മന്ത്രിയാണോ,മകനാണോ നോക്കിയല്ല ഷെയര്‍ നല്‍കിയത്, ജനം ഓഹരിയുടമകളില്‍ സിപിഎം നേതാക്കളുമുണ്ടാകാം: വിവാദങ്ങളില്‍ ചാനല്‍ എം.ഡി പി വിശ്വരൂപന്‍
SPECIAL REPORT

മന്ത്രിയാണോ,മകനാണോ നോക്കിയല്ല ഷെയര്‍ നല്‍കിയത്, ജനം ഓഹരിയുടമകളില്‍ സിപിഎം നേതാക്കളുമുണ്ടാകാം: വിവാദങ്ങളില്‍ ചാനല്‍ എം.ഡി പി വിശ്വരൂപന്‍

 ജെയ്ഷ ടി.കെ

ജെയ്ഷ ടി.കെ

ചാനല്‍ ഓഹരി നല്‍കുന്നത് രാഷ്ട്രീയം നോക്കിയല്ലെന്ന് ജനം ടിവി എംഡി പി വിശ്വരൂപന്‍. താല്‍പര്യമറിയിച്ചവര്‍ക്ക് ഷെയര്‍ നല്‍കുകയാണ് ചെയ്തത്. അല്ലാതെ, മന്ത്രിയാണോ മന്ത്രിയുടെ മകനാണോ എന്നൊന്നും നോക്കിയല്ല ഷെയര്‍ നല്‍കിയതെന്നും പി വിശ്വരൂപന്‍ ദ ക്യുവിനോട് പറഞ്ഞു. ജനം ടിവി കോര്‍ഡിനേറ്റിങ് അനില്‍ നമ്പ്യാരുടെ പേരിലുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും, ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നും വിശ്വരൂപന്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ജനം ടിവി ബിജെപി ചാനലല്ല, ദേശീയതയെ പിന്തുണയ്ക്കുന്ന ചാനലാണ് ഇത്. ദേശീയ താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്കൊപ്പമാകും ചാനലും നില്‍ക്കുക. രാജ്യത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കുമാണ് ഈ ചാനല്‍ പ്രാധാന്യം നല്‍കുന്നത്. അതിനെ ആരൊക്കെ പിന്തുണയ്ക്കുന്നോ, അവരെയെല്ലാം ചാനലും പിന്തുണയ്ക്കും. എതിര്‍ക്കുന്നവരെ എതിര്‍ക്കുകയും ചെയ്യും', പി വിശ്വരൂപന്‍ ദ ക്യുവിനോട്.

രാഷ്ട്രീയം നോക്കിയല്ല ഓഹരി നല്‍കുന്നത്

'രജിസ്ട്രാര്‍ ഓഫ് കമ്പനി വെബ്‌സൈറ്റില്‍ നോക്കിയാല്‍ ചാനലില്‍ ആരൊക്കെ ഓഹരി എടുത്തിട്ടുണ്ടെന്ന് വ്യക്തമാകും. നമ്മള്‍ മന്ത്രിയാണോ മന്ത്രിയുടെ മകനാണോ എന്നൊന്നും നോക്കിയിട്ടല്ല ഷെയര്‍ കൊടുക്കുന്നത്. ഷെയര്‍ വാങ്ങാന്‍ താല്‍പര്യമറിയിച്ചവര്‍ നിരവധി പേരുണ്ടായിരുന്നു. അതില്‍ മന്ത്രിയുടെ മകനുണ്ടോ എന്നൊന്നും അറിയാന്‍ പറ്റില്ലല്ലോ. ജനം ടിവിയുടെ ഷെയര്‍ വാങ്ങിയവരില്‍ വേറെയും സിപിഎം നേതാക്കളുണ്ടായിരിക്കാം. രാഷ്ട്രീയം നോക്കിയല്ല ഓഹരി നല്‍കുന്നത്.

ജനം ബിജെപി ചാനലല്ല, ബിജെപിയല്ല ഈ ചാനല്‍ തുടങ്ങിയത്. ഞാനാണ് ഫൗണ്ടര്‍, ദേശീയതയ്‌ക്കൊപ്പമാണ് ജനം ടിവി നിലനില്‍ക്കുന്നത്. അത് ബിജെപിയാണെങ്കിലും കോണ്‍ഗ്രസാണെങ്കിലും അങ്ങനെ തന്നെയാകും. ദേശീയ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരോടൊപ്പമാകും ചാനലും നില്‍ക്കുക. രാജ്യത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കുമാണ് ഈ ചാനല്‍ പ്രാധാന്യം നല്‍കുന്നത്. അതിനെ ആരൊക്കെ പിന്തുണയ്ക്കുന്നോ, അവരെയെല്ലാം ചാനലും പിന്തുണയ്ക്കും. എതിര്‍ക്കുന്നവരെ എതിര്‍ക്കുകയും ചെയ്യും.

'അനില്‍ നമ്പ്യാര്‍ ആരോപണ വിധേയന്‍ മാത്രമാണ്'

അനില്‍ നമ്പ്യാര്‍ ആരോപണ വിധേയന്‍ മാത്രമാണെന്നും കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും പി വിശ്വരൂപന്‍ പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കും, ഇല്ലെങ്കില്‍ അദ്ദേഹം ചാനലില്‍ തന്നെയുണ്ടാകും. കസ്റ്റംസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വരെ മാത്രമാണ് അദ്ദേഹം മാറിനില്‍ക്കുന്നത്.

അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ കോര്‍ഡിനേറ്റിങ് എഡിറ്ററാണ്, അല്ലാതെ പലരും പറയുന്നത് പോലെ ചാനലിന്റെ തലപ്പത്തുള്ള ആളല്ല. അദ്ദേഹത്തിന്റെ നിലപാട് ചാനലിന്റെ നിലപാട് ആവുകയുമില്ല.

കസ്റ്റംസ് ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായപ്പോള്‍ മാനേജ്‌മെന്റ് അനില്‍ നമ്പ്യാരോട് വിശദീകരണം ചോദിച്ചിരുന്നു, ഈ വിശദീകരണത്തിലാണ് സത്യം തെളിയും വരെ താന്‍ ചാനലില്‍ നിന്ന് മാറി നില്‍ക്കുന്നതായി അനില്‍ നമ്പ്യാര്‍ അറിയിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തോട് അദ്ദേഹത്തിനുള്ള ആത്മാര്‍ത്ഥത കൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്', പി വിശ്വരൂപന്‍ പറഞ്ഞു.

The Cue
www.thecue.in