ജിപിഎസ് ഉണ്ടായിട്ടും ആംബുലന്‍സ് നിര്‍ത്തിയതറിയാഞ്ഞത് കണ്‍ട്രോള്‍ റൂം വീഴ്ച ; ഡ്രൈവറുടെ മാത്രം കുറ്റമെന്ന് കൈമലര്‍ത്തി ജി.വി.കെ

ജിപിഎസ് ഉണ്ടായിട്ടും ആംബുലന്‍സ് നിര്‍ത്തിയതറിയാഞ്ഞത് കണ്‍ട്രോള്‍ റൂം വീഴ്ച ; ഡ്രൈവറുടെ മാത്രം കുറ്റമെന്ന് കൈമലര്‍ത്തി ജി.വി.കെ

108 ആംബുലന്‍സ് പ്രവര്‍ത്തനം ജിപിഎസ് സംവിധാനത്തിലായിരുന്നിട്ടും ആറന്‍മുളയില്‍ വാഹനം വഴിതിരിച്ചുവിടുകയും നിര്‍ത്തിയിടുകയും ചെയ്തത് തിരിച്ചറിയാതിരുന്നത് കണ്‍ട്രോള്‍ റൂം വീഴ്ച. പന്തളത്തെ കൊവിഡ് കേന്ദ്രത്തിലേക്കുള്ള വഴിമധ്യേ വിജനമായ ഇടത്ത് ആംബുലന്‍സ് നിര്‍ത്തിയാണ് നൗഫല്‍ എന്ന പ്രതി 20 കാരിയായ രോഗിയെ പീഡിപ്പിച്ചത്. കനിവ് ആംബുലന്‍സ് സേവനം ലഭ്യമാക്കുന്ന ജി.വി.കെ ഇഎംആര്‍ഐ കമ്പനിയുടെ കണ്‍ട്രോള്‍ റൂം തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ്. ആംബുലന്‍സുകളുടെ ലൈവ് ട്രാക്കിംഗ് തന്നെ സാധ്യമാണ്. ഏത് കാരണത്താല്‍ വാഹനം നിര്‍ത്തിയാലും കണ്‍ട്രോള്‍ റൂമില്‍ അപ്പോള്‍ വിവരം ലഭിക്കും. കീ ഓഫാണെങ്കില്‍ അത് വ്യക്തമാകും. കീ ഓണിലായി സീറോ സ്പീഡാണ് കാണിക്കുന്നതെങ്കില്‍ വാഹനം നീങ്ങുന്നില്ലെന്നും വ്യക്തമാകും. സ്ഥലമേതാണെന്നും തിരിച്ചറിയാനാകും. കണ്‍ട്രോള്‍ റൂമിലെ പ്രത്യേക വെബ്‌സൈറ്റില്‍ ഇക്കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നുമുണ്ട്. സാധാരണ ഗതിയില്‍ പുറപ്പെടാന്‍ വൈകിയാലും എത്താന്‍ വൈകിയാലും വണ്ടി നിന്നാലും വിവരം ലഭിച്ചയുടന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഡ്രൈവറെ വിളിച്ച് അന്വേഷിക്കാറുണ്ട്. എന്നാല്‍ ആറന്‍മുള സംഭവത്തില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിട്ടും കണ്‍ട്രോള്‍ റൂമില്‍ നിന്ന് തിരക്കിയിട്ടില്ല.

ആറന്‍മുളയില്‍ നിന്ന് പന്തളത്തേക്കുള്ള വഴിയിലെ വിജനമായ ഇടത്താണ് നൗഫല്‍ ആംബുലന്‍സ് ഒതുക്കിയത്. ശനിയാഴ്ച രാത്രി 12 മണിയോടെ നാല്‍ക്കാലിക്കല്‍ പാലത്തിന് സമീപത്തെ ആളൊഴിഞ്ഞ വയലിടത്തില്‍ വാഹനം നിര്‍ത്തിയാണ് കൊവിഡ് രോഗിയെ പീഡിപ്പിച്ചത്. 24 മണിക്കൂര്‍ ആംബുലന്‍സ് സേവനമുള്ളതിനാല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനവും അത്തരത്തില്‍ ഏകോപിപ്പിക്കേണ്ടതുമാണ്. ശനിയാഴ്ച നൗഫല്‍ വാഹനം നിര്‍ത്തിയതായി ജിപിഎസ് സംവിധാനത്തില്‍ തിരിച്ചറിയാനാകിയില്ലേയെന്ന ദ ക്യുവിന്റെ ചോദ്യത്തോട് ജി.വി.കെ കമ്പനി പ്രതിനിധികള്‍ വ്യക്തമായി പ്രതികരിച്ചില്ല. 9 മിനിട്ടേ വാഹനം നിര്‍ത്തിയിട്ടിട്ടുള്ളൂവെന്നാണ് ജി.വി.കെ കേരള മേധാവി ശരവണന്‍ ദ ക്യുവിനോട് പറഞ്ഞത്.

എന്നാല്‍ അദ്ദേഹത്തിന്റെ വാദം പത്തനംതിട്ട എസ്.പി കെജി സൈമണ്‍ തള്ളി. 9 മിനിട്ടില്‍ അധികം സമയം വാഹനം നിര്‍ത്തിയിട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച വിശദമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും എസ് പി പറഞ്ഞു. 20 കാരിയെ ആദ്യം പന്തളത്ത് ഇറക്കണമെന്ന ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം പ്രതി അവഗണിച്ചുവെന്നത് കൃത്യം നടത്തണമെന്ന ആസൂത്രണത്തോടെയാണ്‌. അതിനാല്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും എസ്.പി വ്യക്തമാക്കി. 40 കാരിയായ രോഗിയെ കോഴഞ്ചേരി കൊവിഡ് ആശുപത്രിയില്‍ ഇറക്കിയ ശേഷമാണ് നൗഫല്‍ 20 കാരിയെയും കൊണ്ട് പന്തളത്തേക്ക് വരുന്നത്. യുവതിയെ ആദ്യം ഇറക്കാതിരുന്ന സമയം മുതല്‍ സംഭവം തട്ടിക്കൊണ്ടുപോകലായി മാറിയെന്ന് എസ്പി വിശദീകരിക്കുന്നു. പ്രതി വാഹനം വഴിതിരിച്ചുവിട്ടവഴിതിരിച്ചുവിട്ടത് എന്തുകൊണ്ട് കണ്‍ട്രോള്‍ റൂം തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദിക്കുന്നു.

രണ്ട് തരത്തിലാണ് ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നത്. നേരിട്ട് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ആവശ്യപ്പെടുന്നത് പ്രകാരം പ്രസ്തുത സ്ഥലത്തിന് സമീപം ലഭ്യമായ വാഹനം ഏര്‍പ്പെടുത്തും. രണ്ടാമതായി ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ട് ആംബുലന്‍സ് ഡ്രൈവര്‍മാരെ വിളിച്ച് സേവനം തേടും. ആറന്‍മുളയില്‍ രണ്ടാമത്തെ രീതിയിലാണ് സംഭവിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ അറിയിപ്പ് നൗഫലിന് ലഭിച്ചു. തുടര്‍ന്ന് ഓട്ടമുണ്ടെന്നും രണ്ട് രോഗികളെ വിവിധയിടങ്ങളില്‍ എത്തിക്കാനുണ്ടെന്നും നൗഫല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്തിരുന്നു. ആംബുലന്‍സ് യാത്ര തുടങ്ങിയതുമുതലുള്ള റെക്കോര്‍ഡിംഗുകള്‍ പൊലീസ് ജിവികെ കമ്പനിയില്‍ നിന്ന് ശേഖരിച്ചിട്ടുമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ ഒരു വ്യക്തി ചെയ്ത കുറ്റത്തിന് സ്ഥാപനത്തെയാകെ ക്രൂശിക്കരുതെന്നാണ് ജി.വി.കെ കേരള വിഭാഗം മേധാവി ശരവണന്റെ പ്രതികരണം. സംസ്ഥാനത്താകെ 315 ആംബുലന്‍സുകളുണ്ട്.ഒരേ സമയം നിരവധി ആംബുലന്‍സുകള്‍ ഓടുമെന്നതിനാല്‍ ഓരോ വാഹനങ്ങളുടെയും നീക്കങ്ങള്‍ കൃത്യമായി പിന്‍തുടരാറില്ലെന്നാണ് വിശദീകരണം. പരാമര്‍ശിച്ച സമയത്ത് യാത്ര തുടങ്ങാതിരിക്കുകയോ പ്രതീക്ഷിച്ച സമയത്ത് എത്താതിരിക്കുകയോ വഴിയില്‍ നിര്‍ത്തുന്ന സാഹചര്യമുണ്ടാകുമ്പോഴോ ഡ്രൈവറുമായി ബന്ധപ്പെട്ട് അന്വേഷിക്കാറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ വഴിതിരിച്ചുവിട്ട് ഓടിയിട്ടും വാഹനം നിര്‍ത്തിയിട്ടും എന്തുകൊണ്ട് തിരിച്ചറിയാനായില്ലെന്ന ചോദ്യത്തിന് കമ്പനിക്ക് വ്യക്തമായ മറുപടിയില്ല. എമര്‍ജെന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരെ അടിയന്തര സാഹചര്യത്തില്‍ കേസുകളില്‍ മാത്രമേ വാഹനത്തില്‍ ഇടാറുള്ളൂവെന്നുമാണ് വിശദീകരണം. കൊവിഡ് ബാധിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് ഇതെന്നുമാണ് കമ്പനിയുടെ കേരള മേധാവി ശരവണന്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in