'പേടിയോടെയാണ് വിളിച്ചത്'; അര്‍ധരാത്രിയില്‍ വനമേഖലയില്‍ അകപ്പെട്ട്, മുഖ്യമന്ത്രിയെ സഹായത്തിനായി വിളിച്ച പെണ്‍കുട്ടി പറയുന്നു

'പേടിയോടെയാണ് വിളിച്ചത്'; അര്‍ധരാത്രിയില്‍ വനമേഖലയില്‍ അകപ്പെട്ട്, മുഖ്യമന്ത്രിയെ സഹായത്തിനായി വിളിച്ച പെണ്‍കുട്ടി പറയുന്നു

കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കുടുങ്ങിയ ഹൈദരാബാദില്‍ നിന്നുള്ള മലയാളി പെണ്‍കുട്ടികള്‍ക്ക് തുണയായി മുഖ്യമന്ത്രി പിണറായി വിജയന്‍. ടാറ്റാ കണ്‍സള്‍ട്ടന്‍സിയിലെ ജീവനക്കാരികളായ 13 പെണ്‍കുട്ടികള്‍ ചൊവ്വാഴ്ച അതിര്‍ത്തിയില്‍ കുടുങ്ങിയത്. നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയ ട്രാവലര്‍ ഡ്രൈവര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പിന്‍മാറുകയായിരുന്നു. വനമേഖലയില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ ഗൂഗിളില്‍ നിന്നും ഫോണ്‍ നമ്പറെടുത്ത് അര്‍ധരാത്രി മുഖ്യമന്ത്രി പിണറായി വിജയനെ സഹായത്തിനായി വിളിക്കുകയായിരുന്നു.

സംഘത്തിലുണ്ടായിരുന്ന കോഴിക്കോട്ടുകാരി ആതിര ദ ക്യുവിനോട് സംസാരിച്ചു

ഹൈദ്രബാദില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് വ്യക്തമായതോടെയാണ് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്. ഹോസ്റ്റലില്‍ കുറച്ച് മലയാളികളുണ്ടായിരുന്നു. പുറത്ത് നിന്നാണ് വെള്ളം ഉള്‍പ്പെടെ കൊണ്ടുവന്നിരുന്നത്. എങ്ങനെയെങ്കിലും നാട്ടിലെത്താനായിരുന്നു ശ്രമം. വിമാനത്തില്‍ വരാന്‍ ശ്രമിച്ചപ്പോള്‍ റദ്ദാക്കുകയായിരുന്നു. രാവിലെ 4000 രൂപയുണ്ടായിരുന്ന ടിക്കറ്റിന് കുറച്ച് കഴിഞ്ഞപ്പോള്‍ 23000 രൂപയായി. കൂട്ടുകാരി തീര്‍ത്ഥയുടെ അമ്മ കോഴിക്കോട് ജില്ലാ കളക്ടറെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു.തെലങ്കാന, കര്‍ണാടക അതിര്‍ത്തികളില്‍ ജില്ലാ കളക്ടര്‍ വിളിച്ച് വണ്ടി കടത്തി വിടാനുള്ള അനുമതി വാങ്ങി. ബന്ധു വഴി കണ്ട് വണ്ടികള്‍ ലഭിച്ചു. ജില്ലാ കളക്ടര്‍ ഇടയ്ക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു.

അതിര്‍ത്തികളില്‍ പരിശോധനാ സമയത്ത് കാണിക്കുന്നതിനായി അനുമതിപത്രം മെയില്‍ ചെയ്തു തന്നിരുന്നു. 7 മണിക്കാണ് പുറപ്പെട്ടത്. അതിര്‍ത്തികളില്‍ തടഞ്ഞപ്പോള്‍ ജില്ലാ കളക്ടര്‍ നേരിട്ട് വിളിച്ച് സംസാരിച്ചാണ് കടത്തി വിട്ടത്. കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും തിരിച്ചു വിട്ടു. മറ്റൊരു വഴിയിലൂടെ ബാംഗ്ലൂരിലെത്തിയപ്പോളാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് അറിഞ്ഞത്. കേരളാ അതിര്‍ത്തി കടക്കാന്‍ കഴിയില്ലെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. അതിര്‍ത്തി വരെ എത്തിക്കാനെ കഴിയുള്ളവെന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നതോടെ എല്ലാവരും പേടിച്ചു. ഇതോടെ ഗൂഗിളില്‍ നിന്നും നമ്പറെടുത്ത് അര്‍ധരാത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോണിലേക്ക് വിളിച്ചത്.

പേടിച്ചാണ് വിളിച്ചത്. ഫോണെടുത്ത സാര്‍ എന്താ പറ്റിയതെന്ന് പറയാന്‍ ആവശ്യപ്പെട്ടു. കാര്യങ്ങള്‍ വിശദമായി കേട്ടു. വയനാട് കളക്ടറെ അതിര്‍ത്തിയിലേക്ക് വിടാമെന്ന് ഉറപ്പു നല്‍കി. ജില്ലാ പൊലീസ് മേധാവിയുടെ നമ്പറും തന്നു. എസ് പി സാറിനെ വിളിച്ചപ്പോള്‍ അതിര്‍ത്തി കടക്കാനുള്ള അനുമതി തരാം. വണ്ടി ഞങ്ങളോട് തന്നെ കണ്ടെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. 13 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും കാടിന് നടുവില്‍ അര്‍ധ രാത്രി അകപ്പെടുമെന്ന് പറഞ്ഞതോടെ എസ് ഐയുടെ നമ്പര്‍ തന്നു. അദ്ദേഹം വണ്ടി റെഡിയാക്കി തന്നു. പരിശോധനയ്ക്ക് ശേഷം തോല്‍പ്പട്ടിയില്‍ നിന്നും നാട്ടിലേക്ക് വണ്ടി കിട്ടി. എല്ലാവരെയും വീടുകളില്‍ എത്തിച്ചു തന്നു. എല്ലാ വഴികളും അടഞ്ഞപ്പോളാണ് മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചത്. ആ സമയത്ത് ഫോണെടുക്കുമെന്ന ഉറപ്പ് പോലുമില്ലായിരുന്നു. രണ്ടാമത്തെ റിംഗില്‍ അദ്ദേഹം ഫോണെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in