ബിജെപി നേതാക്കളുടെ മുന്നറിയിപ്പിന് പിന്നാലെ സ്ഥലംമാറ്റം, അനീഷ് പി രാജന്‍ രാജ്യാന്തര പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥന്‍

ബിജെപി നേതാക്കളുടെ മുന്നറിയിപ്പിന് പിന്നാലെ സ്ഥലംമാറ്റം, അനീഷ് പി രാജന്‍ രാജ്യാന്തര പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥന്‍

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനെ നാഗ്പൂരിലേക്ക് സ്ഥലംമാറ്റിയത് രാഷ്ട്രീയ നീക്കമെന്ന വിമര്‍ശനം ശക്തം. സ്വര്‍ണ്ണക്കടത്ത് കേസിന്റെ തുടക്കത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ അനീഷ് പി രാജനെതിരെ രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ച ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചിരുന്നു എന്ന കെ സുരേന്ദ്രന്റെ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കസ്റ്റംസ് ജോയിന്റ് കമ്മീഷണറെ ലക്ഷ്യമിട്ട് ബിജെപി തുടര്‍ച്ചയായി ആരോപണങ്ങളുയര്‍ത്തിയത്. അനീഷ് പി രാജനെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും തുടര്‍ദിവസങ്ങളില്‍ കെ സുരേന്ദ്രന്‍ നല്‍കിയിരുന്നു.

മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥന്‍ കൂടിയാണ് അനീഷ് പി രാജന്‍. അനീഷ് രാജന്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ക്കായിരുന്നു പുരസ്‌കാരം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസിനെ വിളിച്ചെന്ന വാദമായിരുന്നു ബിജെപിക്കും കോണ്‍ഗ്രസിനും. അനീഷ് പി. രാജന്‍ ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുവന്നതും സഹോദരന്‍ റെനീഷ് പി ആര്‍, സിപിഎമ്മിന്റെ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലാറായിരുന്നുവെന്നതും, കുടുംബാംഗങ്ങള്‍ വനിതാ മതിലില്‍ പങ്കെടുത്തു എന്നതും സുരേന്ദ്രനും പിന്നീട് ടി സിദ്ദീഖും അനീഷ് രാജന്റെ രാഷ്ട്രീയ ബന്ധത്തിന് സാധൂകരണമായി അവതരിപ്പിക്കുകയും ചെയ്തു.

പിണറായി സര്‍ക്കാരിന്റെ കൊവിഡ് കാല പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു കൊണ്ട് അനീഷ് പി.രാജന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടുവെന്നും അമ്മ വനിതാ മതിലില്‍ അണി ചേര്‍ന്നതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുവെന്നും കാണിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമെല്ലാം പരാതി അയക്കുകയും ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ തിടുക്കപ്പെട്ടുള്ള സ്ഥലംമാറ്റത്തിന് ഇതെല്ലാം കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയ കാരണങ്ങളാലാണ് സ്ഥലം മാറ്റമെന്ന് ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതായി ദ ന്യൂ ഇന്ത്യന്‍ എക്‌സപ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥനായ അനീഷ് പി. രാജനെ കുറിച്ച് ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.

ബിജെപി നേതാക്കളുടെ മുന്നറിയിപ്പിന് പിന്നാലെ സ്ഥലംമാറ്റം, അനീഷ് പി രാജന്‍ രാജ്യാന്തര പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥന്‍
ബിജെപിക്ക് താല്‍പ്പര്യമുള്ള ജ്വല്ലറിക്ക് വേണ്ടി കസ്റ്റംസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന തോന്നല്‍ സമൂഹത്തിലുണ്ട്: ഹരീഷ് വാസുദേവന്‍

രാജ്യത്തെ വിമാനത്താവളങ്ങളില്‍ പിടിച്ച സ്വര്‍ണ്ണക്കടത്തിന്റെ പത്ത് ശതമാനം കൊച്ചി കമ്മിഷണറേറ്റിന്റെ നേതൃത്വത്തിലാണ്. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശിയായ അനീഷ് പി രാജന്‍ 2008 ബാച്ചിലാണ് ഐആര്‍എസ് എടുത്തത്.

എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തതില്‍ നിന്ന് അദ്ദേഹം സ്വര്‍ണ്ണക്കടത്ത് നടത്തിയ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടില്ലെന്ന് വ്യക്തമായതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അനീഷ് രാജനെ സ്ഥലം മാറ്റുന്നതെന്നതും ശ്രദ്ധേയമാണ്. ബി എം എസ് ബന്ധം ആരോപിക്കപ്പെടുന്ന ഹരിരാജ് എന്ന കാര്‍ഗോ ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ നേതാവിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. കള്ളക്കടത്തുമായി ബന്ധമുണ്ടോ എന്നറിയാനായി യുഎഇ കോണ്‍സുലേറ്റിലെ ഷാര്‍ ദെ അറ്റാഷേയുടെ മൊഴിയെടുക്കാന്‍ കസ്റ്റംസ് കേന്ദ്രത്തിന്റെ അനുമതി തേടിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നാല് വര്‍ഷമായി കൊച്ചി കസ്റ്റംസ് കമ്മിഷണറേറ്റില്‍ പ്രിവന്റീവ് വിഭാഗത്തില്‍ ജോയിന്റ് കമ്മീഷണറാണ് അനീഷ് പി രാജന്‍. ഓഗസ്റ്റ് പത്തിന് നാഗ്പൂര്‍ സിജിഎസ്ടി ആന്‍ഡ് സിഎക്‌സ് സോണില്‍ ജോയിന്‍ ചെയ്യാനാണ് സ്ഥലംമാറ്റ ഉത്തരവിലെ നിര്‍ദേശം.

ബിജെപി-സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളും ഗ്രൂപ്പുകളും കസ്റ്റംസ് ജോയിന്റെ കമ്മീഷണറെ സ്ഥലംമാറ്റിയതിനെ പിന്തുണച്ചും കേന്ദ്രത്തെ അഭിനന്ദിച്ചും രംഗത്ത് വന്നിട്ടുണ്ട്. ആര്‍എസ്എസ് ആസ്ഥാനമുള്ള നാഗ്പൂരിലേക്ക് തന്നെ സ്ഥലംമാറ്റിയത് ബിജെപിയുടെ വിജയമാണെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.

No stories found.
The Cue
www.thecue.in