ദുബായ്  അല്‍ ജലീല ആശുപത്രിയില്‍ കുട്ടികള്‍ക്കായി വീല്‍സ് ഓഫ് ഹാപ്പിനെസ്

ദുബായ് അല്‍ ജലീല ആശുപത്രിയില്‍ കുട്ടികള്‍ക്കായി വീല്‍സ് ഓഫ് ഹാപ്പിനെസ്

Published on

ദുബായില്‍ കുട്ടികള്‍ക്കായുളള അല്‍ ജലീല ആശുപത്രിയില്‍ വീല്‍സ് ഓഫ് ഹാപ്പിനെസ് പരിപാടി സംഘടിപ്പിച്ച് യൂണിയന്‍ കോപ്. രോഗികളായി ആശുപത്രിയിലെത്തുന്ന കുട്ടികളെ സന്തോഷിപ്പിക്കാനും അവരുടെ ചികിത്സാ കാലയളവില്‍ പിന്തുണ നല്‍കാനും അവബോധം വളര്‍ത്താനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ചികിത്സയ്ക്കിടെ കുട്ടികള്‍ക്ക് യൂണിയന്‍ കോപ് സമ്മാനങ്ങള്‍ വിതരണം ചെയ്‍തു. രക്ഷിതാക്കളുടെയും നിയോനെറ്റല്‍ ഇന്‍റന്‍സീവ് കെയറിലെ (എന്‍ഐസിയു) രോഗികളുടെയും സഹകരണത്തോടെയായിരുന്നു, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്‍റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.

ആശുപത്രിയിലെ രോഗികള്‍ക്കും ഒരു വയസ് മുതല്‍ പത്ത് വയസ്‍ വരെ പ്രായമുള്ള ആശുപത്രി സന്ദര്‍ശകര്‍ക്കും പരിപാടിയുടെ ഭാഗമായി നിരവധി സമ്മാനങ്ങള്‍ വിതരണം ചെയ്‍തു. മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികള്‍ക്കായുള്ള അന്താരാഷ്‍ട്ര ദിനം ആചരിക്കുന്നതിനൊപ്പം കുട്ടികളുടെ വിവിധ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്ക്, പങ്കെടുത്ത രക്ഷിതാക്കളില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്.

രോഗാവസ്ഥയിലുളള കുട്ടികളുടെ സന്തോഷം ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ചെക്കപ്പുകള്‍ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്കുള്ള അവരുടെ സന്ദര്‍ശനത്തിനിടെ അവരുടെ ഹൃദയത്തില്‍ ആനന്ദം നിറയ്ക്കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്ന് യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്‍റ് മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. ഒരു വണ്ടി നിറയെ സമ്മാനവുമായി എത്തുന്നതുകൊണ്ടാണ് വീല്‍സ് ഓഫ് ഹാപ്പിനെസ്' എന്ന പേര് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുത്തുന്നതിന്‍റെയും ആരോഗ്യ സ്ഥാപനങ്ങളുമായുള്ള ആശയ വിനിമയം ശക്തിപ്പെടുത്തുന്നതിന്‍റെയും ഭാഗമാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം പറഞ്ഞു. അര്‍ത്ഥപൂര്‍ണമായ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതില്‍ യൂണിയന്‍ കോപിനോട് നന്ദി പറയുന്നുവെന്നും ആശുപത്രിയിലെ കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാനും മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികള്‍ക്കായുള്ള പരിചരണത്തെക്കുറിച്ച് ബോധവല്‍ക്കരമം നല്‍കാനും ഇതിലൂടെ സാധിച്ചുവെന്നും അല്‍ ജലീല ചില്‍ഡ്രന്‍സ് സ്‍പെഷ്യാലിറ്റി ആശുപത്രിയെ പ്രതിനിധീകരിച്ച്, നിയോനറ്റല്‍ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റ് മേധാവി ഡോ. ശിവ ശങ്കര്‍ പറഞ്ഞു. യൂണിയന്‍കോപ് കമ്മ്യൂണിക്കേഷന്‍ സെക്ഷന്‍ മാനേജര്‍ ഹുദ സാലെം സൈഫ്, യൂണിയന്‍ കോപ് അല്‍ വര്‍ഖ സിറ്റി മാള്‍ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് അബ്ബാസ് എന്നിവരും ജീവനക്കാരും ഒപ്പം അല്‍ ജലീല ചിന്‍ഡ്രന്‍സ് സ്‍പെഷ്യാലിറ്റി ആശുപത്രി ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.

logo
The Cue
www.thecue.in