

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് എന്ന ചരിത്രനേട്ടം സ്വന്തമാക്കി വയനാട്ടിലെ നൂൽപ്പുഴ. ആകെ 5,423 കിലോഗ്രാം ഇ-മാലിന്യം ശാസ്ത്രീയമായി ശേഖരിച്ചാണ് പഞ്ചായത്ത് ഈ അപൂർവ്വ നേട്ടത്തിന് അർഹമായത്. കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദീഖ് ആവിഷ്കരിച്ച പദ്ധതിയായ 'ഭൂമി'യുടെ ഭാഗമായി രാജ്യത്തെ ആദ്യ ഇ-മാലിന്യമുക്ത ജില്ലയാകാൻ വയനാട് ഒരുങ്ങുകയാണ്. രണ്ട് ഘട്ടങ്ങളിലായാണ് പഞ്ചായത്തിൽ നിന്ന് ഇ-മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്തത് ഒന്നാം ഘട്ടത്തിൽ 3,395 കിലോഗ്രാമും രണ്ടാം ഘട്ടത്തിൽ 2,028 കിലോഗ്രാം മാലിന്യവും. പരിസ്ഥിതി സംരക്ഷണത്തിനും ശാസ്ത്രീയ മാലിന്യ സംസ്കരണത്തിനും മുൻഗണന നൽകിക്കൊണ്ട് നടപ്പിലാക്കിയ കൃത്യമായ പ്രവർത്തനങ്ങളാണ് നൂൽപ്പുഴയെ രാജ്യത്തിന് തന്നെ മാതൃകയാകുന്ന ഈ നേട്ടത്തിലേക്ക് നയിച്ചത്.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ഉപയോഗശൂന്യമായ മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, ചാർജറുകൾ തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയുന്നത് പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും വലിയ ഭീഷണിയാണ്. ഇതിന് പരിഹാരമായി ഇ-മാലിന്യത്തിന്റെ ശാസ്ത്രീയ ശേഖരണവും കൈമാറ്റവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്.
2026 ഒക്ടോബർ 15, 16 തീയതികളിലായിരുന്നു നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്നാംഘട്ട ഇ-മാലിന്യശേഖരണം. തുടർന്ന് ഒക്ടോബർ 25-ന് രണ്ടാംഘട്ട ശേഖരണവും സംഘടിപ്പിച്ചു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇ-മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമ്മസേനയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേതൃത്വം നൽകി. പൊതുജനങ്ങളുടെ സഹകരണവും പ്രവർത്തനങ്ങൾക്ക് കരുത്തായി. തുടർ ഇ-മാലിന്യശേഖരണം, പൊതുജന ബോധവൽക്കരണം, ജനപങ്കാളിത്തം ഉറപ്പാക്കൽ, ശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കൽ എന്നിവയ്ക്കായി തുടർപ്രവർത്തനങ്ങളും ഏകോപിപ്പിക്കും.
ഇ-മാലിന്യത്തിന്റെ അശാസ്ത്രീയ സംസ്കരണം തടയുകയും ശാസ്ത്രീയമായ കൈമാറ്റം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതി സൗഹൃദമായ നാട് സൃഷ്ടിക്കുകയാണ് ലക്ഷ്യം. നൂൽപ്പുഴയുടെ ഈ പ്രവർത്തനങ്ങൾ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയാകുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സമ്പൂർണ്ണ ഇ-മാലിന്യ വയനാട് ജില്ല പദ്ധതിയുടെ ഭാഗമായ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
നൂൽപ്പുഴ പഞ്ചായത്തിന് സമ്പൂർണ്ണ ഇ- മാലിന്യ മുക്തമാക്കുന്നതിന്റെ പ്രഖ്യാപനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ നിർവഹിച്ചു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ അധ്യക്ഷയായി. ജോയിന്റ് ഡയറക്ടർ പി.സി. മജീദ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീജ സതീഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി കൈനിക്കൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ അനൂപ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീറ ഇസ്മായിൽ, ജില്ലാ പ്ലാനിങ് ഓഫീസർ കലാമുദ്ദീൻ, ശുചിത്വമിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ സജീഷ് കുമാർ, പ്രോഗ്രാം ഓഫീസർ കെ.അനൂപ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സി.ആർ നിതീഷ് എന്നിവർ സംസാരിച്ചു.