

ലഹരി മാഫിയക്കെതിരെ പോരാട്ടം നടത്തുന്ന കേരള സർക്കാർ ആഭ്യന്തര വകുപ്പിന്റെ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ക്യാമ്പയിന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് പിന്തുണയുമായി മലപ്പുറം എ.ആർ. നഗറിൽ അമ്മമാരുടെ പദയാത്ര. ലഹരിക്കെതിരെയുള്ള ശക്തമായ ജനകീയ മുന്നറിയിപ്പുമായി അമ്മമാർ അണിനിരന്ന 'അമ്മച്ചുവടുകൾ ലഹരിക്കെതിരെ' എന്ന പദയാത്ര സംഘടിപ്പിച്ചു.
സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വാർഡ് തല സമിതികൾ രൂപീകരിച്ച് ലഹരിക്കെതിരെ പ്രതിരോധം തീർക്കുന്ന പദ്ധതിയാണ് 'തൂഫാൻ തദ്ദേശം'. ലഹരിമുക്ത നാളേയ്ക്കായി നാടിന്റെ കാവലാളുകളാകാൻ അമ്മമാർ പ്രതിജ്ഞയെടുത്ത യാത്രയിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നൂറുകണക്കിന് സ്ത്രീകളും ജനപ്രതിനിധികളും പങ്കെടുത്തു.