് ദ ക്യു'വിനോട്

2015ലാണ് രാജീവ് അഞ്ചല്‍ ജടായുപാറ ടൂറിസം പദ്ധതിയെ കുറിച്ച് ഞങ്ങള്‍ കുറച്ച് പ്രവാസികളോട് സംസാരിക്കുന്നത്. പദ്ധതിക്കായി 7 കോടി രൂപ മുടക്കിയാല്‍ മതിയെന്നായിരുന്നു അന്ന് രാജീവ് അഞ്ചല്‍ പറഞ്ഞത്. ഞങ്ങള്‍ ഇരുപതോളം പ്രവാസികള്‍ ചേര്‍ന്ന് പണം നല്‍കാമെന്ന് സമ്മതിച്ചു, ഞങ്ങളൊന്നും വലിയ പണക്കാരായിട്ടല്ല, നാടിനു വേണ്ടിയല്ലെയെന്നും, ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതിനിര്‍മ്മാണം പൂര്‍ത്തിയാകുമല്ലോ എന്നെല്ലാം വിചാരിച്ചായിരുന്നു സമ്മതിച്ചത്. സാധാരണക്കാരായ പ്രവാസികളാണ് പണം മുടക്കിയതില്‍ ഭൂരിഭാഗം പേരും. കടം വാങ്ങിയും ലോണെടുത്തുമൊക്കെ നിക്ഷേപം നടത്തിയവരുമുണ്ട്.

65 ഏക്കര്‍ സ്ഥലത്താണ് ജടായു ശില്‍പവും അതിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ഈ പ്രോജക്ടിന് കീഴില്‍ വരുന്ന പദ്ധതികളുടെയെല്ലാം നടത്തിപ്പ്, നിയന്ത്രണം, റവന്യൂ കളക്ഷന്‍ തുടങ്ങിയവ ഞങ്ങള്‍ക്ക് നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിന് വ്യക്തമാക്കി ഒരു എഗ്രിമെന്റും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. ഈ വാഗ്ദാനങ്ങളൊക്കെ കേട്ടായിരുന്നു പണം നല്‍കാന്‍ തീരുമാനിച്ചത്.

രാജീവ് അഞ്ചലും മകനും ചേര്‍ന്ന് 10 ലക്ഷം രൂപമാത്രമാണ് ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായി നല്‍കിയിരിക്കുന്നത്. എന്നിട്ട് 51 ശതമാനം ഷെയര്‍ അദ്ദേഹത്തിന്റെ പേരില്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന് നിക്ഷേപകര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 45 ശതമാനം വരെ ഷെയറുകള്‍ അദ്ദേഹത്തിന് നല്‍കാമെന്ന് തീരുമാനമായി. അദ്ദേഹം കൊണ്ടുവന്ന പദ്ധതിയാണ് ഇത്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇതിനുള്ള അര്‍ഹതയുണ്ടെന്ന് വിചാരിച്ചത് കൊണ്ടാണ് ആവശ്യം അംഗീകരിച്ചത്. അങ്ങനെ കമ്പനിയിലേക്ക് പണം മുടക്കുന്നതിനായുള്ള കരാര്‍ ഒപ്പിട്ടു. എന്നാല്‍ പിന്നീട് നിര്‍മ്മാണം 7 കോടി രൂപയില്‍ നില്‍ക്കില്ലെന്ന് വ്യക്തമായി. 5 വര്‍ഷം കൊണ്ട് 40 കോടി രൂപയാണ് ചെലവായത്. ഷെയര്‍ നല്‍കിയതിലൂടെ 26.5 കോടി രൂപയാണ് നിക്ഷേപകരില്‍ നിന്ന് സഹാഹരിച്ചത്. ഈ അഞ്ച് വര്‍ഷത്തിനിടെ ലോണെടുത്തതും മറ്റുമായി ജെടിപിഎല്‍ കമ്പനിക്കുണ്ടായ ബാധ്യതയാണ് ബാക്കി 13.5 കോടിയോളം രൂപ. 160ല്‍ അധികം ആളുകളാണ് പദ്ധതിക്കായി പണം മുടക്കിയത് ഇതില്‍ 130 പേര്‍ പ്രവാസികളാണ്.

2018 ആഗസ്റ്റിലാണ് ജടായു പാറയുടെ പ്രവര്‍ത്തനം ഭാഗീകമായി ആരംഭിച്ചത്. അപ്പോഴും പ്രധാന ആകര്‍ഷണമായ, ശില്‍പത്തിന് അകത്ത് വരുന്ന മ്യൂസിയം, തിയേറ്റര്‍ തുടങ്ങിയവയുടെ നിര്‍മ്മാണം ഒന്നുമായിരുന്നില്ല. ഇതിനായി 30 കോടി രൂപ കൂടി വേണമെന്നാവശ്യപ്പെട്ട് രാജീവ് അഞ്ചല്‍ കത്ത് നല്‍കുകയായിരുന്നു. നിക്ഷേപകരില്‍ നിന്ന് പണം വാങ്ങിയത് ഓരോ വര്‍ഷം പന്ത്രണ്ടര ശതമാനം വീതം നല്‍കുമെന്ന്് പറഞ്ഞായിരുന്നു. 5 വര്‍ഷമായിട്ടും ഇത് കൊടുക്കാന്‍ സാധിച്ചിരുന്നില്ല. സാധാരണക്കാരായ പ്രവാസികളാണ് പണം മുടക്കിയവരെല്ലാം. ഇതിനിടയിലാണ് രാജീവ് അഞ്ചല്‍ വീണ്ടും പണം ആവശ്യപ്പെട്ടത്.

കരാറിലെ വ്യവസ്ഥകളുടെ ലംഘനം കാണിച്ച് വക്കീല്‍ നോട്ടീസയച്ചിട്ടും പിന്‍വലിക്കാതിരുന്നതോടെയാണ് ജെടിപിഎല്‍ എന്ന കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയത്. സര്‍ക്കാരിന്റെ അനുവാദത്തോടെയായിരുന്നു ഇത്. ഇതോടെ ഡയറക്ടര്‍ ബോര്‍ഡിലെ ചിലര്‍ ഞാന്‍ സാമ്പത്തിക തിരിമറി നടത്തി എന്നാരോപിച്ച് കേസ് കൊടുത്തു

രാജീവ് അഞ്ചല്‍

7 കോടി രൂപ എന്ന് പറഞ്ഞിടത്ത് എന്തുകൊണ്ടാണ് 40 കോടി രൂപയായത് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മനസിലാക്കാന്‍ ചില നിക്ഷേപകര്‍ നാട്ടില്‍ വന്നു. ഇവര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരെയും വക്കീലന്മാരെയും വെച്ച് ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് പണം തിരിമറി സംബന്ധിച്ച സൂചനകള്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. ജെടിപിഎല്‍ കമ്പനിക്കായി നിക്ഷേപകര്‍ നല്‍കിയ പണം സ്വന്തം പേരിലുള്ള മറ്റ് ചില കമ്പനികള്‍ക്കായാണ് രാജീവ് അഞ്ചല്‍ മുടക്കിയത്. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെയായിരുന്നു ഈ കമ്പനികളുടെ തലപ്പത്ത്. 16 കോടിയോളം തിരിമറി നടത്തിയെന്ന് മനസിലായതോടെ നിക്ഷേപകര്‍ കേസ് കൊടുക്കാന്‍ തീരുമാനിച്ചു. പണം മുടക്കിയത് ഞങ്ങളാണെന്ന വസ്തുത മറന്ന്, ഇത് താനും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അദ്ദേഹത്തിന്റെ സമ്മതമില്ലാതെ തന്നെ 4 ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരെ നിയമിച്ചു. ഇതോടെയാണ് ഞങ്ങളുടെ കമ്പനിയുമായുള്ള കരാര്‍ റദ്ദ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചത് 40 കോടി രൂപയോളം മുടക്കിയതിനെ കുറിച്ചോ, പണം മടക്കി നല്‍കുന്നതിനെ കുറിച്ചോ പോലും സംസാരിക്കാതെയായിരുന്നു കരാര്‍ റദ്ദാക്കുമെന്ന് അദ്ദേഹം പറഞ്ഞത്.

സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും, ടൂറിസം മന്ത്രിക്കും ഉള്‍പ്പടെ പരാതി നല്‍കിയെങ്കിലും നടപടിയായില്ല. തുടര്‍ന്നാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്, ഇത് പഠിച്ചതിന് ശേഷം നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ മറുപടി ലഭിച്ചിട്ടുണ്ട്. നിലവില്‍ 10 കോടി രൂപയുടെ അസറ്റ് മാത്രമാണ് കമ്പനിയുടെ പേരിലുള്ളത്. കോടികളുടെ തിരിമറിയാണ് നടന്നത്. ഇക്കാര്യങ്ങളെല്ലാം കാണിച്ചാണ് കമ്പനികാര്യങ്ങള്‍ക്കുള്ള എന്‍സിഎല്‍ടി കോടതിയില്‍ പരാതി നല്‍കിയത്. ആഗസ്റ്റ് 20നാണ് കോടതി ഞങ്ങളുടെ കേസ് പരിഗണിച്ചത്.

നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിക്ഷേപകരുടെ തീരുമാനം. മുന്‍നിശ്ചയിച്ച പ്രകാരം നിര്‍മ്മാണം നടന്നിരുന്നെങ്കില്‍ വളരെ മുമ്പ് തന്നെ പദ്ധതി പൂര്‍ത്തിയാവുകയും, വരുമാനമുണ്ടാവുകയും, നിക്ഷേപകര്‍ക്ക് പണം കൊടുക്കാനും സാധിക്കുമായിരുന്നു. സാമ്പത്തിക തിരിമറി മൂലം പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ് ഇപ്പോള്‍. രാജീവ് അഞ്ചല്‍ എന്ന വ്യക്തിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് ഈ പ്രോജക്ട് മുന്നോട്ട് കൊണ്ടുപോകേണ്ടത്. അദ്ദേഹത്തെ പുറത്തുചാടിക്കണമെന്ന് ഞങ്ങള്‍ക്ക് ആര്‍ക്കും ആഗ്രഹമില്ല. ഇതിന്റെ നടത്തിപ്പ് പ്രവര്‍ത്തിപരിചയമുള്ള ആളുകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാകണം എന്നാണ് ആവശ്യപ്പെടുന്നത്.

അദ്ദേഹത്തെ പുറത്തുചാടിക്കണമെന്ന് ഞങ്ങള്‍ക്ക് ആര്‍ക്കും ആഗ്രഹമില്ല. ഇതിന്റെ നടത്തിപ്പ് പ്രവര്‍ത്തിപരിചയമുള്ള ആളുകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാകണം എന്നാണ് ആവശ്യപ്പെടുന്നത്.

രാജീവ് അഞ്ചലിന്റെ മറുപടി, അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥിന രഹിതമാണെന്നും, അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും രാജീവ് അഞ്ചല്‍ പ്രതികരിച്ചു. സാമ്പത്തിക തിരിമറി നടത്തി എന്നത് ആരോപണം മാത്രമാണ്. ഈ പ്രോജക്ടില്‍ നാല് കമ്പനികളാണ് ഉള്ളത്. കൃത്യമായ നടത്തിപ്പിനായാണ് പദ്ധതിക്കകത്തു തന്നെ കമ്പനികളുണ്ടാക്കിയിരിക്കുന്നത്. ശില്‍പനിര്‍മ്മാണത്തിനായി ഒരു കമ്പനി, അഡ്വഞ്ചര്‍ പാര്‍ക്കിന് ഒരു കമ്പനി, ആയുര്‍വേദ റിസോര്‍ട്ടിന് ഒരു കമ്പനി അങ്ങനെയാണ്, ഇങ്ങനെ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുവാദമുണ്ട്.

ബിഒടി കരാറില്‍ 30 വര്‍ഷത്തേക്ക് എന്നെയാണ് 65 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. അതിന് ശേഷം അത് സര്‍ക്കാരിന് കൈമാറേണ്ടത് ഞാനോ എന്റെ കുടുംബമോ ആണ്. പേഴ്സണല്‍ പെര്‍ഫോമന്‍സ് കോണ്‍ട്രാക്ടാണ് ഇത്. 2011ല്‍ നടത്തിയ ഒരു മത്സരത്തിലൂടെയാണ് സര്‍ക്കാര്‍ എന്നെ തെരഞ്ഞെടുത്തത്. അതില്‍ ചില കണ്ടീഷനുകള്‍ ഉണ്ട്, എനിക്ക് വേണമെങ്കില്‍ പുറത്തു നിന്ന് പദ്ധതിക്കായുള്ള ഫണ്ടിനായോ അതിന്റെ നടത്തിപ്പിനായോ മറ്റ് കമ്പനികളുമായി കരാറുണ്ടാക്കാം. എന്നാല്‍ സബ് കോണ്‍ട്രാക്ടില്‍ ഏര്‍പ്പെടുമ്പോള്‍ ആ കമ്പനിയുടെ നിയന്ത്രണവും എന്റെ കമ്പനിക്ക് തന്നെയായിരിക്കണമെന്നത് കര്‍ശനമായി പറഞ്ഞിട്ടുണ്ട്.

ആരോപണവുമായെത്തിയ ജെടിപിഎല്‍ എന്ന കമ്പനിക്കായിരുന്നു പദ്ധതിയുടെ നടത്തിപ്പും റവന്യു കളക്ഷനും ഉള്‍പ്പടെയുള്ള അവകാശം കൊടുത്തത്. അപ്പോഴും ആ കമ്പനിയുടെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ഞാനായിരുന്നു. എന്നാല്‍ വരുമാനം വന്നു തുടങ്ങിയപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ടര്‍മാരില്‍ ചിലര്‍ക്ക് ഞാന്‍ ഒരു തടസമായി. ബോര്‍ഡ് മീറ്റിങ് കൂടി എന്നെ എംഡി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം ആരംഭിച്ചു. മീറ്റിങ്ങിന്റെ അജണ്ട ലഭിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായിരുന്നു. ഇതോടെ അജണ്ടയുടെ കോപ്പി സഹിതം സര്‍ക്കാരിന് പരാതി നല്‍കുകയായിരുന്നു. ടൂറിസം മന്ത്രിയെയും, ടൂറിസം സെക്രട്ടറിയെയും, ഡയറക്ടറെയും വിവരം അറിയിച്ചു. ഞാന്‍ സര്‍ക്കാരിന്റെ പാട്ടക്കാരനാണ്, അതുകൊണ്ടാണ് ഈ നീക്കം സര്‍ക്കാരിനെ അറിയിച്ചത്.

കരാറിലെ വ്യവസ്ഥകളുടെ ലംഘനം കാണിച്ച് വക്കീല്‍ നോട്ടീസയച്ചിട്ടും പിന്‍വലിക്കാതിരുന്നതോടെയാണ് ജെടിപിഎല്‍ എന്ന കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കിയത്. സര്‍ക്കാരിന്റെ അനുവാദത്തോടെയായിരുന്നു ഇത്. ഇതോടെ ഡയറക്ടര്‍ ബോര്‍ഡിലെ ചിലര്‍ ഞാന്‍ സാമ്പത്തിക തിരിമറി നടത്തി എന്നാരോപിച്ച് കേസ് കൊടുത്തു. ഇത് ആരോപണം മാത്രമാണ്, 27 കോടി രൂപയാണ് ഈ കമ്പനിയിലെ നിക്ഷേപകര്‍ വഴി ലഭിച്ചത്. കോടതിയില്‍ നല്‍കിയ പരാതിയിലും ഈ തുക തന്നെയാണ് കാണിച്ചിരിക്കുന്നത്. 40 കോടി എന്നൊക്കെ വെറുതെ പറയുന്നതാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നത്.

അവരില്‍ നിന്ന് ലഭിച്ച 27 കോടി രൂപ പദ്ധതിയുടെ നിര്‍മ്മാണങ്ങള്‍ക്ക് മാത്രമായാണ് ഉപയോഗിച്ചത്. ഇതിനെല്ലാം കൃത്യമായ രേഖകളും ഉണ്ട്. ജടായു പാറയിലെ വിവിധ പദ്ധതികള്‍ക്കായാകും തുക ഉപയോഗിക്കുകയെന്ന് നിക്ഷേപകര്‍ക്ക് നല്‍കിയ ഓഫര്‍ ലെറ്ററില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിക്ഷേപകരില്‍ 8 പേര്‍ മാത്രമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അവരാണ് മറ്റ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. യാഥാര്‍ത്ഥ്യം മനസിലാക്കിയവര്‍ എനിക്കൊപ്പം തന്നെയാണ്.

ഒരു മാസത്തേക്കുള്ള ഇന്ററിം ഓര്‍ഡറാണ് എന്‍സിഎല്‍ടി കോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അത് വെച്ചിട്ട് മാധ്യമങ്ങളിലൂടെ എന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ തീര്‍ച്ചയായും നിയമനടപടി സ്വീകരിക്കും. നിക്ഷേപകരെ അവരുടെ തുക നല്‍കാതെ പ്രോജക്ടില്‍ നിന്ന് പുറത്താക്കി എന്നാണ്, അതിന് ഒരിക്കലും സാധിക്കില്ല. ഇത്രയും കാശ് മുടക്കിയിരിക്കുന്ന നിക്ഷേപകരെ എങ്ങനെയാണ് പുറത്താക്കുന്നത്? പദ്ധതി നടത്തിപ്പിനായി മറ്റും കമ്പനിക്ക് നല്‍കിയിരുന്ന കരാര്‍ റദ്ദാക്കുക മാത്രമാണ് ചെയ്തത്. അത് കരാര്‍ ലംഘനമുണ്ടായതുകൊണ്ടാണ്. കേരളത്തിന്റെയല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന പദ്ധതിയാണ് ഇത്. ജടായു പാറ പദ്ധതിയില്‍ നിക്ഷേപകരുടെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല, ഉണ്ടായത് പദ്ധതി നടത്തിപ്പിന്റെ പേരിലുണ്ടായ തര്‍ക്കം മാത്രമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in