നാടകത്തിലും ആത്മവ്യഥകളിലൂടെ സഞ്ചരിക്കാനായിരുന്നു താല്‍പ്പര്യം, സ്ഥിരം ചേരുവകളേ ജനപ്രിയത സൃഷ്ടിക്കൂ എന്ന ചിന്ത തെറ്റ് : പി ബാലചന്ദ്രന്‍

നാടകത്തിലും ആത്മവ്യഥകളിലൂടെ സഞ്ചരിക്കാനായിരുന്നു താല്‍പ്പര്യം, സ്ഥിരം ചേരുവകളേ ജനപ്രിയത സൃഷ്ടിക്കൂ എന്ന ചിന്ത തെറ്റ് : പി ബാലചന്ദ്രന്‍
Summary

സിനിമയുടെയും നാടകത്തിന്റെയും വഴികളിലൂടെ മാറിമാറി സഞ്ചരിക്കുന്നയാളാണ് പി ബാലചന്ദ്രന്‍. ഉള്ളടക്കം,പവിത്രം, പുനരധിവാസം ഉള്‍പ്പെടെയുള്ള തിരക്കഥകളിലൂടെ ആസ്വാദകന്റെ ഉള്ള് തൊട്ടറിഞ്ഞ തിരക്കഥാകൃത്ത് ഇടവേളയ്ക്ക് ശേഷം തിരക്കഥയൊരുക്കിയ ചിത്രമാണ് കമ്മട്ടിപ്പാടം.പി ബാലചന്ദ്രനുമായി കമ്മട്ടിപ്പാടം പുറത്തിറങ്ങിയ ഘട്ടത്തില്‍ നടത്തിയ സംഭാഷണം

Q

മോഹന്‍ലാലിന്റെ മറ്റൊരു ഭാവതലമുള്ള കഥാപാത്രങ്ങള്‍ക്ക് സ്‌ക്രിപ്ട് ചെയ്തിട്ടുണ്ട്. അഞ്ച് സിനിമകള്‍. അവയില്‍ പവിത്രവും ഉള്ളടക്കവും എടുത്ത് പറയാനാകുന്നതുമാണ്?

A

മോഹന്‍ലാലിന്റെ മുഖത്തേക്ക് ക്യാമറ വെക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തേക്കല്ല ഉള്ളിലേക്കാണ് ക്യാമറ വയ്ക്കുന്നതെന്ന് ആരോ പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് താന്‍ ഈ കഥാപാത്രത്തെ ഇത്ര മികച്ചതാക്കുന്നതെന്ന കാര്യത്തില്‍ അദ്ദേഹത്തിനും അജ്ഞതയുണ്ട്. ആ മെത്തഡോളജി അദ്ദേഹത്തിനും അറിയില്ല. അതാണ് അദ്ദേഹത്തിന്റെ ബലം. മഴ പെയ്യുന്നത് പോലെയോ കൊള്ളിയാന്‍ മിന്നുന്നത് പോലെയോ അങ്ങനെ സംഭവിക്കുന്നതാണ്. മോഹന്‍ലാലിന് വേണ്ടി എഴുതുമ്പോള്‍ നമ്മള്‍ ഒരു ചാല് കീറിയിട്ടാല്‍ മതി അദ്ദേഹം അങ്ങ് സഞ്ചരിച്ച് പോകും. ‘മനമന്ദ’ എന്ന തെലുങ്ക് പടത്തില്‍ ഞാന്‍ ലാലിനൊപ്പം അഭിനയിച്ചിരുന്നു. ‘മുഖാമുഖം’ അഭിനയിക്കുമ്പോള്‍ ഞാന്‍ എന്റെ അഭിനയത്തെക്കാള്‍ മോഹന്‍ലാല്‍ എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കിനില്‍ക്കുകയായിരുന്നു..

Q

ഇവന്‍ മേഘരൂപന് ശേഷമുള്ള സ്വന്തം ചിത്രം ആലോചനയില്‍ ഇല്ലേ?

A

രാജീവ് രവി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളൊക്കെ പ്രചോദിപ്പിക്കുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ്.

Q

തീയേറ്ററില്‍ നിന്ന് സിനിമയിലേക്ക് വരുന്ന അഭിനേതാക്കള്‍ക്ക് കുറച്ചുകൂടെ ആഴത്തില്‍ കഥാപാത്രങ്ങളെ പ്രതിഫലിക്കാനാകുമെന്ന് പറയാറില്ലേ, അതേസമയം സ്വഭാവികത നഷ്ടമാകുന്ന പ്രകടനമാകും എന്ന പോരായ്മയും ഇല്ലേ?

A

ഒരു തയ്യല്‍ക്കാരനും പരിശീലനത്തിന് ശേഷമാണല്ലോ തയ്യല്‍ ജോലി ചെയ്യുന്നത്. നേരേ ഒരു തയ്യല്‍മെഷീന്‍ ഒരാള്‍ക്ക് കൊടുത്താല്‍ തയ്ക്കാന്‍ ആവില്ലല്ലോ. ഒരു ട്രെയിനിംഗ് വേണം. അത് നല്ലതാണ്. അതിന് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ തന്നെ പഠിച്ചിട്ടാകണം എന്നില്ല. നാടകത്തിന് കുറേ ഗുണങ്ങളുണ്ട്. എനിക്ക് മിമിക്രി ചെയ്യാനറിയാം. ഞാന്‍ പണ്ട് നല്ല പോലെ മിമിക്രി ചെയ്യുമായിരുന്നു. അവിടെ നിന്നാണ് ഞാന്‍ ആക്ടിംഗിനെ കുറിച്ച് പഠിക്കുന്നത്. ഇമിറ്റേറ്റ് ചെയ്യുക എന്നത് ഒരു പരിശീലനം തന്നെയാണ്. ഇമാജിനേറ്റീവ് ഇമിറ്റേഷന്‍ ആണ് നടക്കുന്നത്. നാടകാഭിനയത്തില്‍ ഉള്ളിലേക്ക് ഉള്ളിലേക്ക് എത്രമാത്രം സഞ്ചരിക്കാനാകും എന്നതാണ് നാടകത്തില്‍ നിന്ന് ഒരാള്‍ ആര്‍ജിക്കുന്നത്. അത് തിലകനായാലും മുരളിയായാലും അല്‍പ്പാച്ചിനോ ആയാലും മര്‍ലിന്‍ ബ്രാന്‍ഡോ ആയാലും അങ്ങനെയാണ്. മിമിക്രി പുറത്തേക്ക് എത്രമാത്രം കൊടുക്കാം എന്നാണ് നോക്കുന്നത്. അടുത്തിടെ ഞാന്‍ യോഷി ഒയ്ഡ എഴുതിയ ഇന്‍വിസിബിള്‍ ആക്ടര്‍ എന്ന പുസ്തകം വായിച്ചിരുന്നു. പീറ്റര്‍ ബ്രൂക്കിന്റെ മഹാഭാരതത്തില്‍ ദ്രോണരായിരുന്ന നടനാണ്. അദ്ദേഹം ഒരു ഉദാഹരണം പറയുന്നുണ്ട്. നിങ്ങളെ ഞാന്‍ മാനത്ത് ഇരിക്കുന്ന ചന്ദ്രനെ എങ്ങനെ ചുംബിക്കണമെന്ന ആംഗികാഭിനയം കാണിച്ച് തരാം. വിരല്‍ത്തുമ്പ് ചന്ദ്രനിലേക്ക് എങ്ങനെ വയ്ക്കണമെന്നും കാട്ടിത്തരാം. എന്നാല്‍ വിരല്‍ത്തുമ്പില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം നിങ്ങള്‍ കണ്ടെത്തണം. കാരണം വിരല്‍ത്തുമ്പില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം പ്രേക്ഷകര്‍ക്ക് വിശ്വസനീയമാക്കേണ്ടത് നടന്റെ ഉത്തരവാദിത്വമാണ്. നാടകം നല്‍കുന്ന വലിയ ബലമുണ്ട്. അത് എങ്ങനെ സിനിമ എന്ന മീഡിയത്തില്‍ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. ഞാന്‍ പറഞ്ഞുവരുന്നത് ഞാനടക്കം നേരിടുന്ന വെല്ലുവിളിയെക്കുറിച്ചാണ്. ഞാന്‍ മിമിക്രി നന്നായി ആസ്വദിക്കുന്നയാളാണ്. മിമിക്രി കൊണ്ടല്ല മിമിക്രിയില്‍ നിന്ന് സിനിമയിലെത്തിയ പലരും തിളങ്ങുന്നത്. അവരറിയാതെ അവരിലൊരു നാടകാവബോധം ഉണ്ടാകുന്നുണ്ട്. അത് നാടകം പഠിച്ചാല്‍ മാത്രം വരുന്നതുമല്ല. മിമിക്രിക്കാര്‍ സിനിമയെ മോശമാക്കി എന്ന വാദമൊന്നും ഞാന്‍ വിശ്വസിക്കുന്നുമില്ല.

അന്നത്തെ ഒരു സാഹചര്യത്തില്‍ എനിക്കെന്റെ അഭിമാനം നിലനിര്‍ത്താന്‍ ഒരു സിനിമ വേണമായിരുന്നു. ഞാന്‍ തിരക്കഥാരചനയെന്നും സിനിമയെന്നും പറഞ്ഞ് തെണ്ടിത്തിരിഞ്ഞ് നടന്നപ്പോള്‍ വീട്ടുകാരെയും നാട്ടുകാരെയും ബോധ്യപ്പെടുത്താന്‍ ഒരു സിനിമ വേണമായിരുന്നു.
Q

രണ്ട് മാധ്യമങ്ങളിലാണ് സമാന്തരമായി സഞ്ചരിച്ചത്. നാടകൃത്തും സംവിധായകനുമായി നില്‍ക്കുമ്പോള്‍ തന്നെ അഭിനേതാവായും തിരക്കഥാകൃത്തായും സിനിമയിലും സജീവമായി. രണ്ട് മീഡിയം മാറി മാറി കൈകാര്യം ചെയ്തപ്പോള്‍ ഉള്ള അനുഭവങ്ങള്‍ എത്തരത്തിലാണ്.?

A

തിരക്കഥയെഴുതുമ്പോള്‍ ഡിപ്പെന്‍ഡബിലിറ്റി കൂടുതലാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ അടിസ്ഥാനപരമായി എന്റെ പ്രതിഭ നില്‍ക്കുന്നത് തിയറ്റര്‍ മേഖലയിലാണ് എന്നാണ്‌ വിശ്വസിക്കുന്നത്. തിയറ്ററുമായി ഒരുപാട് അടുത്തുനില്‍ക്കുന്നുണ്ട്. ഞാന്‍ നാടകത്തെക്കുറിച്ച് കുറച്ച് കൂടുതലങ്ങ് പഠിച്ചുപോയെന്ന് തോന്നുന്നു. നാടകവും സിനിമയും രണ്ട് വ്യത്യസ്ത വേദികളാണ്. സിനിമയ്ക്ക് വേണ്ടിയാണെങ്കില്‍ ഒരു തീം ആലോചിക്കുമ്പോള്‍ ഒരു ആഖ്യാനസമ്പ്രദായത്തെ അടിസ്ഥാനമാക്കി ഒരു സബ്ജക്ട് ഉണ്ടാക്കാന്‍ പറ്റാറില്ല. അതൊരു കുഴപ്പമാണെങ്കില്‍ ആ കുഴപ്പം കൂടിയുള്ള ആളാണ് ഞാന്‍. ചില സബ്ജക്ടുകളും ചില സംവിധായകരുമായുള്ള ബന്ധത്തെ കൂടി ആശ്രയിച്ചാണ് എഴുത്ത് സുഗമമാകാറുള്ളത്. തിരക്കഥയുടെ ക്രാഫ്റ്റില്‍ ആത്മവിശ്വാസമുണ്ട്. പവിത്രമൊക്കെ എഴുതിയത് അങ്ങനെയാണ്. ആദ്യ കൂടിയാലോചനയ്ക്ക് ശേഷം എഴുതാന്‍ വേണ്ടി രാജീവ് കുമാര്‍ അങ്ങ് വിടുകയായിരുന്നു. അതൊരു കവിത പോലെ അങ്ങ് എഴുതാന്‍ പറ്റി. പുനരധിവാസവും നാല് ദിവസമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. അതേ സമയം ഉള്ളടക്കം എന്ന സിനിമ നോക്കിയാല്‍ ആ സിനിമയിലെ മനശാസ്ത്ര സംബന്ധിയായ വിഷയമൊക്കെ ജൈവമായി എന്നില്‍ നിന്നുണ്ടായതല്ല. അതിന്റെ സബ്ജ്ക്ട് ചെറിയാന്‍ കല്‍പ്പകവാടിയുടേതാണ്. ഉള്ളടക്കത്തിന്റെ തിരക്കഥയെഴുതുമ്പോള്‍ കൂടുതല്‍ സമയമെടുത്തിരുന്നു. അവിടെ ചെറിയാന്റെയും കമലിന്റെയും നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കേണ്ടിയിരുന്നു. ഉള്ളടക്കത്തിന്റെ തിരക്കഥ എന്റെ കൃതിയായി എനിക്ക് പ്രസിദ്ധീകരിക്കാവുന്നതുമല്ല. അവിടെ പലരുടെയും കോണ്‍ട്രിബ്യൂഷന്‍സ്‌ ഉണ്ട്.

Q

എഴുതിയ തിരക്കഥകളില്‍ ചിലത് സിനിമയായപ്പോള്‍ ഇത് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ, അങ്കിള്‍ ബണ്‍, പോലീസ് എന്നിവയൊക്കെ അന്യഭാഷാ പകര്‍പ്പുകളായിരുന്നില്ല?

A

ഞാന്‍ എഴുതാനേ തയ്യാറല്ല എന്ന് കരുതിയിരുന്ന കാലത്താണ് അങ്കിള്‍ ബണ്‍ എന്ന സിനിമയിലെത്തുന്നത്. അന്നത്തെ ഒരു സാഹചര്യത്തില്‍ എനിക്കെന്റെ അഭിമാനം നിലനിര്‍ത്താന്‍ ഒരു സിനിമ വേണമായിരുന്നു. ഞാന്‍ തിരക്കഥാരചനയെന്നും സിനിമയെന്നും പറഞ്ഞ് തെണ്ടിത്തിരിഞ്ഞ് നടന്നപ്പോള്‍ വീട്ടുകാരെയും നാട്ടുകാരെയും ബോധ്യപ്പെടുത്താന്‍ ഒരു സിനിമ വേണമായിരുന്നു. പോലീസ് ഒരു വിദേശ സിനിമയുടെ പകര്‍പ്പാണ്. ആ സിനിമയുടെ ഒറിജിനല്‍ നേരത്തെ കണ്ടിട്ടുള്ളതേയല്ല. ഞാന്‍ അത്ര വലിയ ഹോളിവുഡ് സിനിമാ കമ്പം ഉള്ളയാളല്ല. തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ സത്യത്തില്‍ ആദ്യം എഴുതിയത് അടിമുടി പൊളിച്ചുണ്ടാക്കിയ തിരക്കഥയാണ്. അതിന് അതിന്റേതായ തകര്‍ച്ചകള്‍ വന്നു.

Q

അനുകരണപതിപ്പുകളോട് വിയോജിപ്പുണ്ടായിരുന്നില്ലേ?

A

എനിക്ക് പൊതുവേ താല്‍പ്പര്യമില്ലാത്ത സംഗതിയാണ് അത്. പക്ഷേ ചില സമയത്ത് നമ്മള്‍ പെട്ടുപോകും. ചിലപ്പോള്‍ നമുക്ക്‌ ആദര്‍ശാത്മകതയില്‍പ്പെട്ട്‌ കിടക്കാനാകില്ല.

Q

അഭിനേതാവ് എന്ന നിലയില്‍ സജീവമായപ്പോഴാണ് മലയാളത്തിലെ പ്രധാനപ്പെട്ട സിനിമകളുടെ തിരക്കഥാകൃത്തായിരുന്നുവെന്ന്‌ കൂടുതല്‍ പേര്‍ തിരിച്ചറിഞ്ഞത്?

A

ഈ കാര്യങ്ങളിലൊക്കെ ഒരു കാലത്ത് നന്നായി ഫ്രസ്‌ട്രേറ്റഡ്‌ ആയിരുന്നു ഞാന്‍. ഞാനും കീര്‍ത്തിപ്പൊലിമയാണ് നമുക്ക് വേണ്ടത്‌ എന്ന് വിശ്വസിച്ചിരുന്നു. പ്രായമാകുമ്പോഴാണ് അതിലൊന്നും വലിയ കാര്യമില്ലെന്ന് മനസ്സിലാകുന്നത്. പല പല കാരണങ്ങളിലാണ് തിരിച്ചറിയപ്പെടാതെ പോയിരുന്നത്. ഞാനത്ര മെരുങ്ങുന്ന ആളൊന്നുമായിരുന്നില്ല. നാട്ടിന്‍പുറത്തുകാരന്റെ വങ്കത്തരമൊക്കെയുണ്ടായിരുന്നു. ആരെയും സുഖിപ്പിച്ച് നേട്ടമുണ്ടാക്കണം എന്ന ചിന്തയൊന്നും ഇല്ലായിരുന്നു.

Q

ഉള്ളടക്കവും പവിത്രവും പുനരധിവാസവുമൊക്കെ നോക്കുമ്പോള്‍ ആത്മസംഘര്‍ഷങ്ങളിലൂന്നിയാണ് സിനിമ സഞ്ചരിക്കുന്നത്. ഇതിന് പ്രത്യേകിച്ച് കാരണങ്ങളുണ്ടോ?

A

നാടകത്തിലാണെങ്കിലും സിനിമയിലായാലും ആത്മസംഘര്‍ഷങ്ങളുടെ ആവിഷ്‌കര്‍ത്താവാണ് ഞാന്‍ എന്നാണ് തോന്നിയിട്ടുള്ളത്. രാജീവ് രവിയും അത് തിരിച്ചറിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം ചെയ്യാനിരുന്നപ്പോഴും രാജീവ് പറഞ്ഞിരുന്നു. ബാലേട്ടാ ഇതിനകത്ത് റിലേഷന്‍ഷിപ്പുകള്‍ക്കിടയില്‍ ഉള്ള വ്യഥകളെ നന്നായി പരിഗണിക്കണമെന്ന്. മനസ്സിന്റെ അടിത്തട്ടില്‍ അനുഭവിക്കുന്ന വ്യഥകള്‍ പറയുന്നതാണ് എനിക്ക് കൂടുതല്‍ വഴങ്ങുന്നത് എന്ന് തോന്നിയിട്ടുണ്ട്.

Q

നാടകത്തിലും രാഷ്ട്രീയമാനങ്ങളേക്കാള്‍ ആത്മസംഘര്‍ഷങ്ങളായിരുന്നില്ലേ വിഷയമായത്

A

സത്യമാണ്, നാടകത്തിലും ആത്മവ്യഥകളിലൂടെ സഞ്ചരിക്കാനായിരുന്നു താല്‍പ്പര്യം. വലിയ രാഷ്ട്രീയമാനമുളള നാടകങ്ങള്‍ എഴുതിയിട്ടില്ലെങ്കിലും അവയ്ക്ക് രാഷ്ട്രീയമുണ്ടായിരുന്നു.

Q

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരക്കഥയാണ് കമ്മട്ടിപ്പാടം, എന്താണ് കമ്മട്ടിപ്പാടം?

A

എന്റെ തിരക്കഥാരചനയുടെ രീതിയെ കുറിച്ച് പറഞ്ഞ് തുടങ്ങാം. ഒന്നാമത് നാടകകൃത്ത് എന്ന നിലയില്‍ എനിക്ക് മറ്റ് ആപേക്ഷികതകള്‍ ഒന്നുമില്ല. നാടകമെഴുതുമ്പോള്‍ അത് എന്റെ ആത്മതൃപ്തി മാത്രം പരിഗണിച്ച് എഴുതിയാല്‍ മതി. എഴുതാന്‍ വേറെ ആളുകളുമായി ഇന്ററാക്ഷനും ആവശ്യമില്ല. തിരക്കഥാരചനയിലേക്ക്‌ വരുമ്പോള്‍ ഇതെല്ലാം മാറുകയാണ്. നമ്മള്‍ക്കെല്ലാം അറിയാം സിനിമയിലാകുമ്പോള്‍ അധിപന്‍ സംവിധായകനാണ്. ഒരു പാട് ഘടകങ്ങള്‍ പല രീതിയില്‍ ചേരുമ്പോഴാണ് സിനിമ സംഭവിക്കുന്നത്. പലരുടെയും കോണ്‍ട്രിബ്യൂഷന്‍ ചേരുന്നതുമാണ് സിനിമ.

തിരക്കഥാകൃത്ത് എന്ന നിലയില്‍ ആപേക്ഷികത തിരിച്ചറിഞ്ഞാണ് എഴുതാറുള്ളത്. സംവിധായകന് വേണ്ടിയുള്ള എഴുത്താണ്. ചിലര്‍ക്ക് കടുംപിടുത്തമുണ്ട്. ചിലര്‍ പൂര്‍ണസ്വാതന്ത്ര്യം തരും. കൂട്ടായ ആലോചനകളില്‍ നിന്നാവും എഴുത്തിലേക്ക് കടക്കുന്നത്. ചിത്രീകരണത്തിനും എഡിറ്റിംഗിനുമൊപ്പം സ്‌ക്രിപ്ടിംഗ് എന്ന പ്രക്രിയ കൂടി നടത്തുന്നവരുണ്ട്. ഞാന്‍ രാജീവിനെ കാണുന്നത് ഈ മൂന്നാമത് പറഞ്ഞ ഗണത്തിലാണ്. എഴുതി കൃത്യമാക്കപ്പെട്ട ഒരു തിരക്കഥ രാജീവ് എന്നില്‍ നിന്ന് ആവശ്യപ്പെടുന്നില്ല. രണ്ടാമത് ഞാനും രാജീവും കുറേ കൂടിയാലോചന നടത്തി സ്‌ക്രിപ്ടിലെത്തിയ ശേഷം സിനിമയ്ക്ക് വേണ്ടി അത് സ്വീകരിക്കുകയുമല്ല. രാജീവ് എനിക്ക് പൂര്‍ണസ്വാതന്ത്ര്യം തരുന്നു. വിവിധ ഘട്ടങ്ങളിലായി എന്നോടും ചര്‍ച്ച ചെയ്യുകയും സ്‌ക്രിപ്ട് മുന്നോട്ട് പോവുകയും ചെയ്തു. രണ്ട് മൂന്ന് വര്‍ഷമെടുത്തു കമ്മട്ടിപ്പാടത്തിന്റെ സ്‌ക്രിപ്ടിംഗിന്. ഷൂട്ടിംഗിലും എഡിറ്റിംഗിലുമെല്ലാം എന്റെ സഹായമില്ലാതെ തന്നെ സിനിമയുടെ രൂപവും ഘടനയും ഉണ്ടാവുകയാണ്. ആക്ടേഴ്‌സും എഡിറ്ററും ഛായാഗ്രാഹകനുമെല്ലാം സംവിധായകന് വിധേയമായി കോണ്ട്രിബ്യൂട്ട് ചെയ്യുന്നുണ്ട്.

Q

തിരക്കഥയെ ഉപേക്ഷിച്ചാണ് സിനിമ ചെയ്യുന്നത് എന്ന് രാജീവ് രവി തന്നെ പറഞ്ഞിരുന്നു. തിരക്കഥയിലൂന്നിയായിരുന്നില്ലേ ഈ സിനിമയുടെ നിര്‍മ്മാണപ്രക്രിയ?

A

സിനിമ പൂര്‍ത്തിയാകുമ്പോള്‍ തന്നെയാണ് രാജീവിന്റെ സ്‌ക്രിപ്ടിംഗും പൂര്‍ത്തിയാകുന്നത്. എനിക്ക് രാജീവിന്റെ മേക്കിംഗ് രീതി അറിയുന്നതിനാല്‍ ഞാന്‍ അതില്‍ സന്തോഷിക്കുകയാണ് ചെയ്യുന്നത്. സിനിമ വരുമ്പോള്‍ തിരക്കഥ പി ബാലചന്ദ്രന്‍ എന്ന് വരുന്നു. പക്ഷേ എന്റെ മാത്രം എന്ന് എനിക്ക് അവകാശപ്പെടാനാകില്ല. അതിന്റെ പ്രക്രിയയില്‍ പലരുടെയും കോണ്ട്രിബ്യൂഷനുണ്ട്. സ്‌ക്രിപ്ട് കത്തിച്ചുവേണം സിനിമയെടുക്കാന്‍ എന്ന് രാജീവ് രവി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ആ പ്രയോഗം മാത്രം തമാശയായി കണ്ടാല്‍ അദ്ദേഹം പറഞ്ഞത് തന്നെയാണ് വസ്തുത. എഴുതി പൂര്‍ത്തിയാക്കി വച്ച തിരക്കഥയെ ആധാരമാക്കിയല്ല രാജീവ് രവിയുടെ സിനിമ. ഓരോ ഘട്ടത്തിലായി രൂപപ്പെടുന്നതും, ഇടപെടുന്ന പലരിലൂടെ നടനിലൂടെയും ഛായാഗ്രാഹകനിലൂടെയും എഡിറ്ററിലൂടെയും വികസിക്കുന്ന, സംവിധായകന്റെ ക്രിയേറ്റിവിറ്റിക്കൊപ്പം പൂര്‍ണതയിലേക്കെത്തുന്നത് എന്‍ഡ് പ്രൊഡക്ടിലാണ് ഈ സിനിമയുടെ സ്‌ക്രിപ്ടിംഗ് പൂര്‍ത്തിയാകുന്നത്.

ഞാന്‍ ഈ പ്രോസസില്‍ ആനന്ദിക്കുന്നയാളാണ്. അവിടെ ഈഗോയുടെ കാര്യമില്ലല്ലോ. എന്‍ഡ് പ്രൊഡക്ട് എന്ന രീതിയില്‍ സിനിമ മികച്ചതാവുക. സിനിമ സംവിധായകന്റേതാണ്. രാജീവ് രവിയുമായി നേരത്തെ തന്നെ സൗഹൃദമുണ്ട്. ഒരു കൂട്ടായ്മയുടെ സന്തോഷമാണ് ഈ പ്രക്രിയയിലെല്ലാം അനുഭവിക്കുന്നത്. സൗഹൃദവും പ്രധാന ഘടകമാണ്. ഒരു സര്‍ഗാത്മകപ്രവൃത്തിയില്‍ ഇടപെട്ട് നമ്മുടെ ജീവിതവും അങ്ങനെ കടന്നുപോവുകയാണല്ലോ. സൗഹൃദം തന്നെയാണ് കമ്മട്ടിപ്പാടം എന്ന സിനിമയും സാധ്യമാക്കിയത്. ജീവിതം അങ്ങനെ കടന്നുപോവുകയാണല്ലോ. അത് സര്‍ഗാത്മകപ്രവൃത്തിയിലൂടെയാകുമ്പോള്‍ കൂടുതല്‍ ആനന്ദം ഉണ്ടാകുന്നുണ്ട്

Q

രാജീവ് രവിക്ക് വ്യക്തിപരമായി അറിയാവുന്ന ഇടങ്ങളില്‍/ അനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ട സിനിമയാണ് കമ്മട്ടിപ്പാടം എന്ന് കേട്ടിരുന്നു, എങ്ങനെയായിരുന്നു ഈ സിനിമയുടെ പിറവി?

A

രണ്ട് മൂന്ന് വര്‍ഷം മുമ്പ് വയനാട്ടില്‍ ഞാനും രാജീവും കൂടി ഒരുമിച്ചിരുന്നപ്പോള്‍ നാട്ടില്‍ നടന്ന ചില സംഭവവികാസങ്ങള്‍ ഓര്‍മ്മ വന്നത് പങ്കുവച്ചു. എന്റെ നാട്ടില്‍ നടന്ന ചില കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ രാജീവും അദ്ദേഹത്തിന്റെ ഓര്‍മ്മയിലുള്ള ചില കാര്യങ്ങള്‍ പറഞ്ഞു. രാജീവിന്റെ അച്ഛനും അമ്മയും പറഞ്ഞ ചില സംഭവങ്ങള്‍ കൂടി അതിനൊപ്പം പറഞ്ഞു. എറണാകുളം നഗരമായി രൂപാന്തരപ്പെടുന്നതിന് മുമ്പ് പാടശേഖരങ്ങള്‍ ഉണ്ടായിരുന്നതും അത് പിന്നീട് ഇല്ലാതായതുമൊക്കെ സംസാരത്തില്‍ വന്നു. പാവപ്പെട്ടവരുടെ, അധ്വാനിക്കുന്നവരുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന ആകുലതയും ആ സംസാരത്തിനിടെ വന്നു. കൃഷിയോടൊക്കെയുള്ള കെടാത്ത ആസക്തിയില്‍ തന്നെയാകും ലാഭവും നഷ്ടവും നോക്കാതെ രാജീവ് രവി കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് വയനാട്ടില്‍ നെല്‍ക്കൃഷി നടത്തുന്നത്. അതൊക്കെ സംസാരിച്ചിരിക്കുമ്പോഴാണ് എറണാകുളത്തെ കാര്യം പറഞ്ഞത്. പാവപ്പെട്ടവരുടെ ജീവിതത്തില്‍ വികസനമൊക്കെ വരുമ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന ആശങ്കയിലും ആ ചര്‍ച്ചകളുടെ തുടര്‍ച്ചയിലുമാണ്‌ ഈ സിനിമ രൂപപ്പെടുന്നത്. രാജീവിന്റെ അച്ഛനിലൂടെ അദ്ദേഹം അറിഞ്ഞ കാര്യങ്ങളും അദ്ദേഹം പിന്നീട് മനസ്സിലാക്കിയെടുത്തവയുമൊക്കെ ഈ പറഞ്ഞവയില്‍ വന്നിരുന്നു.

രാജീവ് രവി എന്ന സംവിധായകന്റെ വളര്‍ച്ച അനുഭവപ്പെടുന്ന ചിത്രം തന്നെയായിരിക്കും കമ്മട്ടിപ്പാടം. അദ്ദേഹത്തിന്റെ പരിണാമഘട്ടം സൂചിപ്പിക്കുന്ന സിനിമ തന്നെയാണിത്. വെറുതെ മനുഷ്യനെ പതപ്പിച്ച് സുഖിപ്പിച്ചിരുത്തുന്ന സിനിമയല്ല കമ്മട്ടിപ്പാടം.
Q

വലിയൊരു സിനിമയുടെ സ്വഭാവം സബ്ജക്ടിനില്ലേ?

A

നാലഞ്ച് മണിക്കൂര്‍ ഉള്ള ബൃഹദ് ആഖ്യാനമായാണ് ആദ്യം പ്ലാന്‍ ചെയ്തിരിക്കുന്നത്. അത് ഇവിടെ പ്രായോഗികമല്ലല്ലോ. തിയറ്ററുകളിലേക്ക് വരുന്നവരും തിയറ്റര്‍ നടത്തിപ്പുകാരും സമയച്ചുരുക്കത്തിലുള്ള ഒരു സിനിമയാണ് ആഗ്രഹിക്കുന്നത്. കമ്മട്ടിപ്പാടം തിയറ്ററുകളില്‍ വരുന്നത് അങ്ങനെയാകും. പിന്നീട് ഒരാള്‍ക്ക് സമാധാനപരമായി സ്വസ്ഥമായി ഇരുന്ന് കാണാനാകുന്ന രീതിയില്‍ നാലരമണിക്കൂര്‍ വരുന്ന പതിപ്പും പ്രതീക്ഷിക്കാം. അക്കാര്യം രാജീവാണ് പറയേണ്ടത്. ഇതിഹാസ സ്വഭാവമുള്ള ഒരു രൂപഘടന കമ്മട്ടിപ്പാടത്തിനുണ്ട്. അതേ സമയം എല്ലാ തരം പ്രേക്ഷകര്‍ക്കും റിലേറ്റ് ചെയ്യാനാകുന്ന മാനുഷിക ബന്ധങ്ങളുമാണ് ഈ സിനിമയിലൂടെ പറയുന്നത്.

Q

പൂര്‍ണമായും വിനോദിപ്പിക്കുന്ന സിനിമകളോടല്ല വേദനകള്‍ പറയുന്ന സിനിമകളോടാണ് അടുപ്പമെന്ന് രാജീവ് രവി പറഞ്ഞിട്ടുണ്ട്. റിയലിസ്റ്റിക് സ്വഭാവത്തിലായിരുന്നു അദ്ദേഹത്തിന്റെ മുമ്പുള്ള രണ്ട് ചിത്രങ്ങളും. കമ്മട്ടിപ്പാടം എങ്ങനെയാണ്?

A

രാജീവ് രവി എന്ന സംവിധായകന്റെ വളര്‍ച്ച അനുഭവപ്പെടുന്ന ചിത്രം തന്നെയായിരിക്കും കമ്മട്ടിപ്പാടം. അദ്ദേഹത്തിന്റെ പരിണാമഘട്ടം സൂചിപ്പിക്കുന്ന സിനിമ തന്നെയാണിത്. വെറുതെ മനുഷ്യനെ പതപ്പിച്ച് സുഖിപ്പിച്ചിരുത്തുന്ന സിനിമയല്ല കമ്മട്ടിപ്പാടം. അത്തരമൊരു സമീപനം രാജീവില്‍ ഇല്ല. അങ്ങനെയല്ലാതെ ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയുമ്പോള്‍ അത് ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുമുണ്ട്. രാജീവും ആ പ്രേക്ഷകരിലൊരാളാണ്. രാജീവിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ റിയലിസ്റ്റിക്കായി സിനിമ സാധ്യമാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് മനസ്സിലാകും. ഞാന്‍ ഈ സിനിമയില്‍ ഒരു റോള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എഴുതിവച്ച ഒരു ഡയലോഗ് പറയുമ്പോള്‍ ഒരു ഡോസ് കൂടുതലാണ് കൂടുതല്‍ റിയലിസ്റ്റിക് ആവണമെന്നാണ് രാജീവ് ആവശ്യപ്പെട്ടത്. രാജീവ് എല്ലാവരില്‍ നിന്നും റിയലിസ്റ്റിക് പെര്‍ഫോമന്‍സാണ് ആവശ്യപ്പെടുന്നത്. ഡയലോഗും അങ്ങനെ ഇംപ്രവൈസേഷനിലൂടെ മാറും. മെലോഡ്രാമ എളുപ്പമാണ്. റിയലിസ്റ്റിക്കാവുകയാണ് പാട്. തിരക്കഥയാണെങ്കിലും അഭിനയമാണെങ്കിലും റിയലിസ്റ്റിക് ആയാല്‍ മതിയെന്ന നിര്‍ബന്ധമാണ് രാജീവിന്റേത്. അത് അല്‍പ്പം പ്രയാസമുള്ള കാര്യമാണ്. തന്റെ സിനിമ എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ കൃത്യതയുള്ള ആളാണ് രാജീവ്. ജനപ്രിയതയ്ക്ക് വേണ്ടി കുറേ ചേരുവകള്‍ വെറുതെ കുത്തിത്തിരുകാം എന്ന് കരുതുന്നില്ല അദ്ദേഹം. പക്ഷേ ആസ്വാദകര്‍ക്കെല്ലാം റിലേറ്റ് ചെയ്യാവുന്ന സിനിമയുമാണ് അദ്ദേഹം ഉണ്ടാക്കുന്നത്. ഈ സിനിമയിലും പാട്ടുകളുണ്ട്. ആ പാട്ടുകള്‍ സ്ഥിരം സിനിമാപാട്ടുകളല്ല. അവ ചിത്രീകരിച്ചിരിക്കുന്നതും വേറിട്ട രീതിയിലാണ്.

Q

ബദല്‍ സിനിമാ സ്വഭാവം കൂടിയുണ്ട് എന്നാണോ?

A

സ്ഥിരം ചേരുവകള്‍ മാത്രമേ ജനപ്രിയത സൃഷ്ടിക്കൂ എന്ന ചിന്ത തെറ്റാണ്. ആസ്വാദകരുടെ ഹൃദയത്തില്‍ തൊടുന്നതോ അല്ലെങ്കില്‍ അവര്‍ക്ക് റിലേറ്റ് ചെയ്യാനാകുന്നതുമായ എന്തും അവര്‍ സ്വീകരിക്കാം. പുതുമയുള്ളത് കൂടിയാണ് അവര്‍ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ഒരു വീട് കത്തിപ്പോകുന്നു, അവിടെ ഒരു വൃദ്ധ ഇരുന്ന് പൊട്ടിക്കരയുന്നു. ഇത് കാണിക്കാന്‍ പ്രത്യേകിച്ച് ഒരു ജനപ്രിയ ഫോര്‍മുല ചേര്‍ക്കേണ്ടതില്ല. ആ വൃദ്ധ അലമുറയിട്ട് കരയുകയും ഒരാള്‍ മാത്രം തീ മുഴുവന്‍ തല്ലിക്കെടുത്തി വിജിഗീഷുവാകുന്നതും കാണാനല്ല ആളുകളും ആഗ്രഹിക്കുന്നത്. പ്രേക്ഷകഭൂരിപക്ഷത്തെ ആകര്‍ഷിക്കാന്‍ ശേഷിയുളള ചിത്രം തന്നെയാണ് കമ്മട്ടിപ്പാടം എന്നാണ് വിശ്വസിക്കുന്നത്.

Q

സംവിധാനം ചെയ്ത ആദ്യ ചിത്രമായ ഇവന്‍ മേഘരൂപനില്‍ ഛായാഗ്രാഹകനായിരുന്നല്ലോ രാജീവ് രവി, തിരക്കഥാകൃത്തും സംവിധായകനുമായി കമ്മട്ടിപ്പാടം ചെയ്തപ്പോഴും നിങ്ങള്‍ക്കിടയില്‍ ഇതേ കെമിസ്ട്രി വര്‍ക്ക് ഔട്ട് ആകുന്നുണ്ടോ?

A

രാജീവ് രവി, മധു നീലകണ്ഠന്‍, ഗോപന്‍ ചിദംബരം, ബി അജിത്കുമാര്‍ അങ്ങനെ വലിയൊരു സംഘം തന്നെ സൗഹൃദവലയത്തിലുണ്ട്. പലരും പല മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സൗഹൃദത്തിലൂടെ തന്നെയാണ് പലതും സംഭവിക്കുന്നത്. ഇവന്‍ മേഘരൂപന്‍ ചെയ്യുമ്പോള്‍ എനിക്ക് സ്വസ്ഥനാകാന്‍ കഴിയുന്ന, നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാനാകുന്ന ഒരാളെയായിരുന്നു വേണ്ടിയിരുന്നത്. രാജീവ് എനിക്ക് അങ്ങനെയൊരു ആത്മബന്ധമുള്ള ആളാണ്. ആ സിനിമയില്‍ തന്നെ വിനോദ് ഇല്ലമ്പിള്ളിയും സഹകരിച്ചിട്ടുണ്ട്. അതെല്ലാം സൗഹൃദത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. സമ്പത്തും പ്രശസ്തിയുമൊന്നുമല്ല സ്‌നേഹതീവ്രത തന്നെയാണ് ഈ സൗഹൃദത്തെ സര്‍ഗാത്മകമാക്കുന്നത്. സിനിമ ചെയ്യാതിരിക്കുമ്പോഴും ആ ബന്ധം ഒരേ തീവ്രതയോടെ തുടരാനുമാകുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in