ചരിഞ്ഞ കുട്ടിയാനയ്ക്ക് ആനക്കൂട്ടത്തിന്റെ യാത്രയയപ്പ്,  ‘ശവസംസ്‌കാര യാത്ര’ ക്യാമറയിലാക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ 

ചരിഞ്ഞ കുട്ടിയാനയ്ക്ക് ആനക്കൂട്ടത്തിന്റെ യാത്രയയപ്പ്, ‘ശവസംസ്‌കാര യാത്ര’ ക്യാമറയിലാക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ 

ചരിഞ്ഞ കുട്ടിയാനയെ തുമ്പിക്കൈയില്ലെടുത്ത് അമ്മയാന, പിന്നാലെ നിര നിരയായി കുട്ടികളും വലിയവരുമെല്ലാം ഉള്‍പ്പെടുന്ന ആനക്കൂട്ടം. മനുഷ്യരുടേതിന് സമാനമായ നിലയില്‍ ഒരു 'ശവസംസ്‌കാര യാത്ര'യാണോ മുന്നില്‍ കാണുന്നതെന്ന് അതിശയിച്ച് ആള്‍ക്കൂട്ടം. മൃഗങ്ങള്‍ തങ്ങളുടെ സങ്കടം ഇങ്ങനെയൊക്കെ പ്രകടിപ്പിക്കുമോ എന്നാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കശ്വാന്‍ ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ച ഈ വീഡിയോ കണ്ട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

കാടിന് നടുവിലുള്ള റോഡിലേക്ക് തുമ്പിക്കൈയില്‍ ചലനമറ്റ കുട്ടിയാനയുമായി പിടിയാന നടന്നു വരുന്നു. റോഡിനപ്പുറം ജഡം നിലത്തിട്ട് കുറച്ച് മുമ്പിലേക്ക് മാറിനില്‍ക്കുന്നു. പിന്നാലെ അധികം പ്രായമില്ലാത്ത മറ്റൊരു ചെറിയ ആന അച്ചടക്കത്തോടെ നടന്നു വരുന്നു. തുമ്പിക്കൈകൊണ്ട് ചലനമറ്റ കുട്ടിയാനയുടെ ദേഹത്ത് തൊടുന്നു. തുമ്പിക്കൈ ഉയര്‍ത്തി പിന്നീട് മുന്നിലേക്ക് നീങ്ങി നില്‍ക്കുന്നു. ഇതോടെ വരിവരിയായി ആനക്കൂട്ടം റോഡിലേക്ക് ഇറങ്ങുകയായി.

അല്പനേരം ചുറ്റും കൂടി നിന്ന ശേഷം റോഡില്‍ നിന്ന് കാട്ടിലേക്ക് ആനക്കൂട്ടം നീങ്ങുകയായി. ഓരോരുത്തരായി റോഡില്‍ നിന്ന് ഇറങ്ങുമ്പോള്‍ കുട്ടിയാനയുടെ ജഡം തുമ്പിക്കൈയിലെടുത്ത ആദ്യമെത്തിയ ആനയും ഒപ്പം നീങ്ങുന്നു.

ഇത് നിങ്ങളെ തീര്‍ച്ചയായും സ്വാധീനിക്കും. കരയുന്ന ആനക്കൂട്ടത്തിന്റെ ശവസംസ്‌കാര യാത്ര. കുട്ടിയാനയെ യാത്രയാക്കാന്‍ കഴിയാതെ കുടുംബം എന്ന അടിക്കുറിപ്പോടെയാണ് പര്‍വീണ്‍ വീഡിയോ ഷെയര്‍ ചെയ്തത്.

പൗരാണിക കാലത്ത് ആനകള്‍ക്ക് ശ്മശാനം ഉണ്ടായിരുന്നുവെന്ന് വാദമുണ്ടെന്നും സ്‌ട്രെസി അടക്കം പലരും അതിനെ കുറച്ച് എഴുതിയിട്ടുണ്ടെന്നും ഈ ഐഎഫ്എസ് ഓഫീസര്‍ ട്വീറ്റ് ചെയ്തു. ഇതിനൊന്നും ആധികാരികതയുടെ പിന്‍ബലമില്ലെന്നും പര്‍വ്വീണ്‍ സൂചിപ്പിക്കുന്നുണ്ട്.

ആനക്കൂട്ടങ്ങളെ നയിക്കുക പിടിയാനയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൃഗങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോള്‍ പല രീതിയിലും ദുംഖം പ്രകടിപ്പിക്കുന്നത് മുമ്പും ചര്‍ച്ചയായിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in