ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ ഉത്തരം തേടുന്നത് ഈ ചോദ്യങ്ങള്‍ക്ക്

ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ ഉത്തരം തേടുന്നത് ഈ ചോദ്യങ്ങള്‍ക്ക്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോപണത്തിന്റെ കുരുക്ക് അഴിക്കുക എന്നതാണ് സിബിഐക്ക് മുന്നിലുള്ള പ്രധാന കടമ്പ. സിബിഐ എസ്പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണം ഏറ്റെടുത്ത സിബിഐ ബാലഭാസ്‌കറിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നത് തുടരുകയാണ്. ഭാര്യ ലക്ഷ്മിയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന മൊഴി സിബിഐയോടും ലക്ഷ്മി ആവര്‍ത്തിച്ചു. ബാലഭാസ്‌കറായിരുന്നു വാഹനം ഓടിച്ചതെന്ന അര്‍ജുന്റെ മൊഴിയാണ് മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന സംശയം ഉയര്‍ത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അര്‍ജുനാണ് വണ്ടിയോടിച്ചതെന്ന് കണ്ടെത്തിയിരുന്നു.

ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണിയില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ലക്ഷ്മിയെ കൂടാതെ അമ്മ ഓമനകുമാരി, സഹോദരന്‍ പ്രസാദ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അറിയാവുന്ന കാര്യങ്ങള്‍ സിബിഐയെ അറിയിച്ചിട്ടുണ്ടെന്ന് ലക്ഷ്മിയുടെ അമ്മ ഓമനകുമാരി ദ ക്യുവിനോട് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നില്ലെന്നും ലക്ഷ്മി സിബിഐ സംഘത്തോട് പറഞ്ഞു. സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശ് തമ്പി. ബാലഭാസ്‌കറിന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വിഷ്ണു. ഇവരുടെ ബിസിനസില്‍ ബാലഭാസ്‌കര്‍ പങ്കാളിയായിരുന്നു. പാലക്കാട് ആയുര്‍വേദ ആശുപത്രി നടത്തുന്ന ലതയുമായി സാമ്പത്തിക ഇടപാടുകളില്ല. പണം കടം കൊടുത്തിരുന്നുവെന്നും ലക്ഷ്മി മൊഴി നല്‍കിയിട്ടുണ്ട്.

സിബിഐ ഉത്തരം തേടുന്നത് ഈ ചോദ്യങ്ങള്‍ക്ക്

അപകട സമയത്ത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചതാരാണ്, അപകട മരണമാണോ, അമിത വേഗതയിലാണോ വണ്ടിയോടിച്ചിരുന്നത്, അസ്വഭാവിക മരണമാണോ എന്നീ ചോദ്യങ്ങള്‍ക്കാണ് സിബിഐ ഉത്തരം കണ്ടെത്തേണ്ടത്. വാഹനം ഓടിച്ചതാരാണെന്നതാണ് ദുരൂഹതകളിലൊന്ന്. ഡ്രൈവര്‍ അര്‍ജുനാണ് ഓടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ദൃക്‌സാക്ഷിയായിരുന്ന നന്ദുവും മൊഴി നല്‍കിയത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി നല്‍കിയ മൊഴിയില്‍ ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്നാണ് ഉള്ളത്. അമിത വേഗതയില്‍ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിലേക്കാണോ സിബിഐയും എത്തിച്ചേരുകയെന്നതും നിര്‍ണായകമാണ്. അപകടത്തില്‍ ദുരൂഹതകളില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ഡ്രൈവിങ് സീറ്റിന്റെ മുന്‍വശത്തെ കണ്ണാടിയില്‍ നിന്നും ലഭിച്ച മുടി അര്‍ജുന്റെതാണ്. വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 100നും 120നും ഇടയിലായിരുന്നുവെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണമാണ് ഉത്തരം കണ്ടെത്തേണ്ട മറ്റൊരു ചോദ്യം. മെയ് 13ന് തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാറും കടക്കൂട്ടം സ്വദേശി വെട്ടുറോഡ് സ്വദേശിനി സെറീനയും സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും 25 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഈ കേസില്‍ വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയും പ്രതികളായി. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ കേസിലെ ഒന്നാം പ്രതിയായി.

വിഷ്ണുവിനും പ്രകാശന്‍ തമ്പിക്കുമെതിരെ കലാഭവന്‍ സോബി നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതില്‍ പലതും ക്രൈംബ്രാഞ്ച് തള്ളിയിരുന്നു.

ബാലഭാസ്‌കറിന്റെ കുടുംബം ആവശ്യപ്പെടുന്നത്

ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കുടുംബം. കൂടെയുണ്ടായിരുന്നവര്‍ക്ക് മരണത്തില്‍ പങ്കുണ്ട്. അതോടൊപ്പം സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന് വന്ന സംശയങ്ങള്‍ നീങ്ങണം. വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തും ബാലഭാസ്‌കറിന്റെ അപകടമരണവും തമ്മില്‍ ബന്ധമുണ്ടെന്ന് കെ സി ഉണ്ണി ആരോപണം ഉന്നയിച്ചിരുന്നു.

പിതാവും അമ്മാവന്‍മാരും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ബാലഭാസ്‌കറിനെ ആശുപത്രിയിലെത്തിച്ച സമയം മുതലുള്ള കാര്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ബാലഭാസ്‌കറിനൊപ്പമുള്ളവരുടെ പെരുമാറ്റ രീതികളില്‍ അസ്വാഭാവികതയുണ്ടെന്നും എന്തോ മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമായിരുന്നു ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയിലെത്തിയ ബന്ധുക്കളെ ഒഴിവാക്കാന്‍ ശ്രമിച്ചു. സംശയിക്കുന്നവര്‍ ഭാര്യ ലക്ഷ്മിക്കൊപ്പം തുടരുന്നതിലും ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ അസ്വസ്ഥരായിരുന്നു. ബാലഭാസ്‌കറിനെ ഈ സംഘം അപകടപ്പെടുത്തിയതാണെന്ന് തുടക്കം മുതല്‍ ബന്ധുക്കള്‍ സംശയിച്ചു. ഇവര്‍ ലക്ഷ്മിയെയും അപകടത്തിലാക്കുമെന്ന് ഭയന്നിരുന്നുവെന്ന് ബന്ധുവായ പ്രിയ വേണുഗോപാല്‍ പറയുന്നു.

പ്രകാശ് തമ്പി, വിഷ്ണു എന്നിവരെയാണ് ഞങ്ങള്‍ സംശയിച്ചത്. പുന്തോട്ടത്തില്‍ ലതയും ലക്ഷ്മിക്കൊപ്പം തന്നെ തുടര്‍ന്നു. ലക്ഷ്മിയുടെ ജീവനും അപകടത്തിലാണെന്ന് തോന്നിയതോടെയാണ് അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കാനാണ് നോക്കിയത്. രക്ഷപ്പെട്ടത് ലക്ഷ്മി മാത്രമാണ്. പാലക്കാട് കൊണ്ടുപോയി ലക്ഷ്മിയെയും ഇല്ലാതാക്കുമെന്നായിരുന്നു ഭയം. സ്വത്തുക്കള്‍ക്ക് മറ്റ് അവകാശികളില്ല. പണമിടപാടുകള്‍ മറ്റാര്‍ക്കും അറിയുകയുമില്ലായിരുന്നു. ഇതൊക്കെ കാരണമാണ് അന്വേഷണം ആവശ്യപ്പെട്ടത്.
പ്രിയ

ഡ്രൈവര്‍ അര്‍ജുന്റെ മൊഴിമാറ്റവും ബന്ധുക്കളുടെ സംശയം ബലപ്പെടുത്തി.അര്‍ജുനല്ല, ബാലഭാസ്‌കാറായിരിക്കാം വണ്ടിയോടിച്ചതെന്ന് ബന്ധുക്കള്‍ക്ക് മുന്നില്‍ വെച്ച് വിഷ്ണുവും പൊലീസിനോട് ആവര്‍ത്തിച്ചു. ഈ സംഘത്തിന് എന്തെല്ലാമോ മറച്ചുവെയ്ക്കാനുണ്ടെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.

ആറ്റിങ്ങല്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. കേസ് അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് അച്ഛന്‍ കെ സി ഉണ്ണി ഡിജിപിക്ക് പരാതി നല്‍കിയത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അര്‍ജുനെ ചോദ്യം ചെയ്യാന്‍ പൊലീസ് മടിക്കുന്നതായും പിന്നീട് ആരോപണം വന്നു.ജനുവരിക്ക് ശേഷം ലക്ഷ്മിയെ കാണാന്‍ അനുവദിക്കുന്നില്ലെന്നും സംഘത്തിന്റെ തടവിലാണെന്നും ബാലഭാസ്‌കറിന്റെ കുടുംബം പറയുന്നു. ലക്ഷ്മിയുടെ നിലപാട് കുടുംബത്തിന് വ്യക്തമാകാത്ത ഘട്ടത്തിലാണ് പ്രകാശ് തമ്പിക്കും വിഷ്ണുവിനും ബന്ധമില്ലെന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ബാലഭാസ്‌കറിന്റെ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്ന ബന്ധം മാത്രമാണ് ഇവരുമായി ഉണ്ടായിരുന്നതെന്നാണ് പോസ്റ്റില്‍ ലക്ഷ്മി പറഞ്ഞിരുന്നത്. ഇത് കളവാണെന്ന് കുടുംബം പറയുന്നു.

മരണത്തിലെ ഗുഢാലോചന പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്നാണ് ബാലഭാസ്‌കറുമായി അടുപ്പമുള്ളവര്‍ പ്രതീക്ഷിക്കുന്നത്.

കലാഭവന്‍ സോബിയുടെ ആരോപണങ്ങളും ഇതേ സമയത്താണ് ഉയര്‍ന്നത്. അപകടത്തിന് ശേഷം മധുബാലകൃഷ്ണന്‍ വഴി പ്രകാശ് തമ്പിയെ വിളിച്ചുവെന്നും ദുരൂഹതയൊന്നുമില്ലെന്ന് മറുപടി കിട്ടിയെന്നുമാണ് സോബി പറഞ്ഞിരുന്നത്. ക്രൈംബ്രാഞ്ചും ഇക്കാര്യം സ്ഥിരീകരിച്ചു. സോബിയുടെ മൊഴി രേഖപ്പെടുത്താന്‍ കുടുംബം ആവശ്യപ്പെട്ടു. അടുത്തഘട്ടത്തില്‍ എടുക്കാമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഓഗസ്ത് അവസാനം ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ വീഴ്ചകള്‍ കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. സ്വര്‍ണ്ണക്കടത്തിനൊപ്പം അപകട മരണവും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സംശയമുള്ള 44 ചോദ്യങ്ങളുമായി ഡിജിപിയെ കണ്ടു.

സിബിഐ കേസ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കൊവിഡും ലോക് ഡൗണ്‍ പ്രഖ്യാപനവും ഉണ്ടാകുന്നത്. തിരുവനന്തപുരം വിമാത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെട്ടതോടെ ബാലഭാസ്‌കറിന്റെ മരണവും വീണ്ടും സജീവമായി. സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയാണെന്ന് വന്നേക്കുമെന്ന് ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സംഘം അറിയിച്ചിരുന്നതായി ബന്ധു പറയുന്നു. കേസിന്റെ പുറകെ പോകണോയെന്ന് ചോദിച്ചു. പ്രകാശ് തമ്പിയും ലക്ഷ്മിയും അത്തരം മൊഴികള്‍ നല്‍കിയാല്‍ ആ രീതിയില്‍ അന്വേഷണം പോകേണ്ടി വരുമെന്നും സംഘം കുടുംബത്തെ അറിയിച്ചു. ഡിആര്‍ഐയും സിബിഐയും അന്വേഷിക്കുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ ബാലഭാസ്‌കര്‍ പങ്കാളിയായിരുന്നെങ്കില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അതിന് പിന്നിലുള്ളവരെയും പുറത്ത് കൊണ്ടുവരണം. ബാലഭാസ്‌കര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യില്ലെന്ന് ഉറപ്പാണ്. സംഗീത പരിപാടികളെ ബാധിക്കുന്ന തരത്തില്‍ ഒരു കാര്യവും ബാലഭാസ്‌കര്‍ ചെയ്യില്ല. ബാലഭാസകര്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് അറിഞ്ഞത് കൊണ്ടാണ് അപകടപ്പെടുത്തിയതെന്ന് സംശയിക്കുന്നുവെന്നും കുടുംബം പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in